ആരോഗ്യം അനുകൂലമെങ്കില്‍ തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ: ആനകളെ വിട്ടു നല്‍കാന്‍ ഉടമകളും തയ്യാര്‍
തൃശൂര്‍: ഒടുവില്‍ ആനപ്രേമികളുടെയും പൂര പ്രേമികളുടെയും ആഗ്രഹം സഫലമാകുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം അനുകൂലമെങ്കില്‍ പൂരവിളംബരത്തില്‍ പങ്കെടുപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമ. രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്നും അനുകൂലമെങ്കില്‍ ആനയെ പങ്കെടുപ്പിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നും ജില്ല കലക്ടര്‍ ടി.വി അനുപമ അറിയിച്ചു.
നിയന്ത്രണങ്ങളോടെയാകും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുക. ആന നില്‍ക്കുന്ന ഇടത്തുനിന്ന് ജനങ്ങളെ മാറ്റിനിര്‍ത്താനും കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.
തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജില്ലാ കലക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക കമ്മിറ്റി യോഗം അനുകൂലമായ തീരുമാനം കൈകൊണ്ടത്.
ആരോഗ്യ ക്ഷമതയുണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ടി.വി അനുപമ വിശദമാക്കി.
എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായതോടെ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കുമെന്ന് ആനയുടമകളും വിശദമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."