ഹജ്ജ് ടെര്‍മിനല്‍ അടച്ചു: ഓഗസ്റ്റ് നാലിനു തുറക്കും
ജിദ്ദ: ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് അവസാനിച്ചതോടെ ഹജ്ജ് ടെര്‍മിനല്‍ അടച്ചു. തുടര്‍ച്ചയായി ഒന്‍പതു മാസം ഉംറ തീര്‍ഥാടകര്‍ക്ക് വേണ്ടി സേവനങ്ങള്‍ നല്‍കിയതിനു ശേഷമാണ് ടെര്‍മിനല്‍ അടച്ചത്. ഉംറ തീര്‍ഥാടകരെ വഹിച്ചുള്ള അവസാന വിമാനം കഴിഞ്ഞ ദിവസം പാകിസ്താനിലേക്ക് പുറപ്പെട്ടു. ടെര്‍മിനലിലെ അറ്റകുറ്റപണികള്‍ എല്ലാം പൂര്‍ത്തിയാക്കി ഓഗസ്റ്റ് നാലിന് ഹജ്ജിന് വേണ്ടി വീണ്ടും തുറക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹജ്ജ് ടെര്‍മിനലില്‍ തീര്‍ഥാടകരുടെ സേവനത്തിനായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ 12,000 പേരെ നിയോഗിച്ചിട്ടുണ്ട്. മണിക്കൂറില്‍ 3,800 ഹജ്ജ് തീര്‍ഥാടകരെയും ഓരോ സമയത്ത് പത്തു വിമാനങ്ങളെയും സ്വീകരിക്കാനുള്ള സൗകര്യവും ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലുണ്ട്. വിവിധ ഭാഷകളിലുള്ള ഇലക്‌ട്രോണിക് സ്‌ക്രീനുകളും തീര്‍ഥാടകരുടെ സഹായത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്ന ഹജ്ജ് വിമാന കമ്പനികള്‍ക്ക് പതിനായിരത്തിനും ഒരു ലക്ഷം റിയാലിനുമിടയില്‍ പിഴ ചുമത്തുമെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ സീസണില്‍ ജിദ്ദ വിമാനത്താവള ഹജ്ജ് ഉംറ ടെര്‍മിനല്‍ വഴി 29 ലക്ഷം വിദേശ ഉംറ തീര്‍ഥാടകര്‍ മടങ്ങിയതായും അധികൃതര്‍ അറിയിച്ചു. വിദേശ തീര്‍ഥാടകര്‍ക്ക് 64 ലക്ഷത്തോളം വിസയാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുവദിച്ചിരുന്നത് ഇതില്‍ 62 ലക്ഷത്തിലേറെ പേര്‍ ഉംറ നിര്‍വഹിച്ചതായും മന്ത്രാലയം അറിയിച്ചു.
ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകുന്ന മുഴുവന്‍ ബസുകളിലും ജി.പി.എസ് സംവിധാനമുണ്ടാകുമെന്ന് ഹജ്ജ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഓഫിസ് മേധാവി കേണല്‍ മുഹമ്മദ് സിംബാവ അറിയിച്ചു. ഹജ്ജ് യാത്ര സുരക്ഷിതവും എളുപ്പവുമാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
നിരീക്ഷണത്തിനായി കണ്‍ട്രോള്‍ റൂമുണ്ടാകും. ഇതിലൂടെ ബസുകളുടെ പോക്കുവരവും അവ നില്‍ക്കുന്ന സ്ഥലവും നിര്‍ണയിക്കാനാകും. ഹജ്ജ് വേളയില്‍ സര്‍വിസ് നടത്താന്‍ പോകുന്ന കമ്പനികളുടെ എണ്ണം 23 ആക്കിയിട്ടുണ്ട്. ആകെ 16,040 പുതിയ ബസുകളും അടിയന്തര സേവനത്തിനായി 300 കാറുകളും സേവനത്തിനായി ഒരുക്കിയിട്ടുണ്ട്. ഇത്രയും വാഹനങ്ങളില്‍ 1,636000 തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യമൊരുക്കാനാകുമെന്നും മുഹമ്മദ് സിംബാവ അറിയിച്ചു.
അതിനിടെ രാജ്യത്തിനു വേണ്ടി ജീവന്‍ അര്‍പ്പിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഹജ്ജിന് സൗകര്യമൊരുക്കാന്‍ പ്രതിരോധ മന്ത്രി മുത്ഇബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."