അന്തിയൂര്‍ക്കോണത്ത് ബസുകള്‍ കൂട്ടിയിടിച്ചു: മുപ്പതിലധികം പേര്‍ക്ക് പരുക്ക്
കാട്ടാക്കട: അന്തിയൂര്‍ക്കോണത്ത് ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ 10.30ന് അന്തിയൂര്‍ക്കോണം പാലത്തിന് സമീപമാണ് അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് എതിര്‍ ദിശയില്‍ നിന്ന് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതരപരുക്കേറ്റു.
അപകടത്തില്‍ പരുക്കേറ്റ സ്ത്രീകളെയും പുരുഷന്മാരേയും മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു കുട്ടികളെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ കൊമ്പാടിക്കള്‍ സ്വദേശി പ്രശാന്ത് (38), സ്വകാര്യ ബസിലെ ഡ്രൈവര്‍ പേയാട് സ്വദേശി ശ്രീകാന്ത് (30 ) എന്നിവര്‍ക്കാണ് ഗുരുതര പരുക്കുള്ളത്.
ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബസുകളില്‍ കാലുകള്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍മാരെ നാട്ടുകാരും പൊലിസും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.
കാട്ടാക്കട ഭാഗത്തേയ്ക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍ ഡ്രൈവറും ക്ലീനറും മാത്രമാണുണ്ടായിരുന്നത്. അന്തിയൂര്‍ക്കോണം പാലത്തിനു സമീപം വച്ച് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ പത്മകുമാര്‍ (54 ), യാത്രക്കാരായ പഞ്ചമി (22) ചെമ്പൂര്‍, അജിത (30) ചെമ്പൂര്‍, മോനിഷ (26) മൂങ്ങോട്, സൗമ്യ (30) പെരുമ്പഴുതൂര്‍, ലിനി (25) മീനച്ചല്‍, ഷീബ (30) കാട്ടാക്കട, റീന (38) കാട്ടാക്കട, നദിയ (13) കാട്ടാക്കട, ജൂന (32) ഊരൂട്ടമ്പലം, ജസ്റ്റിന്‍ രാജ് ( 52 ) വിളപ്പില്‍ശാല, അന്‍ഷു (22) കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിന്‍ (19) കാട്ടാക്കട, കോമളം (62) കുരുതന്‍കോട്, വിലാസിനി (65) വാഴിച്ചല്‍, മാധവന്‍ നായര്‍ (75) പൂവച്ചല്‍, തങ്കി(60) കോട്ടൂര്‍, ദിവ്യ കുഷ്ണന്‍ (23) പാറശാല, സുധാകരന്‍ (37) പെരുമ്പഴുതൂര്‍, സുകന്യ (30) വാഴിച്ചല്‍, തങ്കപ്പന്‍ (65) കോട്ടൂര്‍, ഉഷ (47) മംഗലക്കല്‍, രമണി (55) കോട്ടൂര്‍, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാര്‍ദ്ദനന്‍ (58) കുളത്തൂര്‍ എന്നിവരെയാണ് പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബസുകള്‍ തമ്മില്‍ ഇടിച്ചപ്പോള്‍ ബസിന്റെ സീറ്റുകള്‍ക്ക് മുന്‍വശം കമ്പിയിലും മറ്റും ഇടിച്ചാണ് കൂടുതല്‍പേര്‍ക്കും പരുക്കേറ്റത്. കാട്ടാക്കട, മലയിന്‍കീഴ് പൊലിസും, കാട്ടാക്കട അഗ്‌നിശമനസേനയും നാട്ടുകാരുടെ സഹകരണത്തോടെ രക്ഷ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. നാല് മണിക്കൂറോളം ഇരുഭാഗത്തെയും ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."