HOME
DETAILS
MAL
നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലിസുദ്യോഗസ്ഥരുടെ നുണപരിശോധന തുടങ്ങി
backup
September 29 2020 | 04:09 AM
കൊച്ചി: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ പൊലിസുദ്യോഗസ്ഥരുടെ നുണപരിശോധന തുടങ്ങി. കൊച്ചിയിലെ സി.ബി.ഐ ഓഫിസിലാണ് പരിശോധന.
കട്ടപ്പന മുന്‍ ഡിവൈ.എസ്.പി പി.പി ഷംസ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന അബ്ദുല്‍ സലാം എന്നിവരുടെ നുണപരിശോധനയാണ് ഇന്നലെ നടന്നത്. പരിശോധനയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷംസിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. ഷംസിനെ രാവിലെയും അബ്ദുല്‍ സലാമിനെ ഉച്ചയ്ക്കു ശേഷവുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാലിന്റെ നുണപരിശോധന ഇന്ന് നടക്കും.
പൊലിസ് കസ്റ്റഡിയില്‍ രാജ്കുമാര് ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് ഈ ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നോ എന്നാണ് സി.ബി.ഐ പരിശോധിക്കുന്നത്.
രാജ്കുമാര് കസ്റ്റഡിയിലുളള കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് എസ്.പി അടക്കമുളള ഉദ്യോഗസ്ഥര്‍ നേരത്തെ സി.ബി.ഐയോട് പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. നെടുങ്കണ്ടം പൊലിസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ മര്‍ദിച്ചത് ഉന്നതോദ്യോഗസ്ഥര്‍ക്കും അറിയാമായിരുന്നുവെന്ന് സാക്ഷിമൊഴിയുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
സംഭവത്തില്‍ ആകെ എട്ടു പൊലിസുദ്യോഗസ്ഥര്‍ സി.ബി.ഐ കസ്റ്റഡിയിലുണ്ട്. പീരുമേട് സബ് ജയിലില്‍ റിമാന്റിലിരിക്കെയാണ് ജൂണ്‍ 21ന് രാജ്കുമാര് മരിച്ചത്. സി.ഐ ആവശ്യപ്പെട്ടിട്ടും എസ്.ഐയും മറ്റു പ്രതികളും ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ സ്റ്റേഷനില്‍ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതു വ്യക്തമാണ്.
ദിവസങ്ങള്‍ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം. രാജ്കുമാറിന്റെ അമ്മയും ഭാര്യയും മക്കളും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്കു കൈമാറിയത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."