ബാഴ്‌സലോണക്കും മാഞ്ചസ്റ്ററിനും ജയം; ടോട്ടന്‍ഹാമിന് തോല്‍വി
മാഡ്രിഡ്: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരേ എട്ടു ഗോളടിച്ചുകൂട്ടി ബാഴ്‌സലോണ ഹുയസ്‌കയെ തകര്‍ത്തു. ബാഴ്‌സലോണക്ക് വേണ്ടി ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റാക്കിറ്റിച്ച്, ജോര്‍ഡി ആല്‍ബ, ടെംബലെ എന്നിവര്‍ ഓരോ ഗോള്‍ വീതമടിച്ചു. ഒന്ന് ജോര്‍ജെ പുലിഡോയുടെ സെല്‍ഫ് ഗോളായിരുന്നു. ഹുയസ്‌കക്ക് വേണ്ടി ഹെര്‍ണാണ്ടസും, അല്‍ലക്‌സ് ഗല്ലാറുമാണ് ഗോളടിച്ചത്.
ആദ്യമായി ലാ ലിഗയില്‍ കളിക്കാനിറങ്ങിയ ഹുയസ്‌കക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. മൂന്നു മിനുട്ടിനുള്ളില്‍ ബാഴ്‌സയുടെ പ്രതിരോധം ഭേദിച്ച് ഹെര്‍ണാണ്ടസ് ഗോളടിച്ചു. തുടക്കത്തില്‍ തന്നെയേറ്റ ഗോളില്‍നിന്ന് മോചിതരായ ബാഴ്‌സ ലയണല്‍ മെസ്സിയുടെ ഗോളിലൂടെ 16ാം മിനുട്ടില്‍ സമനില നേടി. 24ാം മിനുട്ടില്‍ ജോര്‍ജെ പുലിഡോയുടെ സെല്‍ഫ് ഗോളിനു പിന്നാലെ 39ാം മിനുട്ടില്‍ സുവാരസും ഗോള്‍ നേടിയതോടെ ബാഴ്‌സക്ക് രണ്ട് ഗോളിന്റെ ലീഡ് നേടാനായി. തെട്ടടുത്ത മിനുട്ടില്‍ ഗല്ലാറിലൂടെ(42ാം മിനുട്ട്) ഹുയസ്‌ക തിരിച്ചടിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കളംവിട്ട ബാഴ്‌സലോണ രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകളാണടിച്ചത്.
മാഞ്ചസ്റ്ററിന് ജയം;
ടോട്ടന്‍ഹാമിന് തോല്‍വി
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ നാടകീയത നിറഞ്ഞ മത്സരത്തിന് ഒടുവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയവഴിയിലെത്തിയപ്പോള്‍ മറ്റൊരു മത്സരത്തില്‍ കരുത്തരായ ടോട്ടന്‍ഹാമിന് തോല്‍വി.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ വാറ്റ്‌ഫോര്‍ഡാണ് ടോട്ടന്‍ഹാമിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയം നേരിട്ട മാഞ്ചസ്റ്റര്‍ ജയിക്കാനുറച്ചാണ് കളിക്കളത്തിലിറങ്ങിയത്. റാഷ്‌ഫോര്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതും പോള്‍ ബോഗ്ബ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതും യുനൈറ്റഡിന്റെ വിജയത്തിന് മാറ്റ് കുറച്ചെങ്കിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. യുനൈറ്റഡിന് വേണ്ടി 27,44 മിനുട്ടുകളില്‍ ഗോള്‍ നേടി ലുക്കാക്കുവാണ് അനായാസ വിജയം നല്‍കിയത്.
എന്നാല്‍, ഇന്നലത്തെ തോല്‍വി ടോട്ടന്‍ഹാമിന് ദോഷം ചെയ്യും. 53ാം മിനുട്ടില്‍ വാറ്റ്‌ഫോര്‍ഡ് താരം ഡോകൗറെയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ടോട്ടന്‍ഹാമിനെ 69, 76 മിനുട്ടുകളില്‍ ഡീനെയും കാത്കാര്‍ട്ടും നേടിയ സുന്ദരഗോളിലാണ് വാറ്റ്‌ഫോര്‍ഡ് തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."