മത്സ്യത്തൊഴിലാളികളെ ആദരിച്ചു
കരുനാഗപ്പള്ളി: തൊഴിലാളികളുടെ കരുത്തും അനുഭവസമ്പത്തും ഏത് ആധുനികതയെയും അതിജീവിക്കുമെന്നാണ് പ്രളയ ദുരിതാശ്വാസം പകര്‍ന്നു നല്‍കുന്ന പാഠമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ.
അവരെ പൊതു സമൂഹത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഭാവനാപൂര്‍ണമായ പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പരുക്കേറ്റ ഹിരണ്‍കുമാറിനും രത്‌നകുമാറിനുമുള്‍പ്പടെ സര്‍ക്കാര്‍ എല്ലാ സംരക്ഷണവും നല്‍കും.
കേടുപറ്റിയ യാനങ്ങളും യന്ത്രങ്ങളും ശരിയാക്കി നല്‍കും.കേരളത്തിന്റെ ചരിത്രം കണ്ടിട്ടില്ലാത്ത പുനരധിവാസ പദ്ധതിയാണ് ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. 1600 തൊഴിലാളികളെ കടലില്‍ നിന്നും രക്ഷപെടുത്തി.
സുനാമിയില്‍ മരിച്ച തൊഴിലാളിക്ക് 3 ലക്ഷം നല്‍കിയ സ്ഥാനത്ത് 20 ലക്ഷം രൂപയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. ഉപകരണങ്ങള്‍ നഷ്ടമായവര്‍ക്കായി അഞ്ചേമുക്കാല്‍ കോടി മാറ്റിവച്ചു. മത്സ്യ ബന്ധന യാനങ്ങള്‍ നഷ്ടമായ തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ക്കായി 9.88 കോടി നല്‍കി.
അനാഥരായ കുട്ടികള്‍ക്കായി 2037 വരെ നീണ്ടു നില്‍ക്കുന്ന 13.98 കോടിയുടെ വിദ്യാഭ്യാസ സംരക്ഷണ പദ്ധതി ഏറ്റെടുത്തു. തൊഴിലാളികളുടെ സുരക്ഷയ്ക്കായി തിരുവനന്തപുരം, കൊച്ചി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ച് കണ്‍ട്രോള്‍ റൂമുകളും ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സാറ്റലൈറ്റ് ഫോണുകളുമുള്‍പ്പടെ 155 കോടിയുടെ പദ്ധതിയും നടപ്പാക്കും.
മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങും. 60 തീരദേശ ഗ്രാമങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 750 യുവാക്കള്‍ക്ക് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നല്‍കി വരികയാണ്. ഇതേ മാതൃകയില്‍ പ്രളയ ദുരിതാശ്വാസ പാക്കേജും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുക തന്നെ ചെയ്യും.
ഇതിനിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മല്‍സ്യതൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാകുന്നതിലുണ്ടായ സ്വാഭാവിക കാലതാമസത്തെ മുതലാക്കി ജാതീയമായ ഭിന്നിപ്പുള്‍പ്പടെ നടത്താനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും ചിലര്‍ ശ്രമം നടത്തുന്നു. ഇതൊന്നും അംഗീകരിക്കുന്ന സര്‍ക്കാരല്ല ഇത്. തൊഴിലാളിയെയാണ് സര്‍ക്കാര്‍ മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, കവി കുരീപ്പുഴ ശ്രീകുമാര്‍, ചലച്ചിത്ര നടന്‍ വിനു മോഹന്‍, മത്സ്യ ഫെഡ് ഡയറക്ടര്‍ ജി. രാജദാസ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കെ.പി മുഹമ്മദ്, കമറുദ്ദീന്‍ മുസ്‌ലിയാര്‍, എം.എസ് താര, ബി.ഡി.ഒ ആര്‍ അജയകുമാര്‍, ഷെര്‍ളി ശ്രീകുമാര്‍, ഡി. ചിദംബരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."