പിഴ അടക്കാത്ത ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യും
തിരുവനന്തപുരം: നിയമലംഘനം നടത്തുന്ന അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരേ നടപടി ശക്തമാക്കുന്നു.
പിഴ അടയ്ക്കാതെ ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.
പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തശേഷം അതതു സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഇതര സംസ്ഥാനങ്ങളില്‍ കോണ്‍ട്രാക്ട് ക്യാരേജായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് വാഹനങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃതമായി പാഴ്‌സല്‍ സര്‍വിസ് നടത്തിയതിനും അമിതവേഗത്തിനും ഇവര്‍ക്ക് നോട്ടിസ് നല്‍കാറുണ്ടെങ്കിലും പിഴ അടയ്ക്കാറില്ല.
കേരളത്തിലേക്ക് സര്‍വിസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളില്‍ ഭൂരിഭാഗവും അരുണാചല്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാരണത്താല്‍ നടപടിയെടുക്കുന്നതില്‍ വീഴ്ചവന്നിരുന്നു. പെര്‍മിറ്റ് നല്‍കിയ സംസ്ഥാനത്തിന് മാത്രമാണ് റദ്ദ് ചെയ്യാനുള്ള അവകാശം. ഇക്കാരണം കൊണ്ടാണ് പിഴ ചുമത്തിയിട്ടും ബസുകള്‍ അത് കൂട്ടാക്കാതെ നിയമലംഘനം തുടരുന്നത്.
നടപടി നേരിടേണ്ട ഘട്ടമെത്തിയാല്‍ രജിസ്‌ട്രേഷന്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റി നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഇതിനെയെല്ലാം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ബസുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തശേഷം രജിസ്‌ട്രേഷന്‍ നടത്തിയ സംസ്ഥാനത്തെ സര്‍ക്കാരിനെ രേഖാമൂലം വിവരമറിയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ആവശ്യപ്പെടുന്നതിനാല്‍ അരുണാചല്‍ പോലുള്ള സംസ്ഥാനങ്ങള്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."