സംസ്ഥാനത്ത് ഭരണസ്തംഭനം: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്കു പോയതിനു പിന്നാലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ മരവിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ചികിത്സ അനിവാര്യമാണെങ്കിലും പകരം ആര്‍ക്കും ചുമതല നല്‍കാത്തതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്നും അദ്ദേഹം മീറ്റ് ദി പ്രസ് പരിപാടിയില്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്കു സ്വന്തം മന്ത്രിമാരെ വിശ്വാസമില്ലാത്തതാണ് ചുമതല കൈമാറാത്തതിനു കാരണം. സംസ്ഥാനത്തു ഭരണസ്തംഭനംമൂലം ഒന്നും നടക്കുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. തീരുമാനങ്ങളെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണെന്നും മുന്‍പു മുഖ്യമന്ത്രിമാര്‍ വിദേശത്തു ചികിത്സക്കും മറ്റുമായി പോയപ്പോഴെല്ലൊം ചുമതല ഏതെങ്കിലും മന്ത്രിക്കു കൈമാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരില്‍ ഏകോപനമില്ലാത്ത അവസ്ഥയാണ്. മന്ത്രിമാരുടെ വിദേശ യാത്ര സംബന്ധിച്ച്, ഇപ്പോഴത്തെ സാഹചര്യത്തില്‍ അനാവശ്യ ചെലവുകള്‍ വേണോയെന്ന് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ പോയി പണപ്പിരിവ് നടത്തുന്നതിനു നടപടിക്രമങ്ങളും ചട്ടങ്ങളുമുണ്ട്. അതൊന്നും പരിശോധിക്കാതെ എടുത്തുചാടരുത്. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നു നിര്‍ബന്ധിത പിരിവ് പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."