പെരിയ കൊലപാതകം: സി.പി.എം ഏരിയാ സെക്രട്ടറിയെ ചോദ്യം ചെയ്തു
കാസര്‍കോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം ഉദുമ ഏരിയാ സെക്രട്ടറിയെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.
ഉദുമ ഏരിയാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ കെ. മണികണ്ഠനെയാണ് പ്രത്യേക കൈംബ്രാഞ്ച് സംഘത്തലവന് ബി.എം പ്രദീപിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.
കല്യോട്ടെ ഇരട്ടക്കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഉദുമ ഏരിയാ സെക്രട്ടറിയ്ക്കെതിരായ പരാമര്‍ശം ഉണ്ടായിരുന്നു.
കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് ഒത്തുചേരാനും ഒളിവില്‍ കഴിയാനും മണികണ്ഠന് സഹായം ചെയ്തു കൊടുത്തുവെന്നായിരുന്നു പരാമര്‍ശം. ഇതുസംബന്ധിച്ച് വ്യക്തത വരുത്താനും തുടര്‍നടപടികളിലേക്ക് പോകാനുമായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം മണികണ്ഠനെ ചോദ്യം ചെയ്തത്. എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ മണികണ്ഠന് ചോദ്യം ചെയ്യലില്‍ നിഷേധിച്ചു.
കൊലപാതകക്കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും സാധ്യതയുണ്ട്. കേസില്‍ ആരോപണ വിധേയരായ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്, ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന് എന്നിവരില്‍നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. കേസില്‍ നിലവില്‍ എട്ട് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഒരു പ്രതി വിദേശത്തുള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."