മസാല ബോണ്ട് രഹസ്യമായി പുറത്തിറക്കിയതിന് തെളിവുമായി ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ലാവ്‌ലിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബെക് പ്രവിശ്യയില്‍ വച്ച് രഹസ്യമായി പുറത്തിറക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് ആധാരമായ രേഖകളും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. മസാല ബോണ്ട് സി.ഡി.പി.ക്യു വാങ്ങിയശേഷമാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പബ്ലിക് ബോണ്ടായി ലിസ്റ്റ് ചെയ്തത്.
മസാലാ ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യുവിന് ലാവ്‌ലിനുമായി വിദൂരമായ ബന്ധം മാത്രമാണെന്ന വാദം തെറ്റാണ്. അവര്‍ ഏറ്റെടുക്കുന്ന അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ ഉപകരാര്‍ നല്‍കുന്നതിന് രൂപീകരിച്ച കണ്‍സോര്‍ഷ്യത്തെ നയിക്കുന്നത് ലാവ്‌ലിനാണ്. ചുരുക്കത്തില്‍ ലാവ്‌ലിന് വേണ്ടി കരാര്‍ ഏറ്റെടുക്കുന്ന കമ്പനി മാത്രമാണ് സി.ഡി.പി.ക്യു. ലാവ്‌ലിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ചയായതാണ്. അതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോഴും പിണറായി പ്രതിസ്ഥാനത്തുമാണ്.
കിഫ്ബി ബോണ്ട് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കും. 2150 കോടി രൂപക്ക് അഞ്ചുവര്‍ഷം കൊണ്ട് 1045 കോടി രൂപയാണ് പലിശയായി നല്‍കേണ്ടത്. ഒരു വരുമാനവുമില്ലാത്ത കിഫ്ബി കടം തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് അടയ്‌ക്കേണ്ടിവരും. ഇപ്പോള്‍ തന്നെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ 4,500 കോടി രൂപ വായ്പ എടുത്തുകഴിഞ്ഞു. കിട്ടുന്ന എല്ലാ വരുമാനവും വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വേണ്ടി മാത്രമാകുന്ന സ്ഥിതിയാണ്. ഇതിലുള്ള ആശങ്കമൂലമാണ് മസാലാ ബോണ്ടുമായി ബന്ധപ്പെട്ട ഫയല്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ സംഘത്തെ കാണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്.
എന്നാല്‍, കത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ മുഖ്യമന്ത്രിയുടെ വീട്ടുകാര്യത്തേയോ സ്വകാര്യ ഇടപാടിനെക്കുറിച്ചോ അല്ല ചോദിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."