മഴക്കെടുതി; പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യണം
കണ്ണൂര്‍: മഴക്കെടുതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായ തദ്ദേശ സ്ഥാപനങ്ങള്‍ അവയില്‍ അടിയന്തര പ്രാധാന്യമുള്ളവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വാര്‍ഷിക പദ്ധതികള്‍ ഭേദഗതി ചെയ്യണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശം നല്‍കി. റോഡുകള്‍, കലുങ്കുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന കേസുകളില്‍ അടിയന്തര പ്രാധാന്യത്തോടെ പുനസ്ഥാപിക്കേണ്ടവ ഉള്‍പ്പെടുത്തിയാണ് പദ്ധതി ഭേദഗതി ചെയ്യേണ്ടത്. പഞ്ചായത്തുകള്‍ക്ക് സ്വന്തമായി നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളാണെങ്കില്‍ അവ സംയുക്ത പദ്ധതിയാക്കി മാറ്റുന്നതിനുള്ള സംവിധാനമുണ്ടാക്കണം. അത്തരം കേസുകളില്‍ പഞ്ചായത്തുകള്‍ നിശ്ചിത വിഹിതം വകയിരുത്തുന്നതോടൊപ്പം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണം തേടണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
സെപ്റ്റംബര്‍ 15നു മുമ്പായി പദ്ധതി ഭേദഗതികള്‍ ആസൂത്രണ സമിതി മുമ്പാകെ സമര്‍പ്പിക്കണം. മഴക്കെടുതി നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്കാവശ്യമായ തുക, നിലവിലെ വാര്‍ഷിക പദ്ധതികളില്‍ നടപ്പാവാന്‍ സാധ്യതയില്ലായില്ലാത്തതും അടിയന്തര പ്രാധാന്യമില്ലാത്തതുമായ പദ്ധതികള്‍ ഒഴിവാക്കിക്കൊണ്ട് കണ്ടെത്തണം.
പൂര്‍ണമായും തകര്‍ന്ന റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ആവശ്യത്തിന് ഫണ്ടില്ലെങ്കില്‍ പ്രത്യേക സാഹചര്യത്തില്‍ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നു തുക ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീടിനും കൃഷിക്കും മറ്റും നാശനഷ്ടങ്ങളുണ്ടായവര്‍ക്കുള്ള നഷ്ടപരിഹാരവും ഉടന്‍ വിതരണം ചെയ്യണമെന്നും കെ.വി സുമേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."