HOME
DETAILS
MAL
കൊവിഡ്: വരുംദിവസങ്ങളില്‍ മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍
backup
September 25 2020 | 03:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നും മരണനിരക്ക് കുത്തനെ കൂടുമെന്നും ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി.
രോഗബാധിതരില്‍ എല്ലാ പ്രായ പരിധിയില്‍പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.
അണ്‍ലോക്കിന്റെ ഘട്ടത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വരുന്ന ഇളവിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നോക്കി കാണുന്നത്.
ഇന്നലെ വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 613 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്. 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്‌കരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കില്‍ പറയുന്നു.
ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്ന് പേരും 18 വയസിനും 40നും ഇടയിലുള്ള 28 പേരും 41നും 59നും ഇടയിലുള്ള 140 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
60 വയസിന് മുകളിലുളള 422 പേരാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരില്‍ 72.73 ശതമാനം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഉറവിടമറിയാതെ രോഗബാധിതരായ 23 ശതമാനം പേരാണ് സംസ്ഥാനത്ത് മരിച്ചത്.
നാലു ജില്ലകളില്‍ പരിശോധന ഇരട്ടിയാക്കണമെന്ന് നിര്‍ദേശം
കൊവിഡ് വ്യാപനം അതിരൂക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളിലെ പരിശോധന ഇരട്ടിയാക്കണമെന്ന് നിര്‍ദേശം. ആരോഗ്യവകുപ്പിന്റെ പ്രതിവാര കൊവിഡ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പരിശോധന ഇരട്ടിയാക്കേണ്ടത്. ഇവിടെ രോഗലക്ഷണങ്ങളുള്ള മുഴുവന്‍ പേരും പരിശോധന നടത്തുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ഇതിനായി വ്യക്തികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും വിധം പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 5.7 ല്‍ നിന്ന് 7 ലേക്കും പാലക്കാട് 7.8ല്‍നിന്ന് 9.5ലേക്കും കോഴിക്കോട് 6.4ല്‍നിന്ന് 9.1ലേക്കും ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് 14.1, മലപ്പുറത്ത് 16.2, കണ്ണൂര്‍ 10.9, കാസര്‍കോട് 13.6 എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി. നൂറു പേരില്‍ പരിശോധന നടത്തുമ്പോള്‍ എത്ര പേര്‍ക്ക് കൊവിഡ് പോസിറ്റീവാകുന്നു എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഈ ജില്ലകളിലൊക്കെയും രോഗ ലക്ഷണമുള്ള കൊവിഡ് സംശയിക്കുന്നവര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായാല്‍ അവര്‍ക്ക് ആര്‍. ടി.പി.സി.ആര്‍ കൂടി നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തു ലക്ഷം പേരില്‍ എത്ര പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നതില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കഴിഞ്ഞ ആഴ്ച്ചയിലെ കണക്കുളേക്കാള്‍ വലിയ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്ത് 1036ല്‍ നിന്ന് 1378 ലേക്കും പത്തനംതിട്ടയില്‍ 691ല്‍ നിന്ന് 825ലേക്കും ആലപ്പുഴയില്‍ 646ല്‍നിന്ന് 936ലേക്കും എറണാകുളത്ത് 494ല്‍നിന്ന് 640ലേക്കും തൃശൂരില്‍ 429ല്‍ നിന്ന് 539ലേക്കും പാലക്കാട് 373ല്‍നിന്ന് 538ലേക്കും മലപ്പുറത്ത് 450ല്‍നിന്ന് 576ലേക്കും കോഴിക്കോട് 529ല്‍ നിന്ന് 867ലേക്കും വയനാട് 404ല്‍നിന്ന് 595ലേക്കും കേസുകള്‍ വര്‍ധിച്ചു.
കാസര്‍കോട് മാതൃക
ഫലപ്രദമെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രോഗ ലക്ഷണം പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതര്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്നതിന് കാസര്‍കോട് ജില്ലയില്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്.
കാസര്‍കോട് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നാല്‍പത് ശതമാനവും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരായിരുന്നു. ഓരോരുത്തരുടെയും വീടുകളിലെ സൗകര്യം വിലയിരുത്തി, കൃത്യമായ ഏകോപനത്തോടെ ഫലപ്രദമായ രീതിയില്‍ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിനായി കൊവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി. ഓരോ തദ്ദേശ സ്ഥാപനത്തിലെയും പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതര്‍, കൊവിഡ് അപകടാവസ്ഥയിലേക്ക് പോകുന്നതിന്റെ ലക്ഷങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ പരിധിയിലുള്ള രോഗികള്‍ക്ക് അവബോധം നല്‍കി. കൂടാതെ പള്‍സ് ഓക്‌സിമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ആവശ്യമായ പരിശീലനം വിഡിയോകള്‍ വഴി നല്‍കുകയും ചെയ്തു.
പള്‍സ് ഓക്‌സി മീറ്റര്‍ സ്വന്തമായി വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്കായി ഓരോ തദ്ദേശ സ്ഥാപനവും 20 ഓക്‌സീ മീറ്ററുകള്‍ വീതം വാങ്ങി സൂക്ഷിച്ചു.
മെഡിക്കല്‍ ഓഫിസര്‍മാര്‍ ദിവസം രണ്ടു പ്രാവശ്യം ഓരോ രോഗിയുടെയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുകയും ചെയ്തു.
ഇതിനു പുറമെ വീടുകളിലുള്ള രോഗികളുടെ മറ്റെല്ലാ ആവശ്യങ്ങളും പരിഹരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് സെന്ററും തുടങ്ങിയിരുന്നു. കാസര്‍കോട് മാതൃക സംസ്ഥാനത്താകെ നടപ്പാക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ രോഗ ലക്ഷണമില്ലാത്ത കൊവിഡ് ബാധിതര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."