ദുരന്തം തട്ടിയെടുത്തെങ്കിലും മോഹനന്റെ സ്വപ്നങ്ങള്‍ക്ക് നൂറുമേനി വിളവ്
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൂന്നംഗ കുടുംബത്തോടൊപ്പം ചിരസ്മരണയായ കന്നുകുഴിയില്‍ മോഹനന്റെ കാര്‍ഷിക സ്വപ്നങ്ങള്‍ക്ക് നൂറുമേനി വിളവ്. മോഹനന് വിട വാങ്ങിയെങ്കിലും മികച്ച കര്‍ഷകനായിരുന്ന അദ്ദേഹത്തിന്റെ സ്മരണകളിരമ്പുന്നതായിരുന്നു അഞ്ച് ഏക്കര്‍ സ്ഥലത്തെ വിളവെടുപ്പ്.
എറണാംകുളം കലൂര്‍ സ്വദേശി എറാട്ട് പറമ്പില്‍ അബ്ദുല്ല കുട്ടിയുടെ അഞ്ച് ഏക്കര്‍ സ്ഥലത്തെ റംബൂട്ടാന് കൃഷിയിടത്തില്‍ ഇടവിളയായാണ് വര്‍ഷങ്ങളായി മോഹനും മറ്റ് മൂന്ന് സഹപ്രവര്‍ത്തകരും ചേര്‍ന്ന് പച്ചക്കറി കൃഷിയില്‍ പുതിയൊരു കാര്‍ഷിക സംസ്കാരം തീര്‍ത്തിരുന്നത്. മിണാലൂര്‍ സ്വദേശി വെട്ടുകാട്ട് കളത്തില്‍ ഷാജി (40), പാര്‍ളിക്കാട് ചേനോത്ത് ജോസ് (55), നായരങ്ങാടി കാവുങ്കല്‍ സുനില്‍ (42) എന്നിവരായിരുന്നു സഹകര്‍ഷകര്‍. കുറാഞ്ചേരിയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന മോഹനന് ചെറുപ്പം മുതലേ കാര്‍ഷികവൃത്തിയില്‍ സജീവമായിരുന്നു. അതു കൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു കൃഷിയിറക്കല്‍.
തികച്ചും സൗജന്യമായാണ് അബ്ദുല്ല കുട്ടി ഈ കൃഷി കൂട്ടായ്മയ്ക്ക് സ്ഥലം വിട്ട് നല്‍കിയിരുന്നത്. അത്യധ്വാനിയായിരുന്നു മോഹനനെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. മത്തന്‍, കുമ്പളം, കയ്പ, പാവല്‍, വെണ്ട , കൊള്ളി, ചീര, എന്നിവയായിരുന്നു കൃഷി ഇറക്കിയിരുന്നത്.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് ഏറ്റവും മികച്ച വിത്തുകള്‍ ശേഖരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കടുത്ത വേനല്‍ ചതിച്ചപ്പോള്‍ അരലക്ഷം രൂപയുടെ നഷ്ടം നേരിട്ടു ഈ സംഘത്തിന്. എങ്കിലും കാര്‍ഷികരംഗത്ത് ഉറച്ചുനില്ക്കാന് മോഹനാണ് ഇവര്‍ക്ക് കരുത്തായിരുന്നത്. ഇത്തവണ മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു മോഹനും സംഘവും.
ഓണവിപണി ലക്ഷ്യമിട്ട് ടണ്‍ കണക്കിന് പച്ചക്കറികള്‍ വിളവെടുപ്പിന് തയാറെടുത്ത് നില്‍ക്കുമ്പോഴാണ് കഴിഞ്ഞ 16 ലെ ദുരന്തം ക്ഷണിയ്ക്കപ്പെടാത്ത വില്ലനായെത്തി സംഘത്തലവനെതന്നെ തട്ടിയെടുത്തത്. വേദന കടലോളമായപ്പോള് എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പി സഹപ്രവര്‍ത്തകര്‍.
മോഹനില്ലാതെ തോട്ടത്തിലേയ്ക്ക് പോകാന്‍ കൂട്ടുകാര്‍ തയാറായില്ല. മൂകസാക്ഷിയായി നിലകൊള്ളേണ്ടിവന്നു കാര്‍ഷിക ഉല്പന്നങ്ങള്ക്ക്. ഒടുവില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും സ്നേഹ സാന്ത്വനവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് അതിജീവനത്തിന്റെ ദിനങ്ങള്‍ പിന്നിട്ട് വിളവെടുപ്പ് നടന്നത്.
കര്‍ഷകരുടെ വിജയഗാഥ വാഴ്ത്തിപ്പാടിയിരുന്ന കാര്‍ഷിക ഇടം ശോകമൂകമായിരുന്നു. എങ്കിലും അത് ഒരു നാടിന് ഒരു വീണ്ടെടുക്കലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."