സിറാജ് മേല്‍പ്പാലം: സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കം
കൊടുവള്ളി: സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേനേ 55.58 കോടി ചെലവഴിച്ച് നടപ്പിലാക്കുന്ന കൊടുവള്ളി സിറാജ് മേല്‍പ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. കേരളാ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്ഗനൈസേഷന് (കിറ്റ്കോ) വഴിയാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഏറ്റെടുക്കേണ്ട സ്ഥലം മാര്‍ക്ക് ചെയ്യുന്ന നടപടികളാണ് ഇപ്പോള്‍ നടത്തുന്നത്.
സിറാജ് ബൈപാസ് ജങ്ഷന് മുതല്‍ ദേശീയപാതയിലെ പെട്രോള്‍ പമ്പ് വരെ 800 മീറ്റര്‍ നീളത്തിലാണ ്തുരങ്കം റോഡ് ഉള്‍പ്പെടുന്ന മേല്‍പ്പാലം നിര്‍മിക്കുക. സിറാജ് ബൈപാസ് ജങ്ഷന് മുതല്‍ ബസ് സ്റ്റാന്‍ഡിന് മുന്‍വശം വരെ മേല്‍പ്പാലവും അവിടം മുതല്‍ പഴയ പൊലിസ് സ്റ്റേഷന് ഭാഗം വരെ തുരങ്കം റോഡുമാണുണ്ടാവുക.
നിലവിലുള്ള റോഡ് നിലനിര്‍ത്തി റോഡിന് ഇരുവശത്തും ഏഴര മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡുകളുമുണ്ടാകും. 12 മീറ്റര്‍ വിതിയിലാകും പാലമുണ്ടാവുക. 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയുമുണ്ടാകും.
ദേശീയപാത കടന്നുപോകുന്ന ടൗണിലെ ഗതാഗതക്കുരുക്കിന് മേല്‍പ്പാലം വരുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് ആവശ്യമായി വരുന്ന 123 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് 23.11 കോടിയും പുനരധിവാസത്തിന് രണ്ടു കോടിയും നീക്കിവച്ചിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് 2017 ജൂലൈയില്‍ നടന്ന കൊടുവള്ളി മുനിസിപ്പല്‍ ഡവലപ്മെന്റ് കമ്മിറ്റി യോഗത്തില്‍ റോഡ് ആന്‍ഡ് ബ്രിഡ്ജ് ഡവലപ്മെന്റ് കോര്പറേഷന് വിഭാഗം ഉദ്യോഗസ്ഥര്‍ മാസ്റ്റര്‍പ്ലാന്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്ന് പദ്ധതിയില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് അംഗീകാരത്തിനായി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചത്.
നടപടികള്‍ കാരാട്ട് റസാഖ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. പി.ടി.എ റഹീം എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ് മാസ്റ്റര്‍, കെ. ബാബു, ഇ.സി മുഹമ്മദ്, ഒ.പി റസാഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."