HOME
DETAILS

ശ്രീനാരായണഗുരുവും കേരള ജ്ഞാനോദയവും

  
backup
September 21 2020 | 01:09 AM

sree-narayana-guru

 


കേരളീയ നവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ശ്രീനാരായണഗുരു. കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരേ പോരാടിയ അദ്ദേഹം സവര്‍ണനെയും അവര്‍ണനെയും ഒരുപോലെ ഉത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുകയും മറ്റാരെക്കാളും മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കുകയും ചെയ്ത ദാര്‍ശനിക ഗുരുവാണ് അദ്ദേഹം. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് ദൈവാരാധാന നടത്തുവാനായി കേരളത്തിലും തമിഴ്‌നാട്ടിലുമായി നാല്‍പ്പത്തഞ്ചോളം ക്ഷേത്രങ്ങള്‍ ഗുരു സ്ഥാപിച്ചു. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് സ്ഥായിയായ നിലനില്‍പ്പുണ്ടാവേണ്ടതിന് ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. അതാണ് എസ്.എന്‍.ഡി.പി. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്യം. ആധുനിക കേരളത്തില്‍ ഗുരുവിന്റെ ഇടപെടല്‍ അതുല്യമായിരുന്നു. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ച ഒരു നാട് ഗുരുവിന്റെ അഭാവത്തില്‍ അപരിഷ്‌കൃതത്വത്തിന്റെ ആവാസ കേന്ദ്രമായി ലോകത്ത് ലജ്ജയോടെ തലതാഴ്ത്തി നില്‍ക്കേണ്ടിവരുമായിരുന്നു.


രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ ജാതിവ്യവസ്ഥ എട്ടാം നൂറ്റാണ്ടുമുതലിങ്ങോട്ട് കേരളത്തില്‍ ശക്തിപ്പെട്ട് വരികയായിരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടല്‍, തൊടീല്‍ മുതലായ അനാചാരങ്ങളും അസഹ്യമായിരുന്നു; മനുഷ്യത്വരഹിതമായ ഹീനമായിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍ ക്ഷത്രിയരടക്കമുള്ള നായര്‍, അമ്പലവാസി, ശൂദ്രനായര്‍, വെള്ളാളര്‍ തുടങ്ങിയവര്‍ സവര്‍ണരെന്നും ഈഴവര്‍ മുതല്‍ നായാടി വരെയുള്ളവര്‍ അവര്‍ണരെന്നും തരംതിരിക്കപ്പെട്ടിരുന്നു. ക്ഷേത്ര പ്രവേശം, ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ണര്‍ക്ക് നിഷിദ്ധമായിരുന്നു. ഇതര പ്രദേശങ്ങളില്‍ പോയി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചുവന്നാല്‍ പോലും അവര്‍ണര്‍ക്ക് ജോലിയില്‍ പ്രവേശനമില്ലായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഈഴവനായ ഡോ. പി. പല്‍പ്പു നാലാമനായിരുന്നെങ്കിലും ജാതി വ്യവസ്ഥയുടെ ഫലമായി ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. മദ്രാസിലാണ് മെഡിസിന് പഠിച്ചത്.

പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയെങ്കിലും തിരുവിതാംകൂര്‍ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചില്ല. ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ഡോ. പല്‍പുവാണ് ഗുരുവിനെ കണ്ടെത്തുന്നത്.


ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നീ വിവേചനകള്‍ക്ക് പുറമെ, സാമൂഹിക ഉച്ചനീചത്വം, മര്‍ദനങ്ങള്‍, അവര്‍ണരെ അടിമകളാക്കികൊണ്ടുള്ള ജന്മി, കുടിയാന്‍ വ്യവസ്ഥകള്‍, സാമ്പത്തിക ചൂഷണങ്ങള്‍ മുതലായവയെല്ലാംകൊണ്ട് പൊറുതിമുട്ടിയ ഒരു കാലം. 1891ലെ ബാരിസ്റ്റര്‍ ജി.പി പിള്ളയുടെ നേതൃത്വത്തില്‍ നടന്ന, ഉദ്യോഗങ്ങളില്‍ തമിഴ് ബ്രാഹ്മണരുടെ അപ്രമാദിത്വത്തിനെതിരായുള്ള മലയാളി മെമ്മോറിയല്‍ നിവേദനം ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചപ്പോള്‍ അതില്‍ ഡോ. പല്‍പ്പുവായിരുന്നു മൂന്നാമനായി ഒപ്പുവച്ചത്. 1892ല്‍ ശങ്കരസുബ്ബയ്യ ദിവാനായി വന്നതോടുകൂടി തമിഴ് ബ്രാഹ്മണര്‍ കൈയടക്കിവച്ചിരുന്ന ഉദ്യോഗങ്ങളില്‍ നായര്‍ സമുദായത്തിന് പ്രാതിനിധ്യം കിട്ടിത്തുടങ്ങി. എന്നാല്‍, ഈഴവര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍ എന്നിവര്‍ പുറംതള്ളപ്പെട്ടു. 1895ല്‍ ദിവാന്‍ ശങ്കരസുബ്ബയ്യക്ക് മറ്റൊരു നിവേദനം ഡോ. പല്‍പ്പു സമര്‍പ്പിച്ചു. അതിനും ഫലമില്ലെന്ന് കണ്ടാണ് 1896 സെപ്റ്റംബര്‍ മൂന്നിന് 13,176 പേരൊപ്പിട്ട ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയല്‍ രാജാവിന് സമര്‍പ്പിക്കുന്നത്. ഒന്നും വേണ്ടത്ര ഫലവത്തായില്ല. എങ്കിലും മലയാളി, ഈഴവ മെമ്മോറിയലുകള്‍ നവോത്ഥാനത്തിന്റെ പെരുമ്പറ ധ്വനികളായി പരിണമിച്ചു.


ഈ ഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം. ഡോ. പല്‍പുവില്‍നിന്ന് കേരളത്തില്‍ സാമൂഹിക ഉച്ചനീചത്വം കൊടികുത്തിവാഴുന്ന കാര്യം അദ്ദേഹം മനസിലാക്കി. ആ മഹാനായ പരിഷ്‌കര്‍ത്താവ് പോംവഴിയായി നിര്‍ദേശിച്ചത് രാഷ്ട്രീയ പരിഹാരമല്ല, സമൂഹം അംഗീകരിക്കുന്ന ഒരു യഥാര്‍ഥ സന്ന്യാസിയെ കണ്ടെത്തി മുന്നില്‍നിര്‍ത്തിക്കൊണ്ട് നവോത്ഥാനം സൃഷ്ടിക്കാനാണ്. സമൂഹം അതിനകത്തുനിന്നാണ് ഊര്‍ജമാവാഹിക്കേണ്ടതും ശക്തിപ്പെടേണ്ടതും. അത്തരമൊരു സമൂല പരിവര്‍ത്തനത്തിന് ഉള്ളിലിറങ്ങിയുള്ള ചികിത്സകൊണ്ടേ പരിഹാരം കാണാന്‍ കഴിയൂ. വിവേകമതിയായ ഒരു സന്ന്യാസിക്കേ ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഈ ഉപദേശം ഫലിച്ചു. സ്വയം ഒരു നവോത്ഥാനത്തിന് നേതൃത്വം കൊടുക്കുന്നത് നിഷ്ഫലമാണെന്ന് മനസിലാക്കിയ പല്‍പു, മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവില്‍നിന്നാണ് ഗുരുവിലേക്കെത്തുന്നത്. അങ്ങനെ കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി ഡോ. പല്‍പ്പു മാറി; ശ്രീനാരായണ ഗുരുവിലൂടെ ഒരു നവകേരളം രൂപപ്പെട്ടു.


ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് അനിഷ്ടമുണ്ടായിരുന്നു ഗുരുവിന്. എന്നാല്‍ രാമായണവും മഹാഭാരതവും വേദാന്തവും പഠിച്ച് അദ്വൈത നിഷ്ഠയുടെ ഭാഗമായി. സംഘകാലത്തെ തമിഴ് കൃതികളായ തൊല്‍കാപ്പിയം, മണിമേഖല, തിരുക്കുറള്‍, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവയിലൊക്കെ അവഗാഹം നേടി. സംഘകൃതികളിലൊന്നും ജാതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ല. വേദങ്ങളിലും ജാതിയില്ല. ഇതെല്ലാം ഗുരുവിനെ സ്വാധീനിച്ചു. പുറനാനൂറില്‍ പരാമര്‍ശിക്കപ്പെടുന്ന പാണനും പറയനുമെല്ലാം ഉയര്‍ന്ന സാമൂഹികസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നവരുമാണ്.
ഗുരുവിനെ കേരളീയ ജ്ഞാനോദയത്തിന്റെ വക്താവായി കണക്കാക്കാം. യൂറോപ്പില്‍ വന്‍ ചിന്താപരിവര്‍ത്തനം സൃഷ്ടിച്ച ജ്ഞാനോദയത്തിന്റെ കാലഘട്ടം അവസാനിച്ച വേളയിലാണ് അതിന്റെ പൊരിയുമായി ഇംഗ്ലണ്ടില്‍ നിന്നു വന്ന ഡോ. പല്‍പ്പുവും യൂറോപ്പില്‍ വിദ്യയഭ്യസിച്ച സ്വാമി വിവേകാനന്ദനും കേരളീയ സാഹചര്യം വിലയിരുത്തുന്നതും അതിനനുരൂപമായ ഒരു വ്യക്തിത്വം നേതൃത്വത്തിലേക്ക് കടന്നുവരുന്നതും. ഗുരു തീര്‍ത്തും പ്രാദേശികനായിരുന്നു. ദ്രാവിഡ പാരമ്പര്യത്തില്‍ ജനിക്കുകയും അതിന്റെ പ്രതാപത്തെ മനസിലാക്കുകയും പുതിയ കാലത്തെ ജീര്‍ണാവസ്ഥയെ അനുഭവിക്കുകയും ചെയ്തതിനാല്‍ രോഗവും പ്രതിവിധിയും മനസിലാക്കിയ ഭിഷഗ്വരനായി അവതരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ദ്രാവിഡ പാരമ്പര്യം പേറുന്ന ഭൂമികയില്‍ മാത്രമാണ് ഗുരു സന്ദര്‍ശിച്ചത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവയ്ക്കുപുറമെ ശ്രീലങ്കയില്‍ മാത്രമാണ് ഗുരുവിന്റെ പാദങ്ങള്‍ പതിഞ്ഞത്. ഇവ നാലും ചേര്‍ന്നതായിരുന്നല്ലോ ദ്രാവിഡലോകം.


ബറൂക്ക് സ്പിനോസ, ജോണ്‍ ലോക്ക്, പിയേര്‍ ബേല്‍, വോള്‍ട്ടെയര്‍, ഐസക് ന്യൂട്ടണ്‍ മുതലായവര്‍ യൂറോപ്പില്‍ ജ്ഞാനോദയത്തിന് നേതൃത്വമേകിയ പോലെ ഗുരുവിന്റെ കേരളീയ നവോത്ഥാനത്തിന് പല്‍പു, കുമാരനാശാന്‍, സത്യവ്രത സ്വാമികള്‍, ടി. കെ. മാധവന്‍, സി. കൃഷ്ണന്‍, മൂര്‍ക്കോത്തു കുമാരന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ ഒപ്പംനിന്ന് സഹകരിച്ചു. മതത്തെ ഗുരു നിരാകരിച്ചില്ല. ആരാധനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


അധഃകൃതവര്‍ഗക്കാര്‍ എന്നൊരു പ്രത്യേക വര്‍ഗമില്ല. ശുദ്ധിയുള്ളവര്‍, ശുദ്ധിയില്ലാത്തവര്‍, വിദ്യയുള്ളവര്‍, വിദ്യയില്ലാത്തവര്‍, പണമുള്ളവര്‍, പണമില്ലാത്തവര്‍ എന്നീ വകവ്യത്യാസങ്ങളേയുള്ളൂ. മനുഷ്യരുടെ മതം, ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട്, അഥവാ മനുഷ്യനായതിനാല്‍ എല്ലാവരും അവകാശങ്ങളില്‍ തുല്യരാണെന്ന് വ്യക്തമാക്കുകയായിരുന്നു, 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന്' എഴുതിവയ്ക്കുക വഴി. അങ്ങനെ, നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ മുങ്ങിയുയര്‍ന്ന് കൈയില്‍ കൈവന്ന ഒരു ശിലാഖണ്ഡത്തെ അരുവിപ്പുറത്ത് സജ്ജമാക്കിയ പീഠത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് 'ഇത് ഈഴവന്റെ ശിവന്‍' എന്ന ചരിത്ര പ്രസിദ്ധമായ ഗുരുവിന്റെ പ്രഖ്യാപനം വഴി ആധുനിക കേരളത്തിന്റെ മുഖപ്പില്‍നിന്ന് ജാതിയുടെ ചാപ്പ മായ്ചുകളയാന്‍, അതിന്റെ ശൗര്യം കെടുത്താന്‍ ഗുരുവിനായി.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കേരളീയനെ രണ്ടാം ബുദ്ധന്‍ എന്ന് തന്നെയാണ് മഹാകവി ജി. ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ചത്. ആധുനിക ഇന്ത്യയുടെ പരമാചാര്യന്‍ എന്ന് ഉള്ളൂരും ആധുനികകാലത്തെ മഹാഋഷിയും കര്‍മബദ്ധനായ ജ്ഞാനിയുമെന്ന് ഫ്രഞ്ച് എഴുത്തുകാരനും നൊബേല്‍ ജേതാവുമായ റൊമൈന്‍ റൊളാണ്ടും പരിചയപ്പെടുത്തുന്നു. നാരായണഗുരു അവര്‍ണരുടെ ഗുരുവല്ല, അവര്‍ണനീയനായ ഗുരുവാണ് എന്ന് ഗുരുവിന്റെ പ്രിയശിഷ്യനായ നടരാജഗുരുവിന്റെ ശിഷ്യന്‍ നിത്യചൈതന്യയതി പറഞ്ഞത് നിത്യസത്യമാണ്. പരിശുദ്ധജീവിതത്തിന്റെ പരമോദാഹരണമായി സി. കേശവന്‍ കണ്ട ഗുരുവിന്റെ ചിന്തകള്‍ നിത്യ ചൈതന്യമായി എന്നും മലയാളിയെ പ്രചോദിപ്പിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago