പെണ്‍കെണി കേസിലെ പ്രതി പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
കണ്ണൂര്‍: തളിപ്പറമ്പിലെ പെണ്‍കെണി കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസിനെ(22) ആണ് ഇന്നലെ രാത്രി 9.50ഓടെ വാര്‍ഡില്‍നിന്ന് കാണാതായത്. രക്താര്‍ബുദ രോഗിയായ റുബൈസിനെ മൂന്നുദിവസം മുമ്പാണ് കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. നേരത്തെ ലുക്കിമിയ ബാധിച്ച റുബൈസ് സ്വകാര്യ ആശുപത്രിയിലെ ചികില്‍സയിലൂടെ രോഗവിമുക്തനായിരുന്നു. കഴിഞ്ഞമാസം 20നാണ് ഇയാള്‍ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഏഴാംമൈലിലെ രിഫായി മസ്ജിദില്‍ നിസ്കാരത്തിനെത്തിയ ചെറുകുന്നോന്‍ ഹൗസില്‍ ഷബീറിന്റെ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ നേതൃത്വത്തില്‍ നടന്ന ഹണിട്രാപ്പും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെയുള്ള കഥകള്‍ പുറത്തായതും റുബൈസ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തതും. റുബൈസിനെ കര്‍ണാടകയിലെ ബാഗമണ്ഡലത്ത് മാല മോഷ്ടിച്ച കേസില്‍ കസ്റ്റഡിയിലെടുക്കാനായി ഇന്നലെ വൈകുന്നേരത്തോടെ കര്‍ണാടക പൊലിസ് കോഴിക്കോട് എത്തിയിരുന്നു. ഇവര്‍ എത്തിയതറിഞ്ഞാണ് പ്രതി സമര്‍ഥമായി രക്ഷപ്പെട്ടത്. റുബൈസിനെ കണ്ടെത്താന്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ പറഞ്ഞു. ഹണിട്രാപ്പ് കേസില്‍ ബ്ലാക്ക്മെയില്‍ സംഘം ഉപയോഗിച്ച ലാപ്ടോപ്പ് ഉള്‍പ്പെടെ കഴിഞ്ഞദിവസം പൊലിസ് കണ്ടെത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."