മിലിട്ടറി കോളജില്‍ പഠനം തുടങ്ങാം; പ്രവേശനം ആണ്‍കുട്ടികള്‍ക്കുമാത്രം
ദെഹ്‌റാദൂണിലെ രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളജില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ഈ ഇന്റര്‍ സര്‍വിസസ് സ്ഥാപനത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം.
അപേക്ഷാ ഫോം ഉള്‍പ്പെടുന്ന പ്രോസ്പക്ടസ് മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ എന്നിവ www.rimc.gov.in വഴി നിശ്ചിത ഫീസ് അടച്ച് വാങ്ങാം.
അഭ്യര്‍ഥനാ കത്തും അപേക്ഷാ ഫീസിനത്തിലേക്കുള്ള ഡി.ഡി.യും സ്ഥാപനത്തിലേക്ക് അയച്ചും ഇവ വാങ്ങാം.
പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും അപേക്ഷാര്‍ഥിയുടെ സംസ്ഥാനത്തെ സര്‍ക്കാരിന്റെ പരീക്ഷാ സംഘാടക ഏജന്‍സിക്കാണ് അയക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ ആര്‍.ഐ.എം.സി.യിലേക്ക് അയക്കരുത്. അവസാന തിയതി 2020 നവംബര്‍ 15. കേരളത്തില്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാഭവന്‍ (ഓഫിസ് ഓഫ് ദി കമ്മിഷണര്‍ ഫോര്‍ ഗവണ്‍മന്റ് എക്‌സാമിനേഷന്‍സ്) ആണ് ഈ പരീക്ഷയുടെ മേല്‍നോട്ടം വഹിച്ചുവരുന്നത്.
പ്രായം നോക്കണേ...
പ്രായം 2021 ജൂലൈ ഒന്നിന് പതിനൊന്നരയില്‍ താഴെയായിരിക്കരുത്. 13 വയസ് എത്തിയിരിക്കരുത്. 2008 ജൂലൈ രണ്ടിനും 2010 ജനുവരി ഒന്നിനും ഇടയ്ക്ക് ജനിച്ചിരിക്കണം. 2021 ജൂലൈ ഒന്നിന് ആര്‍.ഐ.എം.സി. പ്രവേശനവേളയില്‍ എട്ടാംക്ലാസില്‍ പഠിക്കുകയോ എട്ടാംക്ലാസ് ജയിച്ചിരിക്കുകയോ വേണം.
എഴുത്ത്
പരീക്ഷയുണ്ടാകും
എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, മെഡിക്കല്‍ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ജനറല്‍ നോളജ് എന്നീ മൂന്ന് പേപ്പറുകള്‍ ഉണ്ടാകും.
പരീക്ഷയില്‍ യോഗ്യത നേടാന്‍ ഓരോ പേപ്പറിനും 50 ശതമാനം മാര്‍ക്ക് നേടണം. എഴുത്തു പരീക്ഷയില്‍ യോഗ്യത നേടുന്നവരെ അഭിമുഖംവൈവവോസിക്ക് വിളിക്കും. ഇന്റലിജന്‍സ്, പേഴ്‌സണാലിറ്റി, കമ്യൂണിക്കേഷന്‍ സ്‌കില്‍സ് എന്നിവ ഈ വേളയില്‍ വിലയിരുത്തപ്പെടും.
യോഗ്യത നേടാന്‍ 50 ശതമാനം മാര്‍ക്ക് വേണം. യോഗ്യത നേടുന്നവര്‍ക്ക് മിലിറ്ററി ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയുണ്ടാകും.
പരീക്ഷ, അഭിമുഖം തിയതികള്‍ പിന്നീട് പ്രഖ്യാപിക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ സംസ്ഥാന തലസ്ഥാനങ്ങളിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."