പുതുപ്പാടിയില്‍ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു
താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഡിഫ്തീരിയ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു വിവിധ വകുപ്പ് അധികാരികളുടെ സംയുക്തയോഗം ചേര്‍ന്നു. ജില്ലയില്‍ ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണു യോഗം ചേര്‍ന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കുട്ടിയമ്മമാണി അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.ഇ ജലീല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് മുജീബ് മാക്കണ്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.സി ബഷീര്‍, കെ.ജെ ജെസ്മോള്‍ സംസാരിച്ചു. 27നകം എല്ലാ യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും പി.ടി.എ യോഗങ്ങള്‍ ചേരാനും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും 31നു മുന്‍പായി പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."