സക്കാത്ത്, റമദാന്‍ കിറ്റ്, ഖുര്‍ആന്‍ എന്നൊക്കെ പറഞ്ഞ് വിശ്വാസികളുടെ മനസ് വേദനിപ്പിക്കരുത്: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സര്‍ക്കാരിനെ ഇകഴ്ത്താനായി ഖുര്‍ആനെ പോലും രാഷ്ട്രീയക്കളിയ്ക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് പരാമര്‍ശിച്ചുകൊണ്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തില്‍ പ്രതികരണവുമായി മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഖുര്‍ആന്റെ പേരില്‍ വിവാദമുണ്ടാക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'ഖുര്‍ആന്‍ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ് വേദനിപ്പിച്ചു. ഓരോ മതവിശ്വാസികളുടേയും വിശുദ്ധ ഗ്രന്ഥങ്ങള്‍ ഈ നാട്ടില്‍ നിര്‍ബാധം കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത് ഇന്നലെ അധികാരത്തില്‍ വന്ന കേരള സര്‍ക്കാര്‍ കൊടുത്ത സൗജന്യമല്ല.
ഇന്ത്യന്‍ ഭരണഘടന എല്ലാ മതവിഭാഗങ്ങള്‍ക്കും നല്‍കുന്ന സ്വാതന്ത്ര്യമാണത്. കേസില്‍നിന്ന് രക്ഷപ്പെടാനായി ഇക്കാര്യം വിവാദമാക്കുന്നതില്‍ കാര്യമില്ല. ഞങ്ങളുന്നയിക്കുന്ന ആരോപണം വേറെയാണ്. അതിനാണ് കൃത്യമായി മറുപടി നല്‍കേണ്ടത്. അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്തും റമദാന്‍ കിറ്റ്, ഖുര്‍ആന്‍ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ് വേദനിപ്പിക്കുകയല്ല വേണ്ടത്.'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബി.ജെ.പിയ്ക്ക് മുതലെടുക്കാന്‍ അവസരം കൊടുക്കുന്നത് ഇത് വിവാദമാക്കുന്നവരാണ്. ഇന്നത്തെ സാഹചര്യത്തില്‍ ബി.ജെ.പിയ്ക്ക് പല അജണ്ടയുമുണ്ട്. ഞങ്ങള്‍ക്കത് അറിയാം. ശ്രദ്ധിക്കേണ്ടത് വിവാദമുണ്ടാക്കി തടിയൂരാന്‍ ശ്രമിക്കുന്നവരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."