മെഗാ ക്ലീനിങ്ങ് ഡ്രൈവിന് ജില്ലയില്‍ വന്‍ ജനപങ്കാളിത്തം
ഇടുക്കി: പ്രകൃതിക്ഷോഭത്തെതുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്നതിനുള്ള മെഗാ ക്ലീനിങ് ഡ്രൈവ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ നടന്നു.
ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം നടന്ന വണ്ടിപ്പെരിയാറില്‍ അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, ഇ.എസ്.ബിജിമോള്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, ആര്‍.ഡി.ഒ എം.പി വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ വികാസ് നഗര്‍ വൃത്തിയാക്കി. ജനപ്രതിനിധികളും പൊതുജനങ്ങളും അടങ്ങിയ നാലു സംഘങ്ങള്‍ വണ്ടിപ്പെരിയാറിലെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചു. വിവിധ ബ്ലോക്കുകള്‍, അതിനുകീഴില്‍ വരുന്ന പഞ്ചായത്തുകള്‍, വാര്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ ശുചീകരണ യജ്ഞം നടന്നത്. ഓരോ ബ്ലോക്കിലേക്കും ജില്ലാഭരണകൂടം നിയോഗിച്ച വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും തലവന്മാരുടെ ഏകോപനത്തിലാണ് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവൃത്തികള്‍ ആരംഭിക്കും മുമ്പ് എലിപ്പനി പ്രതിരോധ മരുന്ന് എല്ലാവര്‍ക്കും നല്‍കി. രാവിലെ എട്ടുമണിക്കാണ് എല്ലായിടത്തും ശുചീകരണം ആരംഭിച്ചത്.
തൊടുപുഴ
തൊടുപുഴ നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 63 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നെത്തിയ 850ഓളം ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും, വിവിധ സംഘടനകളെയും 20 ഗ്രൂപ്പായി തിരിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
നഗരസഭയുടെ കീഴിലുള്ള തൊടുപുഴ ജില്ല ആശുപത്രി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഗാന്ധി സ്‌ക്വയര്‍, സിവില്‍ സ്‌റ്റേഷന്‍, നഗരസഭ പാര്‍ക്ക് എന്നിവ ഉള്‍പ്പെടെ 20ഓളം പ്രദേശങ്ങളാണ് ജനപങ്കാളിത്തത്തോടെ ശുചീകരണം വിജയകരമായി പൂര്‍ത്തിയാക്കിയത്.ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ, ജില്ല കുടുംബശ്രീ മിഷന്‍ ഓഫീസര്‍ ടി ജി അജീഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രളയജലം നിറഞ്ഞൊഴുകിയ തൊടുപുഴയാറിന്റെ തീരവും പ്രദേശങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും മറ്റു ഖര മാലിന്യങ്ങളും ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച് അവ ചാക്കുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത്തരം മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുവാനുള്ള എല്ലാ നടപടികളും തൊടുപുഴ നഗരസഭാ ഉടന്‍ സ്വീകരിക്കും.
തൊടുപുഴ മുനിസിപ്പല്‍ ഏരിയയിലെ 63 ഓഫീസുകളില്‍ നിന്നായി 817 ജീവനക്കാരും എല്ലാ ജനപ്രതിനിധികളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ചെയര്‍പേഴ്‌സണ്‍ മിനി മധു, വൈസ് ചെയര്‍മാന്‍ അഡ്വ സി.കെ ജാഫര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ നേതൃത്വം നല്‍കി.
കട്ടപ്പ
കട്ടപ്പന ബ്ലോക്ക്പഞ്ചായത്തുതല ശുചീകരണ പരിപാടിയുടെ ഭാഗമായി വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ കാലവര്‍ഷത്തില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെ വളരെയധികം മാലിന്യമാണ് കരയ്ക്കടിഞ്ഞത്. വെളളം കയറിയിറങ്ങിയതോടെ മണ്ണില്‍ പുതഞ്ഞുകിടന്ന കുപ്പിച്ചില്ലും മററും സന്നദ്ധപ്രവര്‍ത്തകര്‍ ഏടുത്തുമാറ്റി. പ്ലാസ്റ്റിക്, ഗ്ലാസ്, ചെരുപ്പുപോലെയുളള അജൈവ മാലിന്യങ്ങള്‍ എന്നിവയെല്ലാം വേര്‍തിരിച്ച് ശേഖരിച്ചാണ് ശുചീകരണം നടത്തിയത്. വേര്‍തിരിച്ച് ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സൂക്ഷിക്കുകയും പിന്നീടിവ വൃത്തിയാക്കി സംസ്‌കരണപ്ലാന്റുകളിലേക്ക് നല്കുകയും ചെയ്യും. ശുചീകരണത്തിനിറങ്ങുന്നതിന് മുന്‍പായി പ്രവര്‍ത്തകര്‍ക്ക് എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിജി.കെ.ഫിലിപ്പിന്റെ നേതൃത്വത്തിലുളള ബ്ലോക്ക് പഞ്ചായത്തിന്റെ ടീം ചപ്പാത്ത് മേഖലയില്‍ ശുചീകരണം നടത്തി. കട്ടപ്പന ബ്ലോക്കിനു കീഴിലുളള എല്ലാപഞ്ചായത്തുകളിലും വിവിധ ടീമുകളായി തിരിഞ്ഞ് ഓരോ വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു.
അഞ്ചുരുളിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്, ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, ബിഡിഒ ഷാഫി പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം കാഞ്ചിയാര്‍ രാജന്‍, ജില്ലാ പ്ലാനിംഗ് ഓഫീസ് സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്‌പെക്ടര്‍ പി.കെ.കുര്യാക്കോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയിമോന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി കുട്ടികളും നാടും നഗരവും ശുചീകരണത്തിനായി കൈകോര്‍ത്തപ്പോള്‍ തങ്ങള്‍ക്കാവുന്ന സഹായം നല്‍കി നാടിനെ ശുചീകരിക്കുവാന്‍ കുട്ടികളും മടിച്ചില്ല. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ മറ്റു ഉദ്യോഗസ്ഥരോടൊപ്പം ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതാണ് ആരോണും ലെന്നുവും.
തൊടുപുഴ വിമല പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇരുവരും ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ അമ്മ ഉമയോടൊപ്പമാണ് ആശുപത്രി ശുചീകരണത്തിനെത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭിച്ച മാസ്‌കും കയ്യുറയും ധരിച്ച് ഇരുവരും എല്ലാ പ്രവര്‍ത്തനങ്ങളിലും ആശുപത്രി ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."