ഇരു ഹറമിലും തീര്‍ഥാടകലക്ഷങ്ങളുടെ സംഗമമൊരുക്കി റമദാനിലെ ആദ്യ ജുമുഅ
നിസാര്‍ കലയത്ത്
ജിദ്ദ: പുണ്യമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ഇരുഹറമിലും വിശ്വാസികളുടെ ബാഹുല്യം. മക്കയില്‍ മസ്ജിദുല്‍ ഹറമും പരിസരവും മദീനയിലെ മസ്ജിദുല്‍ന്നബവിയിലും ജനസാഗരമായി. ആഭ്യന്തര, വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് പുറമെ മക്കയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ് ഹറമിലെ ആദ്യ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്്. വ്യാഴാഴ്ച രാത്രി മുതലേ ഇരു ഹറമിലേക്കും വിശ്വാസികളുടെ ഒഴുക്കായിരുന്നു. ഇന്നലെ നടന്ന രാത്രി നിസ്‌കാരത്തില്‍ തീര്‍ഥാടകര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെയാണ് പങ്കുകൊണ്ടത്. ഹറമിലെ ജുമുഅയിലും തറാവീഹിലും ഇഫ്താറിലും പങ്കെടുത്ത് ആത്മ നിര്‍വൃതിയോടെയാണ് അവര്‍ മടങ്ങിയത്. ജുമുഅക്ക് മണിക്കൂറുകള്‍ മുമ്പേ ഹറം നിറഞ്ഞുകവിഞ്ഞു. തിരക്ക് കാരണം റോഡുകളിലേക്കും നിസ്‌കരിക്കുന്നവരുടെ നിര നീണ്ടു. മക്കയിലെയും മദീനയിലെയും ഹറമുകളിലെ ഖതീബുമാര്‍ വിശുദ്ധ മാസത്തിലെ ദിനരാത്രങ്ങള്‍ സുകൃതങ്ങള്‍ കൊണ്ട് സജീവമാക്കണമെന്ന് വിശ്വാസികളെ ഖുതുബ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഇത്രയധികം വിശ്വാസികളുടെ ആധിക്യം കണ്ടിട്ടില്ലെന്ന് ഹറമിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തി. പ്രായം ചെന്ന തീര്‍ഥാടകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലായിരുന്നു വരവേറ്റത്. മക്ക ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കാനാവശ്യമായ ഒരുക്കങ്ങള്‍ എല്ലാ വകുപ്പുകളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഹറമിലേക്ക് എത്തുന്ന റോഡുകളിലും പരിസരങ്ങളിലും ഹറം മുറ്റങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കുന്നതിനടുത്തും തീര്‍ഥാടകരുടെ പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിരുന്നു. കാല്‍നടക്കാര്‍ക്ക് കുടുതല്‍ സൗകര്യമൊരുക്കുന്നതിന് റോഡുകളിലും ഹറം പരിസരങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ ട്രാഫിക് വകുപ്പിന് കീഴിലും നിയോഗിച്ചു. താല്‍ക്കാലിക ചെക്ക്പോയിന്റുകള്‍ ഏര്‍പ്പെടുത്തി ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മക്കക്ക് പുറത്തുനിന്നെത്തുന്ന വാഹനങ്ങള്‍ പ്രവേശന കവാടങ്ങള്‍ക്കടുത്ത് സജ്ജമാക്കിയ പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇവിടങ്ങളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും യാത്രക്ക് ബസുകളും ടാക്സികളും പൊതുഗതാഗത വകുപ്പ് ഒരുക്കിയിരുന്നു.
കൊടും ചൂടിനെ ശമിപ്പിക്കാന്‍ പുതിയ തന്ത്രം
ജിദ്ദ: കഠിനമായ ചൂടിലാണ് ഇത്തവ തീര്‍ഥാടകര്‍ മക്കയില്‍ എത്തുന്നത്. അന്തരീക്ഷത്തിലെ കഠിനമായ ചൂടിനെ നേരിടാന്‍ ഫാനുപയോഗിച്ച് ഹറമില്‍ കൃത്രിമ മഴയൊരുക്കിയത് ലക്ഷോപലക്ഷം തീര്‍ഥാടകര്‍ക്ക് ആശ്വാസമാവുകയാണ്. അന്തരീക്ഷത്തിലെ ഓക്സിജന്‍ ശുചീകരിക്കാനുള്ള സംവിധാനവും മുഴുസമയമുണ്ട്. റമദാനില്‍ കത്തുന്ന ചൂടാണ് മക്കയില്‍. പൊള്ളുന്ന വഴികളും വിങ്ങി പുകയുന്ന അന്തരീക്ഷവും തീര്‍ഥാടകരെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ഹറമിലേക്ക് നീളുന്ന വഴിയിലും മുറ്റത്തും കൃത്രിമ മഴ ഒരുക്കിയിരിക്കുന്നത് തീര്‍ഥാടകര്‍ക്ക് ആശ്വാസമാകും. ഫാനുപയോഗിച്ചാണ് പ്രവര്‍ത്തനം. രാത്രി പ്രാര്‍ഥനാ സമയങ്ങളിലെത്തുന്നത് ലക്ഷങ്ങളാണ്. അകം നിറഞ്ഞ് മുറ്റത്തേക്കൊഴുകുന്ന തീര്‍ഥാടകരെ കുളിര്‍പ്പിക്കാന്‍ ഈ ചാറ്റല്‍ മഴക്കാവും. ലോകത്തിന്റെ നാനാ കോണില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ സംഗമ ഭൂമിയാണ് മക്കയിലെ കഅ്ബയും ഹറമും. ഇവിടെ രാപ്പകല്‍ ഭേദമെന്യേ അന്തരീക്ഷ ശുചീകരണത്തിന് നേരത്തെ സംവിധാനമുണ്ട്. ഇതിന് പുറമെയാണ് ഈ കുളിര്‍ക്കാറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."