വിദ്യാഭ്യാസ നയം ഹിന്ദുത്വം തന്നെ: ആശങ്ക ശരിവെച്ച് കേന്ദ്രം, പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കിയത് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാതെ
ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയംസംബന്ധിച്ച മതേതര, ജനാധിപത്യവിശ്വാസികളുടെ ആശങ്ക ശരിവച്ച് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസനയത്തിന്റെ കാതല്‍ ഹിന്ദുത്വം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമ്മതിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഭരണഘടനാ മൂല്യങ്ങളേക്കാള്‍ ഭാരതീയ പാരമ്പര്യ മൂല്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിഷാങ്ക് ആണ് അറിയിച്ചത്. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാ മൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചിന്തിക്കാനും ആവിഷ്‌കാരത്തിനും വിശ്വാസത്തിനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം, സ്ഥിതിയിലും അവസരത്തിലുമുള്ള സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പുതിയ വിദ്യാഭ്യാസ നയത്തില്‍ എന്തു നടപടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യം.
ജനാധിപത്യ-മതേതര-ഭരണഘടനാമൂല്യങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ പാരമ്പര്യത്തില്‍ വേരൂന്നിയ വിദ്യാഭ്യാസമാണ് വേണ്ടതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണത്തിന്റെ കാതല്‍. രാജ്യത്തെ സര്‍വകലാശാലകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ മതേതരജനാധിപത്യ മൂല്യങ്ങള്‍ പ്രചരിപ്പിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമോ എന്നതുള്‍പ്പെടെയുള്ള ഉപ ചോദ്യങ്ങള്‍ക്ക് കേന്ദ്രമന്ത്രി വ്യക്തമായ മറുപടി നല്‍കിയതുമില്ല. മൂന്ന ചോദ്യങ്ങളാണ് നല്‍കിയിരുന്നതെങ്കിലും ഒറ്റ മറുപടിയായാണ് ഇക്കാര്യങ്ങള്‍ മന്ത്രി സഭയെ അറിയിച്ചത്.
പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കിയത്. അഭിപ്രായങ്ങള്‍ക്ക് വിലനല്‍കാതെയും ആര്‍.എസ്.എസ് താല്‍പര്യം പൂര്‍ണമായും അംഗീകരിച്ചാണ് നയം രൂപീകരിച്ചിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും 480 ഓളം പേജുകള്‍ ഉണ്ടായിരുന്ന കരട് നയം പുറത്തിറങ്ങിയപ്പോള്‍ കേവലം 64 പേജായി ചുരുക്കി.
വിദേശ ഭാഷാ വിഭാഗത്തില്‍ അറബിയെയും ഇന്ത്യന്‍ ഭാഷയില്‍ നിന്ന് ഉറുദുവിനെയും ബോധപൂര്‍വം തഴഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലകളിലെ യു.ജി.സി, എ.ഐ.സി.ടി.ഇ എന്‍.എ.എ.സി പോലുള്ള മുഴുവന്‍ റെഗുലേറ്ററി സമിതികളെയും പിരിച്ചു വിട്ട് എല്ലാം ഒറ്റ കുടക്കീഴിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യവും വിദ്യഭ്യാസത്തിന്റെ സംഘപരിവാര്‍വത്കരണത്തിന് സഹായം നല്‍കുന്നതാണ്.
ലോകമെമ്പാടും വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നിടത്ത് വിദ്യാഭ്യാസത്തിന്റെ ഭാരതവത്കരണമാണ് പുതിയ നയം പറയുന്നത്. നാഷണല്‍ റിസേര്‍ച് ഫൗണ്ടേഷന്‍ രൂപീകരിക്കുക വഴി ഗവേഷങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണം കൊണ്ടു വരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."