മെലിഞ്ഞിട്ടും ഒഴിയാത്ത നേതൃസമൃദ്ധി
കുറച്ചുകാലമായി തൂവെള്ള ഖദറിട്ട കോണ്‍ഗ്രസ് സുഹൃത്തുക്കളെ ഇത്തിരി ഇടവേളയ്ക്കു ശേഷം കണ്ടാല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണോ എന്ന് ഇതെഴുതുന്നയാള്‍ ചോദിക്കാറുണ്ട്. അല്ലെന്നു പറഞ്ഞാല്‍ സെക്രട്ടറിയാണോ എന്ന് ചോദിക്കും. മിക്കയാളുകളും അതിലേതെങ്കിലുമൊന്നായിരിക്കും. ഇതൊന്നുമല്ലെങ്കില്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമെങ്കിലുമല്ലാത്ത ഒരു കോണ്‍ഗ്രസുകാരനോ കാരിയോ പോലും എന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കളിലില്ല.
അതങ്ങനെയാണ്. പാരമ്പര്യമഹിമ കോണ്‍ഗ്രസ് കൈവിടാറില്ല. രാജ്യം അടക്കിഭരിച്ച വലിയൊരു പാര്‍ട്ടിയായിരുന്ന കാലത്ത് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ ഒരുപാട് ചുമതലക്കാര്‍ വേണ്ടിയിരുന്നതുകൊണ്ടാണ് ഇത്രയേറെ നേതാക്കളെ നിയമിക്കുന്നത് എന്നായിരുന്നു ആദ്യകാലത്ത് കോണ്‍ഗ്രസുകാരുടെ വാദം. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടരുതെന്നാണല്ലോ പ്രമാണം. ഇപ്പോള്‍ പാര്‍ട്ടി ഒരുപാടു ശോഷിച്ചുപോയിട്ടുണ്ടെങ്കിലും കാര്യകര്‍ത്താക്കളുടെ എണ്ണം കുറഞ്ഞിട്ടില്ല. മാത്രവുമല്ല പാര്‍ട്ടി മെലിയുന്നതിനനുസരിച്ച് അവരുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുകയുമാണ്. ജംബോ ഭാരവാഹിക്കൂട്ടം എന്നൊക്കെയാണ് കുറച്ചുകാലമായി മാധ്യമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാരവാഹി സംഘത്തെ വിശേഷിപ്പിക്കുന്നത്.
ഏറ്റവുമൊടുവിലുള്ള കെ.പി.സി.സി പുനഃസംഘടിപ്പിക്കല്‍ കൂടി കഴിഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറിമാര്‍ മാത്രം 54 പേരുണ്ട്. സെക്രട്ടറിമാര്‍ 96. വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരുമൊക്കെ വേറെയും. ഇതിനൊക്കെ പുറമെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 175 പേര്‍. വലിയൊരു പൊതുയോഗം നടത്താന്‍ ഇവര്‍ തന്നെ മതി. കോഴിക്കോട്ടെ മുതലക്കുളത്താണ് നടത്തുന്നതെങ്കില്‍ മൈതാനി നിറഞ്ഞുകവിയാന്‍ ഇതു ധാരാളം. പാര്‍ട്ടി തന്നെ നിറഞ്ഞുകവിയുകയാണ് ഈ ഭാരവാഹി ബാഹുല്യത്തില്‍.
തസ്തികകള്‍ ഒരുപാടുണ്ടെങ്കിലും അതില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ശമ്പളം കൊടുക്കുന്ന കാര്യത്തില്‍ ഏറെ പിറകിലാണ് കോണ്‍ഗ്രസ്. ഇടതു പാര്‍ട്ടികളൊക്കെ നേതാക്കള്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ട്. ബി.ജെ.പിയിലും വലിയ തരക്കേടില്ലാത്ത തരത്തില്‍ അതുണ്ട്. കോണ്‍ഗ്രസില്‍ അങ്ങനെയൊക്കെയുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അതു നടക്കാറില്ലെന്നാണ് അറിവ്. ഓരോരുത്തരും അവരുടെ ആവശ്യത്തിനനുസരിച്ച് ഏതെങ്കിലുമൊക്കെ വഴികളിലൂടെ അതു കണ്ടെത്തുന്ന രീതിയാണവിടെ. അതില്‍ മിടുക്കുള്ള ചിലര്‍ പിടിച്ചുനില്‍ക്കും. മറ്റു ചിലര്‍ നിവൃത്തികേടുകൊണ്ട് വേറെ വഴികള്‍ തേടും. ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയധികം നിഷ്‌കാമകര്‍മികളുള്ള മറ്റൊരു പാര്‍ട്ടി ഭൂമിമലയാളത്തില്‍ കാണില്ല.
എന്നാല്‍ എല്ലാവരുമങ്ങനെ നിഷ്‌കാമകര്‍മികളായിരിക്കില്ല. ഒരു പാര്‍ട്ടി പദവിക്കപ്പുറം മറ്റൊന്നും കിട്ടാനില്ലെന്നുറപ്പായാല്‍ അവര്‍ മറുകണ്ടം ചാടും. കോണ്‍ഗ്രസിലെ ഒരു തീപ്പൊരി വനിതാ നേതാവ് തനിക്കും കുടുംബത്തിനും ജീവിക്കാന്‍ മാര്‍ഗമില്ല എന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നിട്ട് അധികം കാലമായിട്ടില്ല. കുറേക്കാലം സി.പി.എമ്മിലെ തീപ്പൊരിയായിരുന്ന മറ്റൊരു വനിത എന്തൊക്കെയോ കാരണങ്ങളാല്‍ കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് തനിക്ക് പഠനം തുടരാനും ജീവിക്കാനുമുള്ള വക കോണ്‍ഗ്രസില്‍ നിന്ന് കിട്ടുന്നില്ലെന്നു പറഞ്ഞ് പാര്‍ട്ടി വിട്ടു പോകുകയുമുണ്ടായി. ഇങ്ങനെയൊക്കെയുള്ള കാരണങ്ങളാല്‍ സി.പി.എമ്മിലേക്കും ബി.ജെ.പിയിലേക്കുമൊക്കെ ചേക്കേറിയ നേതാക്കള്‍ വേറെയുമുണ്ട്.
അതിലൊന്നും ആരെയും കുറ്റപ്പെടുത്താനാവില്ല. നാടു നന്നാക്കാനോ ആദര്‍ശപാതയില്‍ നികൊള്ളാനോ ഒന്നുമല്ല ആരും ഇന്നത്തെ കാലത്ത് രാഷ്ട്രീയത്തിലിറങ്ങുന്നത്. അങ്ങനെയൊക്കെ പറയുമെങ്കിലും അതൊരു തൊഴില്‍ തന്നെയാണ്. ഒരു തൊഴിലിടത്തെക്കാള്‍ മികച്ച വേതനവും പരിഗണനയും മറ്റൊരിടത്തു കിട്ടിയാല്‍ ഏതൊരു തൊഴിലാളിയും അങ്ങോട്ടു മാറും. അതു തൊഴിലാളികളുടെ അവകാശമാണ്. ജീവിച്ചുപോകാനാവശ്യമായ ശമ്പളം കിട്ടാന്‍ വേണ്ടി തീവ്രവിപ്ലവത്തിന്റെ കനല്‍പാതകള്‍ ഉപേക്ഷിച്ച് സി.പി.എമ്മില്‍ ചേക്കേറിയ നക്‌സലൈറ്റ് നേതാക്കള്‍ പോലുമുണ്ട് കേരളത്തില്‍. പിന്നല്ലേ കോണ്‍ഗ്രസുകാര്‍.
ഒരു പാര്‍ട്ടിയില്‍ നിന്ന് ഇത്തിരി പേരും പെരുമയുമൊക്കെ കിട്ടുന്നയാള്‍ക്ക് മറ്റൊരു പാര്‍ട്ടിയില്‍ മികച്ച ഡിമാന്റുണ്ടാകും. അതുകൊണ്ട് ഭാവിയില്‍ മികച്ച സാധ്യതകള്‍ തേടാനുള്ള അവസരം കൂടിയാണ് ഏതെങ്കിലുമൊക്കെ ഭാരവാഹി പദവികള്‍. അങ്ങനെ നോക്കുമ്പോള്‍ മികച്ചൊരു തൊഴില്‍ പരിശീലനശാല കൂടിയാണ് കോണ്‍ഗ്രസ്. കുറച്ചാളുകളെ പണി പഠിപ്പിച്ച് പുതിയ ഉയരങ്ങള്‍ തേടാന്‍ പ്രാപ്തരാക്കുന്നു എന്ന കാര്യത്തിലെങ്കിലും കോണ്‍ഗ്രസിന് അഭിമാനിക്കാം.
ആദര്‍ശത്തിലെ അടവും തന്ത്രവും
ആള്‍ബലത്തില്‍ ഏറെ പിന്നിലാണെങ്കിലും ആദര്‍ശത്തില്‍ എക്കാലത്തും മുന്നിലാണ് സി.പി.ഐ. ആദര്‍ശഭ്രംശം സ്വന്തം മുന്നണിയില്‍ നിന്ന് തന്നെയുണ്ടായാലും സി.പി.ഐ നേതാക്കള്‍ ഇടംവലം നോക്കാതെ വെട്ടിത്തുറന്നു പറയും, എടപെട്ടളയും.
കേരളം ഭരിക്കുന്ന മുന്നണിയില്‍ രണ്ടാം കക്ഷിയായിട്ടും സര്‍ക്കാരിന്റെ പല നടപടികള്‍ക്കുമെതിരേ സി.പി.ഐ അതിശക്തമായി ശബ്ദമുയര്‍ത്തിയത് ചരിത്രരേഖയാണ്. മാവോയിസ്റ്റുകള്‍ ദുരൂഹ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍, അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസ്, ഗെയില്‍ പൈപ്പ് ലൈന്‍, ലോ അക്കാദമി സമരം തുടങ്ങി നീണ്ടുകിടക്കുന്നതാണ് ആ വിയോജിപ്പുകളുടെ പട്ടിക. ഇതില്‍ പലതിലും വിയോജിപ്പ് വെറും വാക്കുകളില്‍ മാത്രം ഒതുങ്ങിയിട്ടില്ല. പൈപ്പ് ലൈന്‍, ലോ അക്കാദമി വിഷയങ്ങളില്‍ പ്രതിപക്ഷ കക്ഷികളെക്കാള്‍ തീവ്രമായി സി.പി.ഐക്കാര്‍ സമരരംഗത്തു തന്നെ ഉണ്ടായിരുന്നു. അതുപോലെ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ പ്രമുഖ സി.പി.ഐ നേതാവ് എത്തുക പോലുമുണ്ടായി.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടാകുമ്പോള്‍ പ്രതിപക്ഷം എന്തു പറയുന്നു എന്നന്വേഷിക്കുന്നതിനു മുമ്പ് നാട്ടുകാര്‍ സി.പി.ഐ നേതാക്കള്‍ക്ക് കാതോര്‍ക്കുന്ന അവസ്ഥ പോലും കേരളത്തിലുണ്ടായെങ്കില്‍ എത്രമാത്രമുണ്ടായിരിക്കും അവരുടെ വിപ്ലവവീര്യമെന്ന് വേറെ പറയേണ്ടതില്ലല്ലോ. നേരത്തെ പ്രതിപക്ഷത്തിരുന്ന കാലത്തും ടി.പി വധം പോലുള്ള പലതിലും മുന്നണിയിലെ വല്യേട്ടനെതിരേ സി.പി.ഐ നേതാക്കള്‍ നടത്തിയ രൂക്ഷ പ്രതികരണങ്ങളുടെ വാര്‍ത്തകള്‍ക്ക് 'ആഞ്ഞടിച്ച് സി.പി.ഐ' എന്ന തലക്കെട്ടു കൊടുത്ത് ന്യൂസ് ഡെസ്‌കുകളിലെ എഡിറ്റര്‍മാര്‍ക്ക് മടുപ്പുവന്ന കാലം പോലുമുണ്ടായിട്ടുണ്ട്. തരംകിട്ടിയാല്‍ വല്യേട്ടന് കണക്കിനിട്ട് കൊടുത്തിരുന്ന സി.കെ ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയുമൊക്കെ ശൈലി തന്നെ തുടര്‍ന്നുവരികയായിരുന്നു കാനം രാജേന്ദ്രനും സമീപകാലം വരെ.
പതിവുപോലെ തന്നെ സ്വര്‍ണക്കള്ളക്കടത്തു കേസ് പൊട്ടിപ്പുറപ്പെട്ടപ്പോഴും എം.എന്‍ സ്മാരക മന്ദിരത്തില്‍ നിന്ന് ശക്തമായൊരു ആഞ്ഞടിയാണ് പൊതുജനം പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. കേസ് കുറച്ചുകൂടി പുരോഗമിച്ച് കാര്യങ്ങള്‍ മന്ത്രി കെ.ടി ജലീലിനു നേരെ പോലും എത്തിയപ്പോള്‍ പലിശസഹിതം ഒരു ആഞ്ഞടിയുണ്ടാകുമെന്ന് ചില ശുദ്ധാത്മാക്കള്‍ കരുതി. അതുമുണ്ടായില്ല. സി.പി.ഐക്ക് എന്തുപറ്റിയെന്ന് പലരും നെറ്റിചുളിച്ചിട്ടും ഫലമുണ്ടായില്ല. എന്നുമാത്രമല്ല ഏറ്റവുമൊടുവില്‍ ജലീലിനെ സി.പി.ഐ പിന്തുണയ്ക്കുക കൂടി ചെയ്തതോടെ ഭരണമുന്നണിയിലെ തര്‍ക്കങ്ങള്‍ കണ്ടുരസിക്കാന്‍ കാത്തിരുന്നവര്‍ നിരാശരായി.
കാര്യം നിസ്സാരമാണ്. ആദര്‍ശം കാണിക്കുന്നതിനുമുണ്ട് ചില നേരവും കാലവുമൊക്കെ. രണ്ടു തെരഞ്ഞെടുപ്പുകള്‍ അടുത്തുവരികയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തൊട്ടുമുന്നിലുണ്ട്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നു. ഈ സമയത്ത് വല്യേട്ടനെ വെറുപ്പിക്കുന്നത് അത്ര നല്ലതല്ല. പാര്‍ട്ടിയുടെ കൈയില്‍ ആദര്‍ശം കണക്കിലധികമുണ്ടെങ്കിലും വോട്ട് കാര്യമായൊന്നുമില്ല. അതു കിട്ടണമെങ്കില്‍ വല്യേട്ടന്‍ തന്നെ കനിയണം.
പിന്നെ കമ്യൂണിസ്റ്റുകാര്‍ക്ക് ആദര്‍ശവും വിപ്ലവവീര്യവുമൊക്കെ ഉണ്ടായിരിക്കണമെന്നല്ലാതെ അതു സദാസമയവും കൊണ്ടുനടക്കണമെന്നൊന്നും മാര്‍ക്‌സോ എംഗല്‍സോ പറഞ്ഞിട്ടില്ല. മാത്രമല്ല, സാഹചര്യങ്ങള്‍ക്കനുസരിച്ച് അടവുകളും തന്ത്രങ്ങളും രൂപപ്പെടുത്തുക എന്നതാണ് ലോകത്തെങ്ങും കമ്യൂണിസ്റ്റ് രീതി. അപ്പോള്‍ പിന്നെ തെരഞ്ഞെടുപ്പ് സാഹചര്യമാകുമ്പോള്‍ അതിനനുസരിച്ചുള്ള അടവുകളും തന്ത്രങ്ങളും വേണം. ഇതൊന്നും ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കോ കമ്യൂണിസത്തില്‍ വലിയ പിടിപാടില്ലാത്തവര്‍ക്കോ പിടികിട്ടുന്ന കാര്യമല്ല. സി.പി.എമ്മിന്റെ നേതാക്കള്‍ ആ പാര്‍ട്ടിയെക്കുറിച്ചു പറയുന്നതുപോലെ പലര്‍ക്കും സി.പി.ഐയെക്കുറിച്ചും ഒരു ചുക്കുമറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."