HOME
DETAILS
MAL
നിയമനാംഗീകാരവും ശമ്പളവുമില്ലാതെ നാലായിരത്തോളം അധ്യാപകര്‍
backup
September 22 2020 | 00:09 AM
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: എയ്ഡഡ് സ്‌കൂളുകളിലെ നിയമന പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. സംസ്ഥാനത്തെ നാലായിരത്തോളം അധ്യാപകരാണ് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും നിയമനാംഗീകാരമോ ശമ്പളമോ ലഭിക്കാതെ ജോലി തുടരുന്നത്. റിട്ടയര്‍മെന്റ് വേക്കന്‍സികളിലും അധിക ഡിവിഷനുകളിലും നിയമനം നേടിയ അധ്യാപകരാണ് നിയമനാംഗീകാരത്തിനായി കാത്തിരിക്കുന്നത്.
സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്ന് പറഞ്ഞാണ് എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിയമനാംഗീകാരം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവച്ചിരിക്കുന്നത്. ഇതിനായി എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിവുവരുന്ന തസ്തികകളിലേക്ക് സംരക്ഷിത അധ്യാപകര്‍ ഉള്‍പ്പെടുന്ന അധ്യാപക ബാങ്കില്‍ നിന്ന് നിയമനത്തിന് വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെ.ഇ.ആര്‍) സര്‍ക്കാര്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ സംരക്ഷിത അധ്യാപകരെ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നിയമിക്കാമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ കഴിഞ്ഞവര്‍ഷം വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും ഇതില്‍ തുടര്‍ ചര്‍ച്ചകളുണ്ടായിട്ടില്ല.
മുഴുവന്‍ സംരക്ഷിത അധ്യാപകരെയും ഏറ്റെടുക്കാമെന്നും ഇവരെ ന്യൂ സ്‌കൂളുകളിലേയും (1979ന് ശേഷം തുടങ്ങിയതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകള്‍) പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നത് വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും നിയമിച്ച് പ്രശ്‌നം പരിഹരിക്കാമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ രേഖാമൂലം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇതും പരിഗണിക്കപ്പെട്ടിട്ടില്ല. ന്യൂ സ്‌കൂളുകളിലേയും എച്ച്.ടി.വി തസ്തികകളിലേയും ഒഴിവുകള്‍ നികത്താനാവശ്യമായ സംരക്ഷിത അധ്യാപകര്‍ തന്നെ നിലവിലില്ലെന്നാണ് പറയുന്നത്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2017 മുതല്‍ കേരള നോണ്‍ അപ്രൂവല്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
ഇവര്‍ക്ക് പുറമേ, മതിയായ കുട്ടികളില്ലാത്തത് കാരണം (അണ്‍ ഇക്കണോമിക് സ്‌കൂള്‍) നിയമനാംഗീകാരം ലഭിക്കാത്ത രണ്ടായിരത്തോളം അധ്യാപകരും തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. നേരത്തെ ഇവര്‍ക്ക് പ്രതിദിന ശമ്പള വ്യവസ്ഥയില്‍ ജോലി നല്‍കിയിരുന്നെങ്കിലും മൂന്നുമാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."