ജയിലില്‍ കഴിയുമ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനില്ല
കോട്ടയം: ഒരു മാസത്തിലറെ ജയിലില്‍ കഴിയേണ്ടി വരുന്നവരെ തല്ക്കാലികമായി സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്തൃ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം.
ഒരു മാസത്തിലേറെ ജയിലില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരെയും ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്നവരെയുമാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കിയത്.
റിമാന്‍ഡ് കാലായളവിലെ പെന്ഷന് കുടിശിക അനുവദിക്കുന്നതു സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ ധനവകുപ്പിനോട് വ്യക്തത തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് തടവുകാര്‍ക്ക് പെന്ഷന് നല്‍കരുതെന്ന സര്‍ക്കുലര്‍ ഇറക്കിയത്.
സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാന്‍ഡില്‍ കഴിയുകയോ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിക്കുകയോ ചെയ്താല്‍ ആ കാലയളവിലെ പെന്ഷന് അര്‍ഹതയില്ല. ശിക്ഷിക്കപ്പെട്ടോ റിമാന്‍ഡ് തടവുകാരനായോ ജയിലില്‍ എത്തുന്ന ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ അതാത് തദ്ദേശ സ്ഥാപനങ്ങളെ എല്ലാ മാസവും അറിയിക്കാന്‍ ജയില്‍ വകുപ്പ് മേധാവിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ജയില്‍ വകുപ്പു നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തടവില്‍ കഴിയുന്ന ഗുണഭോക്താക്കളുടെ പേരുകള്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് പട്ടികയില്‍നിന്നു താല്‍ക്കാലികമായി ഒഴിവാക്കണം.
റിമാന്‍ഡ് തടവോ ശിക്ഷാ കാലാവധിയോ കഴിഞ്ഞ് ജയിലിനു പുറത്തിറങ്ങുന്ന സമയത്ത് ഗുണഭോക്താക്കളെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തി പെന്ഷന് പുനസ്ഥാപിക്കണമെന്നും ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."