HOME
DETAILS
MAL
ആ കുരുന്നുകള്‍ ജന്മനാട്ടിലേക്ക് മടങ്ങി; സ്വപ്‌നങ്ങളെല്ലാം പെട്ടിയിലടച്ച്
backup
September 24 2020 | 01:09 AM
പെരുമ്പാവൂര്‍: 'തിരിച്ചു വരും, കേരളത്തിലേക്ക്...അത് ഭര്‍ത്താവിന്റെ കൈയും പിടിച്ചായിരിക്കും... ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപെടും തന്റെ ഭര്‍ത്താവിന്റെ നിരപരാധിത്വം'. റുക്‌സാനയുടെയും ജാഫറിന്റെയും കൈകളില്‍ പിടിച്ച് യാത്രയാകുമ്പോള്‍ സോമിയക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. രാജ്യത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം ഉപേക്ഷിച്ചാണ് റുക്‌സാനയും ജാഫറും കണ്ടു വളര്‍ന്ന മുടിക്കലിലെ വാടക വീട്ടില്‍ നിന്നും മടങ്ങിയത്. അവര്‍ക്കറിയില്ല എന്തിനാണ് പിതാവിനെ പിടിച്ചുകൊണ്ടു പോയതെന്ന്. അല്‍ഖാഇദ ബന്ധമാരോപിച്ചാണ് തന്റെ ഭര്‍ത്താവ് മുഷ്‌റഫ് ഹുസൈനെ എന്‍.ഐ.എ ഒരു ദിനം പിടിച്ചുകൊണ്ടു പോയതെന്ന് സോമിയയ്ക്ക് പോലും ഇതുവരെ വിശ്വസിക്കാനായില്ല, പിന്നെയെങ്ങനെ മുടിക്കല്‍ ഷറഫിയ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളായ ഈ കുട്ടികള്‍ക്കറിയും. ഒന്നു മാത്രം അവര്‍ക്കറിയാം, തങ്ങളുടെ പ്രിയപ്പെട്ട സ്‌കൂളും സഹപാഠികളേയുമെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്നും പോകുകയാണ്. സ്‌കൂള്‍ അധികൃതര്‍ പ്രിയ വിദ്യാര്‍ഥിയെ അവസാനമായി കാണാനെത്തിയപ്പോള്‍ റുക്‌സാന നിഷ്‌കളങ്കതയോടെ ചോദിച്ചു. എനിക്ക് സ്‌കൂളിലെ കൂട്ടുകാരെ ഒരിക്കല്‍ കൂടി കാണാന്‍ കഴിയുമോ? കൊവിഡ് കാലമായതിനാല്‍ ആ കുരുന്നിന്റെ ആഗ്രഹം നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്കുമായില്ല.
എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരുന്ന നാട്ടുകാരോട് യാത്ര പറഞ്ഞ സോമിയ വിങ്ങിപൊട്ടിയപ്പോള്‍ കണ്ടുനിന്ന നാട്ടുകാര്‍ക്കും സങ്കടം അണപൊട്ടി. 'മജ്ബൂരി ഹേ സാബ്' സോമിയ പറയുന്നു. തന്റെ ഭര്‍ത്താവ് അങ്ങനെ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പാണ്. കസ്റ്റഡിയില്‍ നിന്നും വിളിച്ച ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങള്‍ മടങ്ങുന്നത്. ഇനി ഇവിടെ തങ്ങള്‍ക്ക് ആരുമില്ല. അതിനാല്‍ നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങുന്നു. മുഷറഫ് ജോലി ചെയ്തിരുന്ന തുണിക്കടയുടെ ഉടമസ്ഥനും അബൂബക്കറും വാടക വീട്ടുടമസ്ഥനും നാട്ടുകാരും സഹകരിച്ച് ഇന്നലെ രാത്രി 10 ന് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും അവര്‍ മുര്‍ഷിദാബാദിലേക്ക് തിരിച്ചു. ഒരു വര്‍ഷത്തെ മുന്‍കൂര്‍ ഫീസടച്ചിരുന്ന സ്‌കൂളിലെ അധ്യാപകര്‍ റുക്‌സാനയെയും ജാഫറിനെയും ഒരിക്കല്‍ കൂടി വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."