കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും
ആലുവ: ഇന്നലെ ആലുവ വൈ.എം.സി.എയില്‍ നടന്ന കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി യോഗം ബഹളത്തില്‍ കലാശിച്ചു. പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തില്‍ നിന്ന് എ വിഭാഗം ഇറങ്ങിപ്പോയി. കമ്മിറ്റി കൂടിയ ഉടന്‍ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു പ്രസംഗിക്കുവാനായി എഴുന്നേറ്റ ഉടനെയായിരുന്നു ബഹളം ആരംഭിച്ചത്.
തിങ്കളാഴ്ച നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചില്‍ ആളെക്കൂട്ടാനായുള്ള ചര്‍ച്ച ആരംഭിക്കാന്‍പോലും യോഗത്തില്‍ അനുവദിച്ചില്ല.
ഇതിനിടെ ഒരു വിഭാഗം കൂക്കിവിളിക്കലും മറുവിഭാഗം തെറിയഭിഷേകവും നടത്തിയതോടെ യോഗം സംഘര്‍ഷത്തിലായി. ഇതോടെ ബ്ലോക്ക് പ്രസിഡന്റ് രാജിവയ്ക്കണമെന്ന ആവശ്യവുമായി യോഗത്തിലുണ്ടായിരുന്ന എ വിഭാഗം യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങുകയായിരുന്നു.
പാര്‍ട്ടി നടത്തിയ പരിപാടിയില്‍ നിന്നും നേതാവിന്റെ തല വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഐ വിഭാഗം യോഗത്തില്‍ ബഹളമുണ്ടാക്കിയത്.
ആലുവയില്‍ കോണ്‍ഗ്രസ് നേതാവ് നടത്തിയ തിരുകൊച്ചി സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിയ പൊലിസ് സ്റ്റേഷന് മാര്‍ച്ചിന്റെ ഫോട്ടോയില്‍ നിന്നും ഐ ഗ്രൂപ്പ് നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ തോപ്പില്‍ അബുവിന്റെ തല എ ഗ്രൂപ്പ് നേതാക്കളുടെ നേതൃത്വത്തില്‍ വെട്ടിമാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ആലുവയിലെ ഗ്രൂപ്പിസം പതിന്മടങ്ങ് ശക്തിപ്രാപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഐ വിഭാഗം എ ഗ്രൂപ്പുകാര്‍ക്കെതിരെ റൂറല്‍ എസ്.പിക്ക് അടക്കം പരാതിയും നല്‍കിയിട്ടുണ്ട്. ഇതിനിടയിലായിരുന്നു ഇന്നലെ ബ്ലോക്ക് കമ്മിറ്റിയോഗം വിളിച്ചു ചേര്‍ത്തിരുന്നത്. അന്‍വര്‍ സാദത്ത് എം.എല്‍.എ.യും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."