എലിപ്പനി; പെരിന്തല്‍മണ്ണയില്‍ രണ്ടുമരണം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലും എലിപ്പനി ബാധിച്ച് രണ്ടുമരണം. പെരിന്തല്‍മണ്ണ എരവിമംഗലം പാട്ടശ്ശേരിത്തൊടി സുകുമാരന്റെ ഭാര്യ പ്രമീള(40), ആലിപ്പറമ്പ് സ്വദേശി സുരേഷ് എന്നിവരാണ് മരിച്ചത്.
രോഗലക്ഷണങ്ങളോടെ ഒന്‍പതോളം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരില്‍ നിന്നും വിദഗ്ധ ചികിത്സക്കായി അഞ്ചുപേരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. മരിച്ച രണ്ടുപേര്‍ ഇവരില്‍ നിന്നുള്ളവരാണ്. നിലവില്‍ നാലോളം പേര്‍ ഇപ്പോഴും എലിപ്പനിയെന്ന സംശയത്തില്‍ ആശുപത്രിയില്‍ ചികിത്സയിലുമുണ്ട്.
നിരവധിപേര്‍ നിരീക്ഷണത്തിലുമാണ്. കഴിഞ്ഞദിവസം ആലിപ്പറമ്പ് സ്വദേശി സുരേഷ് മരണപ്പെട്ടത് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശനിയാഴ്ച പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ പ്രമീളയും മരിച്ചത്. 28ന് പനി ബാധിച്ച് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും തുടര്‍ന്ന്എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ കോഴിക്കോട്ടേക്കും മാറ്റിയിരുന്നു. അവിടെവച്ചായിരുന്നു പിന്നീട് മരണം.
അതേസമയം രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പെരിന്തല്‍മണ്ണയിലും പരിസരപ്രദേശങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് ആര്‍.എം.ഒ ഡോ. എസ്. ഇന്ദു കഴിഞ്ഞദിവസത്തെ താലൂക്ക് സഭയില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."