സി ആപ്റ്റില്‍ നിന്ന് മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തില്‍ തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെ ജി.പി.എസ് പ്രവര്‍ത്തിച്ചില്ല
തിരുവനന്തപുരം: സി ആപ്റ്റില്‍ നിന്ന് മതഗ്രന്ഥങ്ങളുമായി പോയ വാഹനത്തിന്റെ ജി.പി.എസ് സംവിധാനം തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെ പ്രവര്‍ത്തിച്ചില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തി.
കഴിഞ്ഞ രണ്ടു ദിവസമായി സി ആപ്റ്റില്‍ എന്‍.ഐ.എ പരിശോധന നടത്തുകയും സ്റ്റോര്‍ കീപ്പര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുക്കുകയും പാര്‍സല്‍ കൊണ്ടുപോയ വാഹനത്തിന്റെ ജി.പി.എസ് പരിശോധിക്കുകയും യാത്രാരേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പരിശോധനയിലാണ് ജി.പി.എസ് പ്രവര്‍ത്തിക്കാതിരുന്നത് കണ്ടെത്തിയത്. പാഠപുസ്തകങ്ങള്‍ക്കൊപ്പം മതഗ്രന്ഥം കൊണ്ടുപോയത് ഔദ്യോഗികമായി രേഖപ്പെടുത്താതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മന്ത്രി കെ.ടി ജലീലിന്റെയും എം.ഡിയുടെയും നിര്‍ദേശമായതിനാലാണ് രേഖപ്പെടുത്താതിരുന്നതെന്നാണ് ജീവനക്കാരുടെ മൊഴി. ജൂണ്‍ 25ന് സി ആപ്ടിലെത്തിയ പാര്‍സലുകള്‍ 30നാണ് അവിടെ നിന്ന് കൊണ്ടുപോയത്. രാത്രി എട്ടു മണിയോടെ ഒരു ഡ്രൈവര്‍ മാത്രമുള്ള വാഹനം വട്ടിയൂര്‍ക്കാവിലെ ഓഫിസില്‍ നിന്ന് യാത്ര തുടങ്ങി. രാത്രി ആലപ്പുഴയ്ക്കടുത്ത് വിശ്രമിച്ച ശേഷം രാവിലെ 10 മണിയോടെ തൃശൂരിലെത്തി. ഇതുവരെയുള്ള യാത്രാവിവരങ്ങളെല്ലാം ജി.പി.എസ് റെക്കോര്‍ഡറിലുണ്ട്. എന്നാല്‍ പിന്നീട് കണ്ണൂരെത്തുന്നതു വരെ ഏകദേശം ഏഴു മണിക്കൂറോളം ജി.പി.എസ് പ്രവര്‍ത്തിച്ചില്ല. സി ആപ്റ്റിലെ നാലു വാഹനങ്ങളില്‍ കെല്‍ട്രോണാണ് ജി.പി.എസ് സംവിധാനം 2017ല്‍ ഘടിപ്പിച്ചത്. ഇതുവരെ ഒരു തകരാറും സംഭവിച്ചിട്ടില്ല.
തൃശൂരിലെത്തിയ ശേഷം ജി.പി.എസ് പ്രവര്‍ത്തനരഹിതമായതിനെക്കുറിച്ച് സി ആപ്റ്റില്‍ അന്വേഷണമുണ്ടായിട്ടുമില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ ഇതേ വാഹനത്തിലെ ജി.പി.എസ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ജി.പി.എസ് ഇടയ്ക്കു തകരാറിലാകുന്നത് സാധാരണയാണെന്നാണു ജീവനക്കാരുടെ മൊഴി. ജി.പി.എസിലെ എല്ലാ വിവരങ്ങളും ക്ലൗഡ് സെര്‍വറിലാണ് ശേഖരിക്കപ്പെടുന്നത്. ക്ലൗഡ് സെര്‍വറില്‍ നിന്ന് ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭിക്കും. കെല്‍ട്രോണിന്റെയും സിഡാക്കിന്റെയും സഹായത്തോടെ വിവരങ്ങള്‍ വീണ്ടെടുക്കാനാണ് എന്‍.ഐ.എ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."