HOME
DETAILS
MAL
ഒപ്പ് തെളിഞ്ഞില്ലെന്ന് ജോലി നല്‍കാതെ പി.എസ്.സിയുടെ കൊടുംക്രൂരത
backup
September 18 2020 | 03:09 AM
കല്‍പ്പറ്റ: പി.എസ്.സിയുടെ മത്സരപരീക്ഷകളില്‍ നിരവധി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍ക്ക് ജോലി നല്‍കാതെ പക പോക്കി പി.എസ്.സി. ഒപ്പ് തെളിഞ്ഞില്ലെന്ന കാരണത്താല്‍ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് തന്നെ തഴഞ്ഞത് ചോദ്യം ചെയ്ത് ഒരു ഉദ്യോഗാര്‍ഥി പി.എസ്.സിക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ കൃത്യമായ മറുപടിയോ, പരിഹാര മാര്‍ഗങ്ങളോ ലഭിക്കാതായതോടെ മുഖ്യമന്ത്രിക്കും പരാതി നല്‍കി. മുഖ്യമന്ത്രി വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പി.എസ്.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിനും പി.എസ്.സി തയാറായില്ല. ഇതോടെ കോടതിയെ സമീപിക്കേണ്ടി വന്നു ഉദ്യോഗാര്‍ഥിക്ക്. കോടതി വിഷയത്തില്‍ ഇടപെട്ട് ഉദ്യോഗാര്‍ഥിക്ക് സാങ്കേതിക തകരാറിനാല്‍ വന്ന ന്യൂനതകള്‍ തിരുത്താന്‍ ഒരു മാസത്തിനുള്ളില്‍ നടപടി കൈകൊള്ളണമെന്ന് പി.എസ്.സിക്ക് നിര്‍ദേശവും നല്‍കി.
എന്നാല്‍ ഈ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച പി.എസ്.സി ഉദ്യോഗാര്‍ഥിയോട് പകപോക്കുന്ന സമീപനമാണ് പിന്നീട് സ്വീകരിച്ചത്. ഇതോടെ ഉറപ്പായും ജോലി ലഭിക്കുമായിരുന്ന എല്‍.എസ്.ജി.ഡി ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍, പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഗ്രേഡ് മൂന്ന് ഓവര്‍സിയര്‍, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഗ്രേഡ് രണ്ട് എന്‍ജിനീയറിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ നിന്നെല്ലാം ഈ ഉദ്യോഗാര്‍ഥിയെ പി.എസ്.സി പകപോക്കി ഒഴിവാക്കി.ഒപ്പ് തെളിഞ്ഞില്ലെന്ന കാരമണാണ് എല്ലായിടത്തും പി.എസ്.സി ന്യായീകരണമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ പി.എസ്.സിയുടെ നിര്‍ദേശങ്ങളില്‍ തന്നെ പറയുന്നുണ്ട് അപേക്ഷ നിരസിക്കാനുള്ള ഏഴ് കാരണങ്ങള്‍.
അതില്‍ ഒപ്പ് വരുന്നില്ല താനും. ഇക്കാര്യങ്ങള്‍ ചെയര്‍മാനടക്കമുള്ളവരോട് ചൂണ്ടിക്കാണിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആയിരത്തിലധികം അപേക്ഷകള്‍ ഉണ്ടെന്നും നിങ്ങള്‍ക്ക് മാത്രമായി ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
സാങ്കേതിക തകരാര്‍ എന്നത് പി.എസ്.സിയുടെ വീഴ്ചയാണെന്ന കാര്യം പകല്‍ പോലെ വ്യക്തമായിട്ടും അപേക്ഷ നിരസിക്കുന്ന കാരണങ്ങളില്‍ ഒപ്പുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യങ്ങളും ഇല്ലെന്നുമിരിക്കെയാണ് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ ആണിയടിക്കുന്ന തരത്തിലുള്ള ചെയര്‍മാന്റെ നിലപാട്. ഇനിയുള്ള പരീക്ഷകള്‍ എഴുതി ജോലി നേടാന്‍ ശ്രമിക്കൂ എന്ന ഉപദേശവും ചെയര്‍മാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. റാങ്ക് ലിസ്റ്റില്‍നിന്നു പുറത്താക്കിയതിനെതിരെ ഉദ്യോഗാര്‍ഥി നല്‍കിയ കേസില്‍ ഹാജരാകാതിരുന്ന പി.എസ്.സി ഇനിയും ഹാജരായില്ലെങ്കില്‍ വാദിക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവസാന നിമിഷം ഹാജരായത്. അന്നും കേസ് വലിച്ചുനീട്ടാനുള്ള ശ്രമങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായത്.
2019 ഡിസംബര്‍ 19നായിരുന്നു കേസില്‍ ഹാജരായില്ലെങ്കില്‍ വാദിക്ക് അനുകൂല വിധി പുറപ്പെടുവിക്കുമെന്ന് പി.എസ്.സിക്ക് കോടതി മുന്നറിയിപ്പ് നല്‍കിയത്.
ഇതോടെ ഡിസംബര്‍ അവസാന വാരത്തില്‍ അവര്‍ ഹാജരായി. തൊട്ടടുത്ത ആഴ്ച 2020 ജനുവരി അഞ്ചിന് ഫസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധിയും കഴിഞ്ഞു. ഉദ്യോഗാര്‍ഥിക്ക് ജോലി നല്‍കാതിരിക്കുകയെന്ന പി.എസ്.സിയുടെ ഗൂഢതന്ത്രമാണ് ഇതിന് പിന്നിലുണ്ടായിരുന്നതെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."