ജില്ലയില്‍ ഇന്നലെ എലിപ്പനി ബാധിച്ച് രണ്ടു മരണം
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 13 പേര്‍ക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. 25 സംശയാസ്പദ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സംശയാസ്പദമായ കേസുകളില്‍ ഇന്നലെ ഒരാള്‍ മരിച്ചു. വേങ്ങേരി സ്വദേശി സുമേഷിന്റെ മരണം എലിപ്പനി കാരണമാണെന്നാണു സംശയം. വില്ല്യാപ്പള്ളി സ്വദേശി വിജീഷും കാരമൂല സ്വദേശി സലിംഷായും മരണപ്പെട്ടത് എലിപ്പനി മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
അതേസമയം അതീവ ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. കോര്പറേഷന് കേന്ദ്രീകരിച്ച് കൂടുതല്‍ മെഡിക്കല്‍ ക്യാംപുകളും പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ വിതരണും നടത്തുന്നുണ്ട്.
ജില്ലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 85 രോഗികളെ കൂടി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കും. നിലവില്‍ 68 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഡി.എം.ഒ ഓഫിസില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
കോഴിക്കോട് ബീച്ച് ആശുപത്രി, വടകര, കൊയിലാണ്ടി, ഫറോക്ക് ആശുപത്രികളില്‍ എലിപ്പനി ചികിത്സക്കായി എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ കേന്ദ്രസര്‍ക്കാരിന്റെ കുടുംബക്ഷേമ വകുപ്പില്‍ നിന്ന് ജില്ലയിലേക്ക് നിയോഗിച്ചിരിക്കുന്ന 17 സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം 15 ദിവസത്തേക്കു ലഭ്യമാകും.
സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ വൈകിട്ട് അഞ്ചുവരെ ഒ.പി പ്രവര്‍ത്തിക്കും.
കൂടാതെ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച 14 കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്. 16 സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് കോര്പറേഷന് പരിധിയിലും പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡി.എം.ഒ വി. ജയശ്രീ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രന്, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സുനില്‍കുമാര്‍, കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്.എസ് ഗോപകുമാര്‍, കമ്മ്യൂണിറ്റി മെഡിസിന് മേധാവി തോമസ് ബീന, ഡോ. ലൈലാബി, ഡോ. ശ്രീനാഥ്, ഡി.പി.ഒ ഡോ. എ. നവീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."