ജലവിതരണം ഇന്നാരംഭിക്കും
കോഴിക്കോട്: മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത് ജലമലിനീകരണം കൊണ്ടല്ലെന്ന് ജലവിഭവ വികസന കേന്ദ്രത്തിന്റെ (ഇണഞഉങ) പരിശോധനാ റിപ്പോര്‍ട്ട്. എന്നാല്‍ ചിറയിലെ ജലത്തില്‍ ബാക്ടീരിയയുടെയും പി.എച്ചിന്റെയും അളവ് കൂടുതലായിട്ടുണ്ടെന്നും ഇത് മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നതിന് കാരണമല്ലെന്നുമാണ് റിപ്പോര്‍ട്ട്.
ജലവിഭവ വികസന കേന്ദ്രത്തിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.എസ് ഹരികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മലിനീകരണമല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ മാനാഞ്ചിറയില്‍ നിന്നും ജലവിതരണം ആരംഭിക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.
എന്നാല്‍ ബാക്ടീരിയയുടെ അളവിലുള്ള വര്‍ധനവ് ഗൗരവതരമായി എടുക്കുന്നുണ്ടെന്നും ഇതിനുവേണ്ട നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.
ഇന്നലെ രാവിലെ ആറിന് സി.എം.എഫ്.ആര്‍.ഐ വെറ്റിനറി പത്തോളജിസ്റ്റ് ഡോ. കൃപേഷ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം മീനിന്റെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തു. സാമ്പിള്‍ കൊച്ചിയിലെ സി.എം.എഫ്.ആര്‍.ഐ ലാബിലേക്ക് അയച്ചു. ജീവനുള്ള മത്സ്യങ്ങളെയാണ് പരിശോധനയ്ക്കായി സംഘം എടുത്തിട്ടുള്ളത്.
ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ ആറു ദിവസമെടുക്കുമെന്ന് സി.എം.എഫ.്ആര്‍.ഐ ശാസ്ത്രജ്ഞന്‍ ഡോ. പി.കെ അശോകന്‍ പറഞ്ഞു. ഈ പരിശോധനയിലൂടെ മാത്രമേ മത്സ്യത്തിന് എന്തുതരം രോഗമാണ് പിടിപെട്ടെതെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ഇപ്പോള്‍ കുറഞ്ഞതായാണ് സംഘത്തിന്റെ വിലയിരുത്തല്‍.
ചൊവ്വാഴ്ച മാനാഞ്ചിറയുടെ സെക്യൂരിറ്റി ജീവനക്കാരാണ് കുളത്തിന്റെ പല ഭാഗത്തും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് കണ്ടെത്തിയത്.
വിവരം കോര്‍പറേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി ചത്ത മത്സ്യങ്ങളെ നീക്കി. തുടര്‍ന്ന് കോര്‍പറേഷന്‍ ജലവിഭവ വികസന കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."