ഓട്ടിസബാധിതനായ മകന് അച്ഛന്റെ അക്ഷരസമ്മാനം
തിരുവനന്തപുരം: ഓട്ടിസബാധിതനായ മകന് അച്ഛന്റെ അക്ഷരസമ്മാനം. 'ജിമ്മി പഠിപ്പിച്ച പാഠങ്ങള്‍' എന്ന പുസ്തകം രചിച്ചാണ് ഡോ. ജോര്‍ജ് പടനിലം ഓട്ടിസബാധിതനായ തന്റെ മകന്‍ ജിമ്മിയുടെ ജീവിതം സമൂഹത്തിന് മുന്നില്‍ തുറന്നിടുന്നത്. ഓട്ടിസത്തിനു കീഴടങ്ങാതെ ആത്മവിശ്വാസത്തോടെ നേരിട്ട തന്റെ മകന്‍ പകര്‍ന്ന ജീവിത പാഠങ്ങളാണ് ജിമ്മി പഠിപ്പിച്ച പാഠങ്ങള്‍ എന്ന പുസ്തകത്തിലൂടെ ഡോ. ജോര്‍ജ് വിവരിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
സതീഷ് ചന്ദ്രബോസ്, സിബിച്ചന്‍ കണ്ണംകുളം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. എല്ലാ അര്‍ഥത്തിലും തങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ മാത്രമാണ് ജിമ്മിയിലൂടെ ലഭിച്ചിട്ടുള്ളതെന്നു പുസ്തകപ്രകാശനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജോര്‍ജ് പടനിലം പറഞ്ഞു.
ജിമ്മിക്കുവേണ്ടി തങ്ങള്‍ ജീവിതം ഉഴിഞ്ഞുവച്ചപ്പോള്‍ ജിമ്മി ഓട്ടിസത്തിന്റെ കുടുക്കിനുള്ളില്‍ നിന്നും സമൂഹത്തിലേക്ക് ഇറങ്ങി. ഭിന്നശേഷിയുള്ള ഒരു മകനോ മകളോ ഉണ്ടെങ്കില്‍ ചില മാതാപിതാക്കള്‍ക്ക് ദുഃഖമാണ്. എന്നാല്‍, ഉപാധികളില്ലാത്തതും നിഷ്‌ക്കളങ്കവുമായ സ്‌നേഹത്തിലൂടെയാണ് ജിമ്മി തങ്ങളുടെ ഹൃദയം കവര്‍ന്നത്. ജീവിതത്തില്‍ സംഭവിക്കുന്നതിനെല്ലാം ഗുണകരമായ ഒരു തലം ഉണ്ടെന്ന തോന്നലുണ്ടാക്കാന്‍ ജിമ്മിക്കുകഴിഞ്ഞുവെന്നും ജോര്‍ജ് പടനിലം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."