ബോട്ടില്‍ കപ്പലിടിച്ച സംഭവം: പ്രതിരോധ മന്ത്രി നടപടിയെടുത്തില്ലെന്ന് മുന്‍ മന്ത്രി
മംഗളൂരു: മാല്‍പേ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയി കാണാതായ സുവര്‍ണ ത്രിഭുജ ബോട്ടുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കൈക്കൊണ്ടില്ലെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രമോദ് മധ്വരാജ്.
ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രി പത്തരയോടെ ഏഴു തൊഴിലാളികളുമായി കടലിലേക്ക് പോയ ബോട്ട് ഡിസംബര്‍ 19നും തിരിച്ചെത്താതായതോടെയാണ് ബോട്ടുടമയും തൊഴിലാളികളുടെ ബന്ധുക്കളും പരാതിയുമായി അധികൃതരെ സമീപിച്ചത്. ഇതേ തുടര്‍ന്ന്,കോസ്റ്റ് ഗാര്‍ഡും നേവിയും മാസങ്ങളോളം നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും ബോട്ട് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടയില്‍ ഡിസംബര്‍ 15ന് രാത്രി മഹാരാഷ്ട്രയിലെ സിന്ധുര്‍ഗ ജില്ലയിലെ മല്‍വാ പോര്‍ട്ട് ഭാഗത്തുവച്ച് കപ്പലിനടിയില്‍ എന്തോ ഇടിച്ചതായി ഐ.എന്‍.എസ് കൊച്ചി പടക്കപ്പലിലെ ഉദ്യോഗസ്ഥര്‍ മല്‍വാ തുറമുഖ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയിരുന്നു. അത് ഒരു ബോട്ടായിരിക്കാമെന്നും കപ്പലിന്റെ അടിഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയിരുന്നു.
എന്നാല്‍ മല്‍വാ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ മുഴുവന്‍ ബോട്ടുകളും സുരക്ഷിതമാണെന്ന് തുറമുഖ അധികൃതര്‍ ഡിസംബര്‍ 19ന് വിവരം നല്‍കുകയും ചെയ്തു. അതേസമയം, ഡിസംബര്‍ 23നാണ് സുവര്‍ണ ത്രിഭുജയെ കാണാതായതുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നത്.
എന്നാല്‍ കപ്പലില്‍ ഇടിച്ച വസ്തുവിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും കര്‍ണാടകയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടും അതിലെ ഏഴു തൊഴിലാളികളെയും കാണാതായിട്ടുണ്ടെന്നും കാണിച്ച് കേന്ദ്ര പ്രതിരോധ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ എല്ലാവിധ സാഹായങ്ങളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രമോദ് മധ്വരാജ് പറഞ്ഞു. അടിയന്തര സാഹചര്യം കാണിച്ചു മന്ത്രിക്കു നിവേദനം നല്‍കിയിരുന്നെങ്കിലും മന്ത്രി ഇക്കാര്യത്തില്‍ അലസത കാണിച്ചതാണ് സംഭവുമായി ബന്ധപ്പെട്ടുള്ള സത്യാവസ്ഥ പുറത്തുവരാന്‍ നാലര മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കള്‍ ഇപ്പോഴും തൊഴിലാളികള്‍ ജീവനോടെ വീട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണെന്നും ദുരന്ത വിവരം എല്ലാവരും അറിഞ്ഞിട്ടില്ലെന്നും പ്രമോദ് മധ്വരാജ് വ്യക്തമാക്കി. ബോട്ട് കാണാതായ ശേഷം പല തൊഴിലാളികളുടെയും കുടുംബാംഗങ്ങള്‍ ടി.വി.കാണാറില്ല.
ഇന്ത്യന്‍ നേവി ഓരോ തൊഴിലാളിയുടെ കുടുംബത്തിനും 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണം. ഇതിനു പുറമെ അപകട വിവരം മറച്ചു വച്ച പടക്കപ്പലിലെ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണം. സുപ്രിംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയെ കൊണ്ട് അപകടം സംബന്ധിച്ച അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016 ലാണ് 23.69 മീറ്റര്‍ നീളമുള്ള സുവര്‍ണ ത്രിഭുജ ബോട്ട് നിര്‍മിച്ചത്. 350 എച്.പി പവറുള്ള എന്‍ജിനാണ് ബോട്ടിനു ഘടിപ്പിച്ചിരുന്നത്.
2016 സെപ്റ്റംബര്‍ 19 നാണ് ബോട്ട് രജിസ്റ്റര്‍ ചെയ്തത്. മാല്‍പേയിലെ മഹാലക്ഷ്മി കോ ഓപറേറ്റിവ് ബാങ്കില്‍ നിന്നും 45 ലക്ഷം രൂപ ലോണ്‍ ഉണ്ടായിരുന്ന ബോട്ടിനു നിലവില്‍ 15.52 ലക്ഷം രൂപ ലോണ്‍ അടച്ചു തീര്‍ക്കാന്‍ ബാക്കിയുണ്ട്. 40 ലക്ഷം രൂപയ്ക്കാണ് ബോട്ട് ഇന്‍ഷുര്‍ ചെയ്തിരുന്നത്. ഉഡുപ്പിയിലെ രണ്ടു തൊഴിലാളികളും, ഉത്തര കന്നഡയിലെ അഞ്ചു തൊഴിലാളികളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."