എം.ജി റോഡ് സൗന്ദര്യവല്‍കരണം: വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി എം.ജി റോഡ് സൗന്ദര്യവല്‍കരണമെന്ന പേരില്‍ റോഡിന്റെ ഒരു വശം പൂര്‍ണമായും അടച്ച് നടപ്പാതയാക്കി മാറ്റികൊണ്ട് വിഭാവനം ചെയ്യുന്ന പുതിയ പദ്ധതിക്കെതര എം. ജി റോഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എം.ജി.ആര്‍.എം.എ) മുഖ്യമന്ത്രിക്ക് പരാതി നല്‍കും. കെ.എം.ആര്‍.എല്ലിന്റെ ഈ നീക്കം തികച്ചും അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് എം.ജി.ആര്‍.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എംജി റോഡിന്റെയും അവിടെയുള്ള ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളുടെയും മരണമണിയാകും ഈ പദ്ധതി.
റോഡില്‍ അനിശ്ചിതമായി നീളുന്ന മെട്രോ റെയില്‍ നിര്‍മാണം ഇപ്പോള്‍ തന്നെ ഇവിടുത്തെ വ്യാപാരികളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. നിരവധി ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും അവശേഷിക്കുന്ന സ്ഥാപനങ്ങളിലെ വിറ്റുവരവില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി 60 ശതമാനം ഇടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെയാണ് കെ.എം.ആര്‍.എല്‍ പുതിയ പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്.
വ്യാപാരികളില്‍ ഭൂരിഭാഗവും പദ്ധതിക്ക് അനുകൂലമാണെന്ന കെ.എം.ആര്‍.എല്ലിന്റെ അവകാശവാദവും എം.ജി.ആര്‍.എം.എ തള്ളി. പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിന് മുമ്പ് കെ.എം.ആര്‍.എല്‍ വ്യാപാരികളെ വിശ്വാസത്തിലെടുത്തില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. എം.ജി.ആര്‍.എം.എ പ്രസിഡന്റും അബാദ് ഹോട്ടല്‍സ് എംഡിയുമായ റിയാസ് അഹമ്മദ്, എം.ജി.ആര്‍.എം.എ കോര്‍ഡിനേറ്റര്‍ രാജേഷ് നായര്‍, ആലപ്പാട്ട് ഹെരിറ്റേജിന്റെ ആന്റണി ആലപ്പാട്ട്, ശ്രീ വെങ്കിടേശ്വര ടൈല്‍സ് ഉടമ രാജാറാം ഷേണായ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."