ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിന് താല്‍ക്കാലിക പരിഹാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിലുണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന 60, 000 ത്തോളം ലൈസന്‍സുകളുടെ അച്ചടി പൂര്‍ത്തിയായി. ക്യു.ആര്‍ കോഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ലൈസന്‍സുകള്‍ സി ഡിറ്റിന്റെ സഹകരണത്തോടെ അതത് ആര്‍.ടി ഓഫിസുകളിലാണ് അച്ചടിച്ചത്. സ്വാഭാവിക നടപടിക്രമങ്ങള്‍ക്കു ശേഷം ഉടന്‍ വിതരണം തുടങ്ങും.
സംസ്ഥാനത്ത് അഞ്ചുമാസമായി ലൈസന്‍സ് വിതരണം സ്തംഭനാവസ്ഥയിലായിരുന്നു. രാജ്യത്ത് മോട്ടോര്‍ വാഹന വകുപ്പില്‍ ഏകീകൃത സോഫ്റ്റ്‌വെയറായ വാഹന്‍ സാരഥി നടപ്പാക്കിയതിനെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്.
ഏകീകൃത സംവിധാനം വന്നതോടെ ലൈസന്‍സുകള്‍ അതാത് ആര്‍.ടി ഓഫിസുകളില്‍ അച്ചടിക്കുന്ന പതിവിന് മാറ്റംവന്നു. പകരം ക്യു.ആര്‍ കോഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ലൈസന്‍സുകള്‍ തിരുവനന്തപുരത്തു നിന്ന് പ്രിന്റ് ചെയ്ത് തപാല്‍ മാര്‍ഗം അതാത് ആര്‍.ടി ഓഫിസുകളിലേക്ക് അയക്കാനായിരുന്നു പദ്ധതി. ഇതിനായി ടെണ്ടര്‍ വിളിച്ച് ഒരു ഏജന്‍സിയെ പ്രിന്റിങ് ഏല്‍പ്പിക്കാനും ധാരണയായിരുന്നു.
നടപടികള്‍ പുരോഗമിക്കുന്നതിനിടെ നേരത്തെ ലൈസന്‍സ് പ്രിന്റിങ്ങിനായി കരാറില്‍ പങ്കെടുത്ത് കിട്ടാതെ പോയ കമ്പനി ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തതാണ് ലൈസന്‍സ് വിതരണം സ്തംഭിപ്പിച്ചത്.
ഇതോടെ ഡ്രൈവിങ് ടെസ്റ്റ് പാസായിട്ടും ലൈസന്‍സ് ലഭിക്കാതെ പതിനായിരങ്ങളാണ് പ്രതിസന്ധിയിലായത്. തുടര്‍ന്ന് കോടതി ഇടപെട്ട് കെട്ടിക്കിടക്കുന്ന ലൈസന്‍സുകള്‍ വിതരണം ചെയ്യുന്നതിന് നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇപ്പോള്‍ താല്‍ക്കാലിക പരിഹാരമെന്ന നിലക്കാണ് അത്യാധുനിക സംവിധാനങ്ങളുള്ള ലൈസന്‍സുകള്‍ അതത് ആര്‍.ടി ഓഫിസുകളില്‍ അച്ചടിച്ചതെന്നും പുതിയ ടെണ്ടര്‍ വിളിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഏകീകൃത സംവിധാനത്തിലേക്ക് മാറുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."