മുസ്‌ലിംകളെ കോണ്‍ഗ്രസ് അവഗണിക്കുന്നു, ഞാനൊരിക്കലും മുസ്‌ലിംകളോട് വിവേചനം കാട്ടിയിട്ടില്ല, എന്തുകൊണ്ട് മുസ്‌ലിമിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിക്കൂടാ? മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി എന്നും മുസ്‌ലിംകളെ വോട്ട് ബാങ്കായി മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും മുസ്‌ലിംനേതാക്കളെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ മതേതരത്വം കപടമാണ്. മുസ്‌ലിംവോട്ട് ബാങ്കിനെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം മാത്രമാണ് അവരുടെത്. മുസ്‌ലിംകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഏതെങ്കിലും സമുദായത്തോട് എന്റെ സര്‍ക്കാര്‍ വിവേചനം കാണിച്ച ഒരു സംഭവം പറയാമോ? 13 വര്‍ഷം ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും അഞ്ചുവര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോഴും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് എ.പി.ജെ അബ്ദുല്‍ കലാമിനേയും ടെന്നിസ് തരാം സാനിയ മിര്‍സയേയും 1965ലെ പാകിസ്താനുമായുള്ള യുദ്ധത്തിലെ ഹീറോ അബ്ദുല്‍ ഹമീദിനെയും ഇവര്‍ സ്വന്തം ആളുകളായി കാണാത്തത്? എന്തുകൊണ്ട് ഒരു മുസ്‌ലിമിന് ഇപ്പോള്‍ രാഹുല്‍ ഗാന്ധി വഹിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലിരുന്നു കൂടാ?- മോദി ചോദിച്ചു. ഹജ് ക്വാട്ട സഊദി ഉയര്‍ത്തിയത് അവിടത്തെ രാജാവുമായി താന്‍ നടത്തിയ ചര്‍ച്ചയുടേയും ഇടപെടലിന്റേയും ഭാഗമായാണെന്നും മോദി പറഞ്ഞു.
അവരുടെ എം.പിമാരും എം.എല്‍.എമാരും സ്വയം മതേതരര്‍ എന്നു വിശേഷിപ്പിക്കുന്നവരാണ്. അവരെന്നെങ്കിലും മുസ്‌ലിംകളെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ? എന്തുകൊണ്ടാണ് ദലിത്, മുസ്‌ലിം ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ ലയണ്‍സ് ക്ലബ്ബിന്റെ മേധാവികള്‍ ആകാത്തത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. എന്തിനാണ് എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തുന്നത്.? മാധ്യമപ്രവര്‍ത്തനത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ വരാത്തത്? അതിന് ഞങ്ങള്‍ ആണോ ഉത്തരവാദികള്‍? ഞങ്ങള്‍ ഇപ്പോള്‍ മാത്രമാണ് വന്നത്.
വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് ചിലര്‍ പറയുന്നത് 'ഖാന്‍ മാര്‍ക്കറ്റ് മന:സ്ഥിതി' (ഡല്‍ഹിയിലെ സമ്പന്ന വിഭാഗം) വച്ചാണ്. അവര്‍ ചില പ്രത്യേക സമുദായങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരാണ്. ചില സമുദായക്കാരെ ഭീകരര്‍ എന്ന് വിളിക്കാന്‍ പാടില്ല എന്നാണ് ഇവര്‍ പറയുന്നത്. ഹിന്ദു ഭീകരര്‍ എന്ന് പറയുന്നതിന് ഇവര്‍ക്ക് മടിയില്ല താനും. 'ഖാന്‍ മാര്‍ക്കറ്റ് ഗ്യാംഗ്' അല്ല എന്റെ പ്രതിച്ഛായ നിര്‍മ്മിച്ചത്. അത് 45 വര്‍ഷത്തെ കഠിന തപസ്സിലൂടെ നേടിയെടുത്തതാണ്- മോദി പറഞ്ഞു.
17മത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ദിവസമാണ് മോദിയുടെ അഭിമുഖം പുറത്തുവന്നത്. 545 അംഗ ലോക്‌സഭയിലെ 437 സീറ്റുകളിലേക്കാണ് ബി.ജെ.പി മല്‍സരിക്കുന്നത്. ഇതില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ഏഴുപേര്‍ മാത്രമാണ്. 464 സീറ്റുകളിലേക്കു മല്‍സരിക്കുന്ന കോണ്‍ഗ്രസ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള 31 പേര്‍ക്കും സീറ്റ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."