അഗ്നിശുദ്ധി വേണ്ടേ, നീതിപീഠത്തിലും
രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ചു പതിനാലുവര്‍ഷം കാട്ടില്‍ ജീവിക്കുകയും രാക്ഷസരാജാവു തട്ടിക്കൊണ്ടുപോയ സഹധര്‍മിണിയെ വീണ്ടെടുക്കാന്‍ ഘോരയുദ്ധം നടത്തുകയും വിജയിയായശേഷം നാട്ടിലെത്തി രാജാധികാരമേറ്റെടുക്കുയും ചെയ്ത സന്ദര്‍ഭത്തിലാണ് ശ്രീരാമന്റെ ചെവിയില്‍ ആ ആരോപണമെത്തുന്നത്.
'ദീര്‍ഘനാള്‍ രാവണന്റെ അധീനതയില്‍ കഴിഞ്ഞ സീത പതിവ്രത തന്നെയോ'എന്നതായിരുന്നു അത്.
ആരോപണമെന്നു പോലും പറഞ്ഞുകൂടാ, വെറുമൊരു സംശയം മാത്രം. ഒരേയൊരാള്‍ മാത്രമാണങ്ങനെ സംശയിച്ചത്. തന്റെ ഭരണത്തെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നുവെന്നറിയാന്‍ ശ്രീരാമന്‍ അയച്ച രഹസ്യദൂതന്മാരില്‍ ഒരാള്‍ മാത്രമാണ് അതുകേട്ടത്.
സീതയുടെ വിശുദ്ധിയെക്കുറിച്ച് ശ്രീരാമനു സംശയമേയുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ആരുടെയോ മനസ്സിലുദിച്ച സംശയം അവഗണിക്കാമായിരുന്നു. എന്നിട്ടും ശ്രീരാമന്‍ വിധിച്ചത് സീത പരസ്യമായി അഗ്നിശുദ്ധി വരുത്തി പാതിവ്രത്യം തെളിയിക്കണമെന്നാണ്. കാരണം, ഭരണാധികാരി നീതിമാനായിരിക്കണമെന്ന നിര്‍ബന്ധം ആ രാജാവിനുണ്ടായിരുന്നു.
'അല്ലാഹുവാണേ സത്യം, എന്റെ മകള്‍ ഫാത്തിമ കളവു നടത്തിയാലും അവളുടെ കൈ ഞാന്‍ വെട്ടും' എന്ന പ്രവാചകന്റെ വാക്കുകള്‍ ഓര്‍മയില്ലേ. രോമാഞ്ചത്തോടെ മാത്രമേ ആ പ്രഖ്യാപനവും അതിലേയ്ക്കു നയിച്ച സന്ദര്‍ഭവും സ്മരിക്കാനാവൂ. നീതിയിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ മഹത്വവും പ്രവാചകന്റെ മാതൃകാപരമായ ജീവിതവും ബോധ്യപ്പെടുത്തുന്നതാണ് ആ വാക്കും സന്ദര്‍ഭവും.
മക്കയില്‍ ഒരു കളവു നടന്നു. കളവിനെക്കുറിച്ചു നടത്തിയ അന്വേഷണത്തില്‍ കുലീനയായ ഒരു സ്ത്രീയാണ് അതു ചെയ്തതെന്നു കണ്ടെത്തി. ഇസ്‌ലാമിക നിയമപ്രകാരം, കളവു നടത്തിയയാളുടെ കൈ വെട്ടണം. അത്തരമൊരു ശിക്ഷയില്‍ നിന്ന് ആ സ്ത്രീയെ രക്ഷിക്കണമെന്ന് മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.
പക്ഷേ, പ്രവാചകന്റെ അനുമതി വേണമല്ലോ. നിയമവിരുദ്ധമായ കാര്യത്തിനു പ്രവാചകനോട് അഭ്യര്‍ഥിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ഒടുവില്‍ അവരൊരു തീരുമാനത്തിലെത്തി. പ്രവാചകന്റെ വളര്‍ത്തുപുത്രനായ സൈദിന്റെ പുത്രന്‍ ഉസാമയോട് പ്രവാചകനു നല്ല വാത്സല്യമാണ്. ഉസാമ ശുപാര്‍ശ ചെയ്താല്‍ ഒരു പക്ഷേ ഇളവു കിട്ടിയേക്കാം.
പ്രവാചക സന്നിധിയിലെത്തി ഉസാമ വിഷയമവതരിപ്പിച്ചു. അതുകേട്ടു നബിയുടെ മുഖം രോഷം കൊണ്ടു ചുവന്നു. 'അല്ലാഹുവിന്റെ നിയമത്തില്‍ മാറ്റം വരുത്താനാണോ നീ എന്നോടു ശുപാര്‍ശ ചെയ്യുന്നത് ' എന്നു ചോദിച്ചു.
പ്രവാചകന്റെ കോപം കണ്ട ഉസാമ ഇങ്ങനെ അപേക്ഷിച്ചു, 'തെറ്റു പറ്റിപ്പോയി, നബിയേ. എന്നോടു പൊറുക്കാന്‍ അങ്ങ് അല്ലാഹുവിനോട് അപേക്ഷിക്കണം.'
അന്നു രാത്രി തന്നെ പ്രവാചകന്‍ സഹചരന്മാരെയെല്ലാം വിളിച്ചു കൂട്ടി ഇങ്ങനെ പറഞ്ഞു, 'നിങ്ങളുടെ മുന്‍ഗാമികള്‍ നശിച്ചു പോയത് എങ്ങനെയെന്നറിയാമോ. കളവു നടത്തിയത് ഉന്നതരെങ്കില്‍ ഒഴിവാക്കുകയും സാധാരണക്കാരനെങ്കില്‍ ശിക്ഷിക്കുകയും ചെയ്യും. ഈ നിയമലംഘനം കാരണം അല്ലാഹു അവരെ നശിപ്പിച്ചു.'
പ്രവാചകന്റെ നിര്‍ബന്ധത്താല്‍ പിന്നീട് ആ സ്ത്രീയുടെ ശിക്ഷ നടപ്പാക്കപ്പെട്ടു.
അതേ അറേബ്യന്‍ മണ്ണില്‍ നിന്നു മൂന്നുവര്‍ഷം മുമ്പ് മറ്റൊരു വാര്‍ത്തയും കേട്ടു. കൊലക്കേസില്‍ പ്രതിയായ സഊദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ സഈദ് അല്‍ കബീറിനു വധശിക്ഷ നല്‍കാന്‍ അവിടത്തെ നീതിപീഠം വിധിച്ചു. പ്രതി രാജകുമാരനാണ്. എന്തു വിലകൊടുത്തും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ബന്ധുക്കള്‍ക്കാകും. മറ്റു പല രാജ്യങ്ങളിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ വാദി പ്രതിയാക്കപ്പെടും.
പക്ഷേ, സഊദി രാജാവോ രാജകുടുംബങ്ങളോ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ രാജകുമാരനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പൊറുക്കുമോയെന്നു കാത്തിരുന്നു. അതിനു തയ്യാറല്ലെന്നു വന്നപ്പോള്‍ വിധി നടപ്പാക്കി.
ഈ പശ്ചാത്തലത്തിലാണു സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരി ഉയര്‍ത്തിയ ആരോപണത്തെയും അതു കൈകാര്യം ചെയ്ത രീതിയോടുള്ള സമൂഹത്തിന്റെ പ്രതികരണത്തെയും വിലയിരുത്തേണ്ടത്.
ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഓഫിസില്‍ ജോലിയിലിരിക്കെ അദ്ദേഹത്തില്‍ നിന്നു മോശമായ അനുഭവം നേരിടേണ്ടി വന്നുവെന്നും അതിനെ ചെറുത്തതിനു ശേഷമുള്ള കാലത്തു താനും കുടുംബവും പലതരത്തിലും വേട്ടയാടപ്പെടുകയാണെന്നുമാണ് ആ സ്ത്രീയുടെ പരാതി.
ഏപ്രില്‍ 22ന് അവരുടെ പരാതി സുപ്രിംകോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും ലഭിച്ചു. അതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനു പിറ്റേന്ന് അവധിയായിട്ടും ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് വിളിച്ചുചേര്‍ക്കുകയും തന്റെ ഭാഗം വിശദീകരിക്കുകയും തൊട്ടടുത്ത ദിവസങ്ങളില്‍ ഈ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ സുപ്രിംകോടതിയിലെ സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ മൂന്നംഗ ആഭ്യന്തരസമിതിയെ നിയോഗിക്കുകയും ചെയ്തു.
ഇത്രയും നീതിയുക്തമായ നടപടികളാണെന്ന് ആരും സമ്മതിക്കും. രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ പരമോന്നത സ്ഥാനത്തിരിക്കുന്ന തനിക്കെതിരേ ഉയര്‍ന്ന ആരോപണംപോലും അന്വേഷിക്കപ്പെടണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നീതിബോധത്തെ പലരും അന്നു പ്രകീര്‍ത്തിച്ചതാണ്. സമിതിയിലെ അംഗങ്ങളിലൊരാളായ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസുമായി വ്യക്തിപരമായ അടുപ്പമുള്ളയാളാണെന്ന യുവതിയുടെ ആരോപണം വന്നപ്പോള്‍ അദ്ദേഹം പിന്മാറിയതും നീതിപീഠത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായി.
എന്നാല്‍, ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന ആഭ്യന്തരസമിതിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച സുപ്രിംകോടതി സെക്രട്ടറി ജനറലിന്റെ പത്രക്കുറിപ്പു പുറത്തുവന്നതോടെ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുകയാണ്. മുന്‍ ജഡ്ജിമാരും സീനിയര്‍ അഭിഭാഷകരും ആക്ടിവിസ്റ്റുകളുമുള്‍പ്പെടെ പലരും ഈ പരാതി കൈകാര്യ ചെയ്ത രീതിയിലെ നീതിരാഹിത്യത്തിനെതിരേ രംഗത്തുവന്നു. സുപ്രിംകോടതിക്കു മുന്നില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ആ പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു.
സമിതി മുമ്പാകെ മൊഴിനല്‍കാന്‍ പോയ പരാതിക്കാരിയോടൊപ്പം അവരുടെ അഭിഭാഷകനെയോ സുഹൃത്തിനെയോ പങ്കെടുപ്പിക്കാതിരുന്നതും സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരിക്കു നല്‍കാതിരുന്നതുമാണ് വിമര്‍ശനത്തിനും പ്രതിഷേധത്തിനും കാരണം. ക്ലീന്‍ ചിറ്റ് നല്‍കാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നതെങ്ങനെയെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്താത്തതിനാല്‍ പുറംലോകത്തിനറിയില്ല.
ചീഫ് ജസ്റ്റിസ് തെറ്റുകാരനാണെന്ന അഭിപ്രായമേയില്ല. ആഭ്യന്തരസമിതിയുടെ കണ്ടെത്തല്‍ പക്ഷപാതപരമാണെന്ന ആരോപണവുമില്ല. അഡ്വ. ഉത്സവ് ബെയിന്‍സ് നല്‍കിയ ഹരജിയില്‍ പറയുന്നപോലെ നീതിപീഠത്തെ കരിവാരിത്തേയ്ക്കാന്‍ കോര്‍പ്പറേറ്റ് മാഫിയ നടത്തിയ ഗൂഢാലോചനയുടെ ഭാഗം പോലുമാകാം ലൈംഗികാരോപണം.
പക്ഷേ, അതു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല ഒരു ജനാധിപത്യ സംവിധാനത്തില്‍ നിറവേറ്റേണ്ടതല്ലേ. റിപ്പോര്‍ട്ട് ആരും കാണേണ്ടെന്നു ശഠിക്കുമ്പോള്‍, പലരുടെയും മനസ്സില്‍ മുളച്ചു പൊങ്ങുന്നതു സംശയത്തിന്റെ വിത്തുകള്‍ തന്നെയായിരിക്കും.
ജനാധിപത്യ സംവിധാനത്തില്‍ അധികാരസ്ഥാനങ്ങള്‍ അഗ്നിശുദ്ധി വരുത്താന്‍ ബാധ്യസ്ഥമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."