തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.
10 ലക്ഷം യു.ഡി.എഫ് വോട്ടെങ്കിലും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ചു വോട്ടര്‍പട്ടികയില്‍നിന്നു നീക്കംചെയ്തു. 2019ലെ മൊത്തം വോട്ടര്‍മാര്‍ 2.61 കോടിയാണ്. 2016ലെ വോട്ടര്‍പട്ടികയിലുള്ള 2.60 കോടി വോട്ടര്‍മാരില്‍നിന്ന് 2019ല്‍ എത്തിയപ്പോള്‍ കൂടിയത് 1.32 ലക്ഷം പേര്‍ മാത്രമാണ്. 2009 ലോക്‌സഭയില്‍നിന്ന് 2011ലെ നിയമസഭയില്‍ എത്തിയപ്പോള്‍ 12.88 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായിരുന്നു.
2011ല്‍ നിന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് 11.04 ലക്ഷം വര്‍ധനവുണ്ടായി. 2014ല്‍നിന്ന് 2016 ല്‍ എത്തിയപ്പോള്‍ 17.5 ലക്ഷം പേരാണു കൂടിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 77 താലൂക്കുകളിലുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഉത്തരവാദിത്തമുള്ളത്. ഇതില്‍ 74 പേരും ഇടതുസംഘടനയുമായി ബന്ധപ്പെട്ടവരാണ്. ക്ലര്‍ക്കുമാരും ഇടതുസംഘടനാ പ്രവര്‍ത്തകരാണ്. ഇവരെ ഉപയോഗിച്ചാണ് സി.പി.എം വോട്ടര്‍പട്ടികയില്‍ ഞെട്ടിപ്പിക്കുന്ന തിരിമറി നടത്തിയത്.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം നീക്കംചെയ്ത 10 ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് നീക്കം ചെയ്‌തെന്ന നോട്ടിസ് നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമവിരുദ്ധമായി വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
അന്‍പതിനായിരത്തോളം വരുന്ന പൊലിസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടന്നതുമായി സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നല്‍കിയ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."