ജനജീവിതം രക്ഷിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യം പ്രതിപക്ഷവും മാധ്യമങ്ങളും മറക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സമരത്തെ നേരിട്ട 101 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.വൈ.എസ്.പി, ഇന്‍സ്പെക്ടര്‍മാര്‍, സിവില്‍ പൊലിസുകാര്‍ ഇങ്ങനെ എല്ലാവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 164 പൊലിസുകാര്‍ പ്രൈമറി നിരീക്ഷണത്തിലാണ്. 178പേര്‍ നിരീക്ഷണത്തിലും. പൊലിസ് സേനയുടെ പ്രവര്‍ത്തനത്തെതന്നെ ഇത് ബാധിച്ചിട്ടുണ്ട്. സമരങ്ങള്‍ കൊവിഡ് പ്രതിരോധത്തെ ബാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡിനൊപ്പം ജീവിക്കേണ്ട ഘട്ടമാണിത്. മുന്‍പുണ്ടായിരുന്ന രീതികളൊക്കെ മാറ്റി. യോഗം ചേരുന്നതും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്, വിവാഹം, കടകള്‍ പ്രവര്‍ത്തിക്കുന്നത് തുടങ്ങി എല്ലാം കൊവിഡ് പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന വിധത്തിലാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ഇത്. അതെല്ലാം അട്ടിമറിച്ചാണ് പ്രതിപക്ഷം സമരം എന്ന പേരില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് കൊവിഡ് പ്രതിരോധം തകര്‍ക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളും ഇത് മുഖവിലക്കെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ആള്‍ക്കൂട്ടം ഒഴിവാക്കലാണ് പ്രധാനം. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ സമരം സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പത്തില്‍ പടരാന്‍ അവസരം ഒരുക്കുന്നു. സമരം നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലിസുകാരും കൊവിഡ് ബാധിതരാകുന്നു. ഇത് നിര്‍ഭാഗ്യകരമാണ്.
എല്ലാവരും ആത്മപരിശോധന നടത്തണം. സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കണം. ജാഗ്രത വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം. കൊല്ലത്ത് 347പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികളായ 379പേര്‍ തിരികെയെത്തി. 7834 പേരാണ് നാട്ടിലേക്ക് മടങ്ങാതെ ഇവിടെ തങ്ങിയത്. മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."