നാട്ടുനന്മകളിലേക്ക് ഒരു തിരിച്ചുവരവ്: ' നാട്ടുപച്ച' നാട്ടുത്സവം 30ന് കൈപ്പുഴയില്‍
ഏറ്റുമാനൂര്‍: പുതുതലമുറയ്ക്ക് അന്യമായതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നാട്ടുനന്മകളും സംസ്‌കാരവും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കൈപ്പുഴയില്‍ നടക്കുന്ന രണ്ടാമത് നാട്ടുത്സവത്തിന് 30ന് തുടക്കം കുറിക്കും. 'നാട്ടുപച്ച' എന്ന പേരില്‍ പൊന്‍കുഴി സൗഹൃദ കൂട്ടായ്മ സംഘടി പ്പിക്കുന്ന പരിപാടി രണ്ട് ദിവസം നീണ്ടു നില്‍ക്കും.
കുട്ടികള്‍ക്കായുള്ള ചിത്രസംഗീത കൂട്ടായ്മയും ചിത്രകാരന്മാരുടെ ക്യാംപും കവിയരങ്ങും കുടുംബനവീകരണ സദസും ഇതോടനുബന്ധിച്ച് നടക്കും. കൈപ്പുഴയുടെ പടിഞ്ഞാറന്‍ മേഖലയില്‍ തീര്‍ത്തും ഗ്രാമീണാന്തരീക്ഷത്തില്‍ പാടശേഖരങ്ങളോട് ചേര്‍ന്ന് തയ്യാറാക്കുന്ന പ്രത്യേക വേദിയിലാണ് പരിപാടികള്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതുതലമുറയ്ക്ക് അന്യമായ നാട്ടുപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും.
30ന് രാവിലെ 10ന് 13 ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന പെയിന്റെഴ്‌സ് ക്യാംപ് നടക്കും. വൈകിട്ട് അഞ്ചിന് കാവ്യസന്ധ്യ അയ്മനം ജോണ്‍ ഉദ്ഘാടനം ചെയ്യും. ഇരുപത്തഞ്ചിലധികം കവികള്‍ പങ്കെടുക്കും. ഏഴിനു കോട്ടയം അര്‍ച്ചനയുടെ മെഗാഹിറ്റ്‌സ് ഗാനമേള. 31നു രാവിലെ ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി 'മഴവില്ല്'' എന്ന പേരില്‍ സംഘചിത്രരചനാ മത്സരം നടക്കും. മികച്ച ചിത്രത്തിന് കൊച്ചുപിള്ള ആശാന്‍ പുരസ്‌കാരം നല്‍കും.
തുടര്‍ന്ന് യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി 'നാട്ടീണം' എന്ന പേരില്‍ നാടന്‍പാട്ടിന്റെയും ജനകീയ ഗാനങ്ങളുടേയും മത്സരം നടക്കും. മികച്ച പാട്ടിന് കൊച്ചേപ്പാശാന്‍ സ്മാരകപുരസ്‌കാരം നല്‍കും.
ഉച്ചകഴിഞ്ഞ് കുടുംബനവീകരണ സമ്മേളനത്തില്‍ ഫാ.ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ഫാ.സിറിയക് കൊച്ചുപുര എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനം പ്രശസ്ത നാടക നടന്‍ ഫ്രാന്‍സിസ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കുഞ്ഞുമോന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.കെ ശിവശങ്കരന്‍ , എന്‍.ജെ റോസമ്മ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കോഴിക്കോട് അഭിലാഷ് റാമിന്റെ വസന്തഗീതങ്ങള്‍ അരങ്ങേറും. ഏറ്റുമാനൂര്‍ മീഡിയാ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ പൊന്‍കുഴി സൗഹൃദകൂട്ടായ്മ ഡയറക്ടര്‍ സണ്ണി കാവില്‍, കണ്‍വീനര്‍ ദിലീപ് കൈപ്പുഴ, പി.എം യേശുദാസ്, ബൈജു നീണ്ടൂര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."