അമ്മേ അരുത്
വിക്ടര്‍ ഹ്യൂഗോയുടെ തൂലികയില്‍നിന്ന് പിറവികൊണ്ട ശോകത്തിന്റെ നിറമുള്ള ഒരു ഫ്രഞ്ച് അമ്മയുടെ കഥയുണ്ട്. വിപ്ലവകാലത്തു പ്രാണരക്ഷയ്ക്കു വേണ്ടി അവര്‍ക്കു തന്റെ രണ്ടു മക്കളോടൊപ്പം വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നു. അവര്‍ വനാന്തരങ്ങളിലും തെരുവോരങ്ങളിലും അലഞ്ഞുതിരിഞ്ഞു. എവിടെയും അഭയം കിട്ടിയില്ല. മൂന്നുദിവസമായി ഭക്ഷണവുമില്ലായിരുന്നു. വഴിയരികില്‍ പട്ടാളക്കാരെ കണ്ടപ്പോള്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ അവര്‍ ഒളിച്ചു. ചെടിക്കുള്ളില്‍ ആരോ ഒളിച്ചിരിപ്പുണ്ടെന്നു പട്ടാളക്കാര്‍ക്കു മനസിലായി. ഒരുവന്‍ അവരെ പുറത്തേയ്ക്കു വലിച്ചു കൊണ്ടുവന്നു. അവരുടെ വാടിത്തളര്‍ന്ന മുഖം കണ്ടപ്പോള്‍ സൈനികത്തലവന് അലിവുതോന്നി. തന്റെ പക്കലുണ്ടായിരുന്ന അപ്പക്കഷ്ണം ക്യാപ്റ്റന്‍ അമ്മയുടെ നേരേ വച്ചുനീട്ടി. ആ അമ്മ ആ അപ്പക്കഷ്ണത്തിലേയ്ക്കു ചാടിവീണു. അതു വലിച്ചുമുറിച്ചു രണ്ടാക്കി ഇരുവശത്തുമുള്ള കുട്ടികള്‍ക്കു നല്‍കി.
അതു ശ്രദ്ധിച്ച സഹസൈനികന്‍ പറഞ്ഞു, ''കണ്ടില്ലേ, അവള്‍ക്കു വിശക്കാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്.''
ക്യാപ്റ്റന്‍ ആ സൈനികനെ തിരുത്തി, ''എനിക്കുറപ്പുണ്ട്. അവള്‍ക്കു വിശക്കാത്തതു കൊണ്ടല്ല അങ്ങനെ ചെയ്തതെന്ന്, അവള്‍ അമ്മയായതു കൊണ്ടാണ്.''
അമ്മ എന്നത് ത്യാഗത്തിന്റെയും വാത്സല്യത്തിന്റെയും ക്ഷമയുടെയും പര്യായമാണ്. മനുഷ്യബന്ധങ്ങളില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായത് അമ്മയ്ക്കു കുഞ്ഞിനോടുള്ള ബന്ധമാണ്. കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന നിമിഷം മുതലുള്ള അമ്മയുടെ ത്യാഗവും ശ്രദ്ധയും സ്‌നേഹവും കരുതലുമെല്ലാം അതുല്യമാണ്.
ഭൂമിദേവിക്ക് അമ്മയെന്ന വിശേഷണമാണുള്ളത്. നമ്മുടെ രാജ്യം ഭാരതമാതാവായിട്ടാണ് അറിയപ്പെടുന്നത്. ഓരോ ഭാഷയും മാതൃഭാഷയെന്ന നിലയിലാണു പറയപ്പെടാറുള്ളത്. 'മാതാ പിതാ ഗുരു ദൈവം എന്നു പറയുമ്പോള്‍' അക്കൂട്ടത്തില്‍ അമ്മയെയാണ് ആദ്യമെണ്ണുന്നത്.
അമ്മയുടെ കൈവിരലില്‍ തൂങ്ങിയാണ് ഓരോ കുഞ്ഞും വളരുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ കുട്ടികള്‍ നിലവിളിച്ച് ആദ്യം മാതാവിന്റെ അരികിലേയ്ക്കാണ് ഓടിയെത്താറുള്ളത്. ആകാശവും നക്ഷത്രവും സൂര്യനും ചന്ദ്രനും വൃക്ഷങ്ങളും പറവകളും അങ്ങനെയുള്ള എല്ലാതരം അറിവുകളും കുഞ്ഞുങ്ങള്‍ക്കു പകരുന്ന ആദ്യത്തെ അധ്യാപികയും മാതാവാണ്.
നിന്റെ മാതാവിന്റെ കാല്‍പാദത്തിനടിയിലാണു സ്വര്‍ഗം എന്ന പ്രവാചകവചനം മാതൃത്വമെന്ന മഹോന്നതിക്കുള്ള സാക്ഷ്യപത്രമാണ്.
ആണവേതര സ്‌ഫോടക വസ്തുവിനു 'ബോംബുകളുടെ അമ്മ' എന്നു നാമകരണം ചെയ്ത യു.എസ് സൈനികതീരുമാനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞവാരത്തില്‍ കടുത്ത ഭാഷയിലാണു വിമര്‍ശിച്ചത്. അമ്മ ജീവന്‍ നല്‍കുന്നു. എന്നാല്‍ ബോംബ് ജീവനെടുക്കുകയാണു ചെയ്യുന്നത്.
ജീവന്‍ കവരുന്ന ബോംബിന് ജീവന്‍ സമ്മാനിക്കുന്ന അമ്മയെന്ന വിശേഷണം നല്‍കിയതില്‍ ലജ്ജിക്കുന്നുവെന്നു മാര്‍പാപ്പ അഭിപ്രായപ്പെടുമ്പോള്‍ സാക്ഷരകേരളത്തിലെ ചേര്‍ത്തലയില്‍ ഒന്നേകാല്‍വയസുകാരി ആദിഷയെ മൂക്കും വായും പൊത്തിപ്പിടിച്ച് ഒരമ്മ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
രണ്ടാഴ്ച മുന്‍പായിരുന്നു തൊടുപുഴയില്‍ ഏഴു വയസുകാരനെ കൊല്ലാന്‍ അമ്മ കാമുകനു സഹായിയായി വര്‍ത്തിച്ചത്. അതിനു തൊട്ടുമുന്‍പായിരുന്നു എറണാകുളത്തെ ഏലൂരില്‍ മുന്നുവയസുകാരനെ അമ്മ കൊന്നത്. ഒരു മാസത്തിനിടയില്‍ സംസ്ഥാനത്തു മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ നാടാകെ വിറങ്ങലിച്ചു നില്‍ക്കുകയാണ്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 400 കുഞ്ഞുങ്ങളാണ് ഇവ്വിധം കേരളത്തില്‍ കൊല ചെയ്യപ്പെട്ടത്. പ്രതികളില്‍ മിക്കതും മാതാപിതാക്കള്‍. അവരില്‍ പലരുമിന്നു കാരാഗൃഹത്തിലാണ്. 40 വയസിനു താഴെയുള്ള 20 ശതമാനം പേര്‍ കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമില്ലാതെ മനസു നീറി കഴിയുമ്പോഴാണ് താരാട്ടു പാടേണ്ട മാതാപിതാക്കളും ഉറ്റവരും കുട്ടികളെ ക്രൂരമായി തല്ലിക്കൊല്ലുന്നത്.
നൊന്തുപെറ്റ കുട്ടികളുടെ ആരാച്ചാര്‍മാരായി നമ്മുടെ നാട്ടിലെ അമ്മമാര്‍ മാറുന്ന സമയം ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ദാനം നല്‍കിയ അമ്മയെക്കുറിച്ച് ഇംഗ്ലണ്ടില്‍നിന്നുള്ള വാര്‍ത്ത ഈയിടെ വായിക്കാനിടയായി. ഡാനിയെല യാനോഫ്‌സ്‌കി ഗര്‍ഭിണിയായ സമയം കാന്‍സര്‍ രോഗം പിടിപ്പെട്ടു. ആ സ്ത്രീയുടെ മുന്നില്‍ രണ്ടു വഴികളാണുണ്ടായിരുന്നത്. ഒന്നുകില്‍, ഗര്‍ഭമലസിപ്പിച്ചു ചികിത്സയാരംഭിച്ചു സ്വന്തം ജീവന്‍ നിലനിര്‍ത്തണം. അല്ലങ്കില്‍, കുഞ്ഞിന്റെ ജീവന്‍രക്ഷിക്കാന്‍ ചികിത്സയ്ക്കു വിധേയയാകാതെ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തണം. അധികപേര്‍ക്കും ആലോചിക്കാന്‍ പോലും തോന്നാത്ത രണ്ടാമത്തെ മാര്‍ഗമാണ് ആ മാതാവ് തിരഞ്ഞെടുത്തത്.
വടക്കന്‍ അയര്‍ലന്‍ഡില്‍ മറ്റൊരു അമ്മ നടത്തിയ ത്യാഗവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്വന്തം ശരീരം അപകടത്തിലാകുമെന്നറിഞ്ഞിട്ടും നാലുവയസുകാരനായ കുഞ്ഞിനെ രക്ഷിക്കാന്‍ തന്റെ വൃക്കയും കരളും ദാനം ചെയ്തു സാറാ ലാമോണ്ട് എന്ന ആ മാതാവ്.
അപകടത്തില്‍പ്പെട്ടു കൈയും കാലും മുറിയുകയും തലയ്ക്കു കാര്യമായി പരുക്കേല്‍ക്കുകയും ചെയ്ത സമയത്തുപോലും വേദന കടിച്ചിറക്കി ഏഴു മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്ന തായ്‌ലന്‍ഡുകാരിയായ അമ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ചേരയുടെ വായിലകപ്പെട്ട സ്വന്തം കുഞ്ഞിനെ രക്ഷിക്കുന്ന എലിയുടെ വിഡിയോയും ഓണ്‍ലൈനില്‍ തരംഗം സൃഷ്ടിച്ചതാണ്. പുല്‍ത്തകിടിയില്‍ വിശ്രമിക്കുകയായിരുന്നു അമ്മയെലിയും കുഞ്ഞെലിയും. തക്കംപാര്‍ത്തു വന്ന ചേര എലിക്കുഞ്ഞിനെ പിടികൂടി.
സാധാരണഗതിയില്‍ ജീവരക്ഷാര്‍ഥം അമ്മയെലി ഓടേണ്ടതാണ്. എന്നാല്‍, പതിവിനു വിപരീതമായി അമ്മയെലി ചേരയ്ക്കു പിന്നാലെ ഓടുകയും തലങ്ങും വിലങ്ങും ആക്രമിച്ചു കുഞ്ഞിനെ രക്ഷിക്കുകയുമാണു ചെയ്തത്. ചത്തുപോയ കുഞ്ഞിന് അരികിലിരുന്നു കണ്ണീര്‍പൊഴിക്കുന്ന കടല്‍സിംഹത്തിന്റെ മാതൃസ്‌നേഹവും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. സാന്‍ ഡിയാഗോ ബീച്ചിലായിരുന്നു ആ സംഭവം. കുഞ്ഞിന്റെ ജഡത്തിനു മുകളില്‍ കിടക്കുന്നതിനു മുമ്പ് ആ കടല്‍സിംഹം കുഞ്ഞിനെ മൂക്കിട്ടുരയ്ക്കുന്നതു കാണാം. കുഞ്ഞിനു ജീവന്റെ തുടിപ്പുണ്ടോ എന്നറിയാനുള്ള അവസാനശ്രമമായിരുന്നു അത്. കുഞ്ഞു ചത്തുവെന്നുറപ്പായതോടെ കരയുന്ന കടല്‍സിംഹത്തിന്റെ കാഴ്ച ഏതു കഠിനഹൃദയത്തെയും പിടിച്ചുലയ്ക്കും.
മാതൃത്വത്തിന്റെ മഹത്വമറിയുന്ന അമ്മമാര്‍ക്കു കുഞ്ഞിന്റെ വേര്‍പാട് താങ്ങാനാവില്ലെന്ന സത്യമാണ് ഈ സംഭവങ്ങളോരോന്നും നമ്മെ ബോധിപ്പിക്കുന്നത്.
രണ്ടു സ്ത്രീകള്‍ ഒരു കുഞ്ഞിന്റെ മാതൃത്വ അവകാശത്തര്‍ക്കവുമായി വന്നപ്പോള്‍ സോളമന്‍ രാജാവ് അവരിലെ യഥാര്‍ഥ മാതാവിനെ കണ്ടെത്തിയത് കുഞ്ഞിന്റെ ശരീരം നെടുകെ ഛേദിച്ചു രണ്ടുപേര്‍ക്കും കൊടുക്കാന്‍ ഉത്തരവിട്ടുകൊണ്ടായിരുന്നു. അതുകേട്ടപ്പോള്‍ ഒരു സ്ത്രീ വികാരരഹിതയായി ഉത്തരവു നടപ്പാക്കുന്നതു കാണാനായി നിന്നു. രണ്ടാമത്തെ സ്ത്രീ വാവിട്ടു കരഞ്ഞ് രാജാവിനോട് ഇങ്ങനെ അപേക്ഷിച്ചു, ''അല്ലയോ മഹാരാജാവേ, എനിക്കു കുഞ്ഞിനെ കിട്ടിയില്ലെങ്കിലും വേണ്ട, അവന്റെ ശരീരം രണ്ടായി മുറിക്കരുതേ...''
രാജാവു പറഞ്ഞു, ''ഇതാ ഇവളാണു ശരിയായ മാതാവ്. സ്വന്തം കുഞ്ഞിന്റെ ശരീരം പിളര്‍ക്കാന്‍ ഒരു മാതാവിന്റെയും മനസ് സമ്മതിക്കില്ല. കുഞ്ഞിന് ഒന്നു വേദനിക്കാന്‍ പോലും അവളുടെ മനസ് സമ്മതിക്കില്ല. കുഞ്ഞ് ഈ മാതാവിന് അവകാശപ്പെട്ടതാണ്.''
സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ചു മക്കള്‍ക്കു സ്‌നേഹത്തിന്റെ പാലാഴി തീര്‍ത്ത അത്തരം അമ്മമാരുടെ സ്ഥാനത്തു പാഷാണം വിളമ്പുന്ന ആധുനിക അമ്മമാരുടെ ചെയ്തികളെ സാമൂഹ്യരോഗമായി കാണേണ്ടതുണ്ട്. കാമുകനോടൊപ്പം ഒളിച്ചോടാന്‍ ചോരപ്പൈതലിനെ കുപ്പത്തൊട്ടിയില്‍ വലിച്ചെറിയാനും രണ്ടാനച്ചന്മാര്‍ക്കു മക്കളെ ഭോഗവസ്തുവാക്കാനും കാമവെറിയന്മാര്‍ക്കു മുന്നില്‍ കാഴ്ചവയ്ക്കാനും മടിയില്ലാത്തവരായി മാറിയിരിക്കുന്നു ഒരുകൂട്ടം അമ്മമാര്‍. ആഡംബരഭ്രമവും ലഹരി ഉപയോഗവും പണത്തോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയുമാണ് അമ്മ മനസുകളെ ഗ്രസിച്ച രോഗങ്ങള്‍.
കുട്ടികളുടെ ഭാഷ കരച്ചിലാണ്. സന്തോഷവും സങ്കടവുമെല്ലാം കരഞ്ഞുകൊണ്ടാണ് അവര്‍ പ്രകടിപ്പിക്കുന്നത്. ഓരോ വീട്ടിലും കുട്ടികളുടെ കരച്ചില്‍ ആവര്‍ത്തിച്ചാലും നിലച്ചാലുമുള്ള അപകടം തിരിച്ചറിയാന്‍ സാധ്യമാവണം. തൊട്ടിലാട്ടുന്ന കൈകൊണ്ടു വിഷചഷകവും കൊലക്കയറുമൊരുക്കുന്ന അമ്മമാരോട് അരുതെന്നു പറയാനും ഹീനകൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനും സോഷ്യല്‍ പാരന്റിങ് വഴി സമൂഹത്തിനു സാധ്യമാവണം.
( യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."