കണ്ണുള്ളവര്‍ കാണട്ടെ... കാഴ്ചയില്ലാത്തയാളുടെ നാടിനോടുള്ള കരുതലും സ്‌നേഹവും
മൂവാറ്റുപുഴ: അന്ധനായ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ ഒരുമാസത്തെ ശമ്പളതുക ഒന്നായി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഏല്‍പിച്ച് മാതൃകയായി. മൂവാറ്റുപുഴ ഇറിഗേഷന്‍ പ്രൊജക്ട് സെക്ഷന്‍ ഓഫിസിലെ ജീവനക്കാരനായ രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ആലുവ എടത്തല സ്വദേശി ടി.ആര്‍ ഗോപാലകൃഷ്ണനാണ് ഒരുമാസത്തെ ശമ്പളതുകയായ മുപ്പതിനായിരം രൂപ സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് ഏല്‍പിച്ചത്. വായിക്കുന്നതിനോ ഒന്നും നേരിട്ട് കാണുന്നതിനോ കഴിയാത്ത ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളും പ്രളയദുരന്തങ്ങളെകുറിച്ചുള്ള വിശദീകരണങ്ങളും ടെലിവിഷനിലൂടെ സ്ഥിരമായി കേള്‍ക്കുന്നയാളാണ്.
തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ നമുക്കൊരുമിക്കാം, കൈകോര്‍ക്കാം, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന സന്ദേശം ഗോപാലകൃഷ്ണന്റെ മനസില്‍ മുഖ്യമന്ത്രി യോടുള്ള ആദരവും ബഹുമാനവും വര്‍ധിപ്പിച്ചു. ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം 10തവണകളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന അഭ്യര്‍ഥന വന്നതോടെ ഗോപാലകൃഷ്ണന്‍ തീരുമാനമെടുത്തു. തവണകളല്ലാതെ ഒരുമാസത്തെ ശമ്പളതുക ഒന്നായി മുഖ്യമന്ത്രിയുടെ കൈയില്‍ നേരിട്ട് ഏല്‍പിക്കണമെന്ന് ഉറപ്പിച്ചു. ഈ വിവരം എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകരായ കെ.കെ പുഷ്പയേയും കെ.എം. മുനീറിനേയും അറിയിച്ചു. ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് യൂണിയന്‍ മൂവാററുപുഴ ഏരിയ നേതാക്കളായ കെ.കെ. പുഷ്പ, കെ.എം. മുനീര്‍, കെ.ജി .ആനന്ദന്‍, പി.എച്ച് സക്കീര്‍, കെ.എം. മക്കാര്‍, കെ.പി. സുരേഷ്ബാബു എന്നിവരോടൊപ്പം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി തുക ഏല്‍പിക്കുകയായിരുന്നു. രോഗിയായ അമ്മയും അന്ധയായ സഹോദരിയും ഭാര്യയുമടങ്ങുന്നതാണ് ഗോപാലകൃഷ്ണന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."