തുരത്താനുള്ള ശ്രമം വിജയിച്ചില്ല; കാട്ടുകൊമ്പന്‍ പരപ്പ വനമേഖലയില്‍
ആഡൂര്‍: ആഡൂര്‍, പാണ്ടി ജനവാസ മേഖലകളില്‍ കാടിറങ്ങി കൃഷിനാശം വരുത്തിയ കാട്ടാനകളിലെ ഒരു കാട്ടുകൊമ്പനെ കാടുകയറ്റാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം വിജയിച്ചില്ല. ഒരാഴ്ച മുന്‍പ് പാണ്ടിയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ച കാട്ടാനകളിലൊന്നാണ് കാട് കയറാതെ വനാതിര്‍ത്തിയില്‍ നില്‍ക്കുന്നത്. പാണ്ടി വനമേഖലയില്‍നിന്നു വനം വകുപ്പ് തുരത്താന്‍ ശ്രമിച്ച ആനയിപ്പോള്‍ പരപ്പ വനമേഖലയിലേക്കു മാറിയിരിക്കുകയാണ്. പരപ്പ വനമേഖലയിലുള്ള കാട്ടാന ഇപ്പോള്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
13 ദിവസം മുന്‍പാണ് കുട്ടിയാനകള്‍ അടങ്ങുന്ന ഏഴ് ആനകള്‍ കര്‍ണാടക വനത്തില്‍നിന്ന് കേരള അതിര്‍ത്തി കടന്നു ജനവാസ കേന്ദ്രത്തിലെത്തി കൃഷിനാശം വരുത്തിയത്. ഇതില്‍ ആറ് ആനകളെ ദിവസങ്ങളെടുത്ത് ഉള്‍വനത്തിലേക്കു കടത്തിയെങ്കിലും ഒരാന പാണ്ടി പരിസരത്തെ വനത്തോടു ചേര്‍ന്ന് കാടുകയറാതെ നില്‍ക്കുകയായിരുന്നു. വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും പടക്കം പൊട്ടിച്ചും വലിയ ശബ്ദമുണ്ടാക്കിയും ഈ ആനയെ കാട്ടിലേക്കു തിരിച്ചയക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. പാണ്ടി വനമേഖലയില്‍നിന്നു നീങ്ങിയ കാട്ടാന ഇപ്പോള്‍ പരപ്പ വനാതിര്‍ത്തിയില്‍ നില്‍ക്കുകയാണ്. കാട്ടിലേക്കു തിരിച്ചയക്കാന്‍ പരപ്പ വനം വകുപ്പ് ജീവനക്കാര്‍ ശ്രമം നടത്തുകയാണ്. ആന വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയേക്കുമെന്ന ഭീതിയില്‍ പാണ്ടിയില്‍ ക്യാംപ് ചെയ്ത് ആനയെ തുരത്താന്‍ നടത്തിയ ശ്രമം വിജയിക്കാഞ്ഞത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കര്‍ണാടക-കേരള അതിര്‍ത്തി ഗ്രാമമായ ആഡൂര്‍, പാണ്ടി പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടത്തോടെ കാടിറങ്ങി കൃഷിനാശമുണ്ടാക്കുന്നത് ഇടക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. ജനവാസകേന്ദ്രത്തിലെ കൃഷിയിടങ്ങളിലിറങ്ങി ആനക്കൂട്ടം വാഴതോട്ടം തകര്‍ത്ത് വാഴയുടെ കാമ്പും തെങ്ങുകള്‍ തകര്‍ത്ത് അതിന്റെ തലഭാഗവും തിന്നു മദിക്കുകയാണ്. വനം വകുപ്പ് അധികൃതരും നാട്ടുകാരും പിന്തിരിയുന്നതോടെ ആനകള്‍ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തുകയാണ്. പാണ്ടിയിലും പരിസരത്തുമായി മുന്നൂറോളം വാഴകളും ചെറിയ തെങ്ങുകളും ആനക്കൂട്ടം തകര്‍ത്തു. ഇതോടെ ജനവാസകേന്ദ്രത്തിലെ താമസക്കാര്‍ ഭീതിയിലായി. തുടര്‍ന്നു വനം വകുപ്പ് അധികൃതര്‍ പാണ്ടിയില്‍ ക്യാംപ് തുറന്ന് ആനകളെ തുരത്താന്‍ തുടങ്ങി. എന്നാല്‍ മറ്റാനകള്‍ കാട് കറിയിട്ടും ഒരു കൊമ്പന്‍ മാത്രം കാട് കയറാതെ ഭീതി പരത്തുകയായിരുന്നു. ആനകള്‍ കേരള അതിര്‍ത്തിക്കുള്ളിലെ കാട്ടിലേക്കു കയറിയാല്‍ മാത്രം പോര, ആവാസ കേന്ദ്രമായ കര്‍ണാടക വനത്തിലേക്ക് പോയാല്‍ മാത്രമേ പൂര്‍ണമായും ഭീതി ഒഴിയുകയുള്ളൂ. എന്നാല്‍ ഒരാന മാത്രം കാടു കയറാതെ നില്‍ക്കുന്നത് പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ഓണാവധി പോലും എടുക്കാതെയാണ് ആനക്കൂട്ടത്തെ കാടു കയറ്റാന്‍ ശ്രമം തുടരുന്നത്.
ഭക്ഷണത്തിനു മാത്രമായാണ് കാട്ടാനകള്‍ കാടിറങ്ങുന്നത്. കര്‍ണാടക ഉള്‍വനത്തില്‍ ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലടക്കമുള്ളവ പ്രശ്‌നമായതോടെയാണ് കര്‍ണാടക വനത്തില്‍ നിന്ന് ആനകള്‍ കേരള വനം കടന്ന് ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.
വേനല്‍ക്കാലത്ത് വെള്ളം തേടിയെത്തുന്ന ആനകള്‍ ഈ മേഖലയില്‍ സര്‍വനാശം വിതക്കാറുണ്ട്. എന്നാല്‍ മഴക്കാലത്ത് പൊതുവില്‍ ഇവയുടെ ശല്യം ഉണ്ടാകാറില്ല. ആനകള്‍ക്ക് ഏറെ ഇഷ്ടമുള്ള വാഴക്കാമ്പ് തേടിയാണ് ഇവ നാടിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."