ഇന്ത്യന്‍ ഹാജിമാരുടെ രണ്ടാംഘട്ട മദീന സന്ദര്‍ശനത്തിന് തുടക്കമായി
ജിദ്ദ: ഇന്ത്യന്‍ ഹാജിമാരുടെ രണ്ടാംഘട്ട മദീന സന്ദര്‍ശനത്തിന് തുടക്കമായി. പകുതിയിലധികം തീര്‍ഥാടകര്‍ ഹജ്ജ് കര്‍മത്തിന് മുന്‍പ് തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ബാക്കിയുള്ള 61,400 ഇന്ത്യന്‍ ഹാജിമാരാണ് ഇനി സന്ദര്ശനത്തിനെത്തുക. രണ്ടാംഘട്ട മദീന സന്ദര്‍ശനം നടത്തുന്ന ഹാജിമാര്‍ മസ്ജിദുന്നബവിയിലെ നാല്പത് വഖ്ത്തിലെ നിര്‍ബന്ധിത പ്രാര്‍ഥനകളില്‍ പങ്കെടുത്ത ശേഷം ഈമാസം 12നാണ് നാട്ടിലേക്ക് മടങ്ങുക. ഔറംഗബാദ്, അഹമ്മദാബാദ്, ബംഗളൂരു, നാഗ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ആദ്യമെത്തിയത്. 820 മലയാളി ഹാജിമാര്‍ വൈകിട്ടോടെ മദീനയിലെത്തും.
മദീനയില്‍ നേരിട്ടെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ മദീന സന്ദര്‍ശന ശേഷമായിരുന്നു മക്കയിലെത്തുകയും ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നത്. ഇവര്‍ ജിദ്ദയില്‍ നിന്നും മടങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ട മദീന സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ നാട്ടില്‍ നിന്നും നേരിട്ട് ജിദ്ദ വിമാനത്താവളത്തില്‍ എത്തിയവരാണ്. മദീനയിലെത്തിയ ഹാജിമാരെ മദീന ഹജ്ജ് മിഷന്, ഇന്ത്യന്‍ ഹജ്ജ് മിഷന്, വിഖായ, കെ.എം.സി.സി, മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ശരീഫ് കാസര്‍കോട്, ഹംസ പെരിമ്പലം, ഗഫൂര്‍ പട്ടാമ്പി, മെഹബൂബ് കീഴ്പ്പറമ്പ്, മുസ്തഫ പെരിമ്പലം, നാസര്‍ തട്ടത്തില്‍, അഹമ്മദ് മുനമ്പലം തുടങ്ങിയവരാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."