അറസ്റ്റ് ചെയ്തയാളെ ബലമായി മോചിപ്പിച്ചു; രാത്രി കമ്പളക്കാട് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍
കമ്പളക്കാട്: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം പാതിരാത്രി കമ്പളക്കാട് പൊലിസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടവയലിലുണ്ടായ സംഘര്‍ഷത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത കമ്പളക്കാട് സ്റ്റേഷനിലത്തിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ബലമായി മോചിപ്പിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ ആരംഭിച്ചത്. കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം ഇന്നലെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയ നെല്ലിയമ്പം ഗഫൂറിനെയാണ് രാത്രി പത്തുമണിയോടെ ഒരുസംഘമാളുകളെത്തി ബലമായി മോചിപ്പിച്ചത്.
എസ്.ഐ ഉള്‍പെടെയുള്ള പൊലിസുകാരെ വകഞ്ഞുമാറ്റിയാണ് ഗഫൂറിനെ മോചിപ്പിച്ചത്. വിവരമറിഞ്ഞ് രാത്രി 10.30ഓടെ സ്റ്റേഷനിലെത്തിയ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പൊലിസ് സ്റ്റേഷന്‍ വരാന്തയില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പി.പി ആലി, എന്‍.ഡി അപ്പച്ചന്‍, പി. ഇസ്മായില്‍, റസാഖ് കല്‍പ്പറ്റ, കെ.കെ അബ്രഹാം, കെ.കെ ഹനീഫ, ജഷീര്‍ പള്ളിവയല്‍, ടി. ഹംസ, കാട്ടി ഗഫൂര്‍ തുടങ്ങി യു.ഡി.എഫിന്റെ ജില്ലാ നേതാക്കളെല്ലാം എത്തിച്ചേര്‍ന്നു.
മുദ്രാവാക്യം വിളികളും പ്രസംഗങ്ങളുമായി നേതാക്കളും പ്രവര്‍ത്തകരും വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ പൊലിസുകാര്‍ ലാത്തിയുമായി മുറ്റത്തും നിലയുറപ്പിച്ചപ്പോള്‍ സ്റ്റേഷന്‍ വരാന്തയും പരിസരവും അര്‍ധരാത്രിയിലും സംഘര്‍ഷാവസ്ഥയിലായി.
ഏറെ വൈകി മോചിപ്പിക്കപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്‌തോടെയാണ് സമരം അവസാനിപ്പിച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് നേതാക്കളും പ്രവര്‍ത്തകരും പിരിഞ്ഞു പോയത്.
അതേസമയം, കമ്പളക്കാട് പൊലിസ് സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തയാളെ ബലമായി മോചിപ്പിച്ച സംഭവത്തില്‍ ഡിവൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പെടെ ആറുപേര്‍ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടോടെ കീഴടങ്ങി. ജില്ലാ പ്രസിഡന്റ് കെ.പി ഷിജു, സുനീഷ്, അനൂപ്, കബീര്‍, ഷിനാസ് എന്നിവരാണ് പൊലിസില്‍ കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."