മെഡിക്കല്‍ കോളജിലെ വൈദ്യുതി മുടക്കം; പാനല്‍ ബോര്‍ഡിലെ തകരാറാണെന്ന്
തിരുവനന്തപുരം: പാനല്‍ ബോര്‍ഡിലെ തകരാറാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് മെഡിക്കല്‍ കോളജ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗം അസി. എന്‍ജിനീയര്‍. ഓപ്പറേഷന്‍ തിയറ്റര്‍, ഐ.സി.യു, കാത്ത് ലാബ്, വെന്റിലേറ്റര്‍, എം.ആര്‍.ഐ. സ്‌കാനിങ്, ബ്ലഡ് ബാങ്ക് എന്നിവയ്‌ക്കൊന്നും ഒരു തടസവും വരുത്താതെയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കെ.എസ്.ഇ.ബി കണക്ഷന്‍, രണ്ടു ലോഡ് സെന്ററാക്കി രണ്ടു പാനല്‍ സിസ്റ്റത്തില്‍ കൂടിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വൈദ്യുതി എത്തുന്നത്. ഇതില്‍ ഒരു പാനലിലെ എ.സി.ബി.യിലെ ഔട്ട് ഗോയിങ് ഫീഡറിലെ പ്രധാന ബസ് ബാറില്‍ സംഭവിച്ച സ്പാര്‍ക്കിങ്ങാണ് വൈദ്യുത ബന്ധം തടസമാകാന്‍ കാരണം. ഉടന്‍ തന്നെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് അത്യാവശ്യ സ്ഥലങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകാത്ത വിധമുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ഈ പാനലിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചാല്‍ മാത്രമേ കേടായ പാനല്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ തിയറ്ററുകളിലെ ശസ്ത്രക്രിയ കഴിഞ്ഞ് വൈകിട്ട്ം 6.30നാണ് വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള അനുവാദം ക്യാഷ്വാലിറ്റി തിയറ്ററില്‍ നിന്നും ലഭിച്ചത്. ഇതിനിടെ അടിയന്തരമായി പുറത്തുനിന്നും മൂന്ന ജനറേറ്ററുകള്‍ വാടകയ്‌ക്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് അസി. എന്‍ജിനീയര്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായി രണ്ടു മണിക്കൂര്‍ ബാക്കപ്പുള്ള യു.പി.എസുകള്‍ അത്യാവശ്യ സ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അസി. എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."