HOME
DETAILS
MAL
ട്രാക്ടറുകളുമായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
backup
September 21 2020 | 00:09 AM
ചണ്ഡിഗഢ്: കര്‍ഷകവിരുദ്ധമെന്നു പരക്കെ ആക്ഷേപമുയര്‍ന്ന ബില്ലുകള്‍ രാജ്യസഭയിലുംകൂടി അവതരിപ്പിച്ച് പാസാക്കിയതോടെ കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നു. പഞ്ചാബിലും ഹരിയാനയിലും ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചതിനു പുറമേ, പഞ്ചാബില്‍നിന്നു കര്‍ഷകര്‍ ഡല്‍ഹിയിലേക്കു ട്രാക്ടര്‍ മാര്‍ച്ചും ആരംഭിച്ചു.
കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ, വിവിധ സംസ്ഥാനങ്ങളില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പഞ്ചാബിലെ മൊഹാലിയില്നിന്നു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷക മാര്‍ച്ച് ഇന്നലെ വൈകിട്ടോടെ ചണ്ഡിഗഢ്-അംബാല ദേശീയപാതയിലെത്തിയിട്ടുണ്ട്. ഹരിയാന അതിര്‍ത്തിയില്‍ റാലിക്കുനേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഹരിയാനയും കടന്ന് മാര്‍ച്ച് ഡല്ഹിയിലേക്കെത്താനിരിക്കുന്നതോടെ ഡല്‍ഹിയില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനില്‍ ജഗാര്‍, പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബീരേന്ദ്രസിങ് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് ആരംഭിച്ചതെങ്കിലും, പ്രതിഷേധത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ നൂറുകണക്കിന് ട്രാക്ടറുകളിലും മറ്റുമായി നിരവധി കര്‍ഷകര്‍ അണിനിരക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള കൊടികളും ബലൂണുകളും ഉയര്‍ത്തിയാണ് കര്‍ഷകരുടെ ഡല്‍ഹിയിലേക്കുള്ള പ്രതിഷേധം. ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലും ഹരിയാനയിലുമടക്കം കര്‍ഷക സംഘങ്ങളുടെ നേതൃത്വത്തില്‍ ദേശീയപാതകള്‍ ഉപരോധിക്കുകയും ചെയ്തതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."