കണ്ണൂരിലും കള്ളവോട്ട്: 10 പേര്‍ക്കെതിരേ ക്രിമിനല്‍ കേസ്
തിരുവനന്തപുരം: വീണ്ടും കള്ളവോട്ടില്‍ പിടിവീണു. 10 പേര്‍ക്കെതിരേ ക്രിമിനല്‍ കേസ്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിലും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തുമാണ് കള്ളവോട്ട്. തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളില്‍ കള്ളവോട്ട് ചെയ്ത 9 മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും, ധര്‍മടത്ത് 52-ാം ബൂത്തില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവര്‍ത്തകനുമെതിരേയാണ് ക്രിമിനല്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ലീഗ് പ്രവര്‍ത്തകരായ അബ്ദുല്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ.പി, കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുല്‍ സലാം, സാദിഖ് കെ.പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ക്കും, സി.പി.എം പ്രവര്‍ത്തകനായ സായൂജിനുമെതിരേയുമാണ് കേസ്. പാമ്പുരുത്തിയില്‍ 9 പേര്‍ 12 കള്ളവോട്ടുകള്‍ ചെയ്തു. ധര്‍മടത്ത് ഒരു കള്ളവോട്ടാണ് നടന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി.എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കള്ളവോട്ട് ചെയ്തവര്‍ക്ക് മാപ്പ് നല്‍കണമെന്ന ജില്ലാ കലക്ടറുടെ ശുപാര്‍ശ തള്ളിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. കള്ളവോട്ട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ഇല്ലാതെയുള്ള ജനാധിപത്യത്തിനാണ് ശ്രമിക്കുന്നതെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാമ്പുരുത്തിയില്‍ കള്ളവോട്ട് നടന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെയും ധര്‍മടത്ത് കള്ളവോട്ട് നടന്നതായി സ്വതന്ത്ര സ്ഥാനാര്‍ഥി കെ. സുധാകരന്റെയും പോളിങ് ഏജന്റുമാരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും റിട്ടേണിങ് ഓഫിസര്‍ക്കും പരാതി നല്‍കിയത്. ഗള്‍ഫിലുള്ള ചിലരുടെ പേരില്‍ കള്ളവോട്ട് നടന്നെന്നായിരുന്നു പരാതി. പോളിങ് സ്‌റ്റേഷനിലെ വിഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്.
ലീഗ് പ്രവര്‍ത്തകരായ അബ്ദുല്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ.പി, എന്നിവര്‍ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുല്‍ സലാം, സാദിഖ് കെ.പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും വോട്ടു ചെയ്‌തെന്നാണ് കലക്ടര്‍ സ്ഥിരീകരിച്ചത്. ഇവരെ വിളിച്ചുവരുത്തി തെളിവെടുത്തു. ആറുപേര്‍ കുറ്റം സമ്മതിച്ചു. ഒരാള്‍ ഹാജരായില്ല. രണ്ടുപേര്‍ വിസമ്മതിച്ചെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാമ്പുരുത്തി പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്കും ഗുരുതര വീഴ്ചയുണ്ടായതായാണ് കലക്ടറുടെ റിപ്പോര്‍ട്ട്. കള്ളവോട്ട് നടക്കുന്ന വേളയില്‍ പോളിങ് ഏജന്റ് എതിര്‍പ്പ് അറിയിച്ചെങ്കിലും പ്രിസൈഡിങ്ങ് ഓഫിസര്‍ ഇടപെടാന്‍ തയാറായില്ലെന്ന് വ്യക്തമായി. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് ഇവര്‍ക്കെതിരേയും ക്രിമനല്‍ നടപടി സ്വീകരിക്കാനും, ഉദ്യോഗസ്ഥര്‍ക്കെതിരേ അവരുടെ വകുപ്പുകള്‍ അച്ചടക്ക നടപടിയെടുക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ധര്‍മടത്ത് 52-ാം ബൂത്തില്‍ സായൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥി കെ. സുധാകരന്റെ പോളിങ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ പരിശോധിച്ചത്. 47-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ സായൂജ് 52ല്‍ വോട്ട് ചെയ്തതായി കണ്ടെത്തി. 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സായൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫി കെ.പി, ഇവിടുത്തെ ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റുമാര്‍ എന്നിവരുടെ പങ്കും അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."