ദുര്‍ഗാപൂജയുടെ സമയം മാറ്റില്ല, വേണമെങ്കില്‍ മുഹര്‍റം ഘോഷയാത്രയുടെ സമയം മാറ്റിക്കോളൂ
കൊല്‍ക്കത്ത: വര്‍ഗീയപ്രസംഗവുമായി വീണ്ടും ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ദുര്‍ഗാപൂജയുടെ സമയം മാറ്റില്ലെന്നും വേണമെങ്കില്‍ മുഹര്‍റം ഘോഷയാത്രയുടെ സമയം മാറ്റിക്കോളൂവെന്നുമായിരുന്നു യോഗിയുടെ ഇന്നലത്തെ വര്‍ഗീയ പ്രസംഗം.
രാജ്യം മുഴുവനും ദുര്‍ഗാപൂജയും മുഹര്‍റവും ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. ഉത്തര്‍പ്രദേശില്‍ ഓഫിസര്‍മാര്‍ എന്നോട് ചോദിച്ചു ദുര്‍ഗാ പൂജയുടെ സമയക്രമം മാറ്റാനാകുമോ എന്ന്. പൂജയുടെ സമയക്രമം മാറ്റാനാകില്ലെന്ന് ഞാന്‍ പറഞ്ഞു.
നിങ്ങള്‍ക്ക് സമയത്തില്‍ മാറ്റംവരുത്തണമെങ്കില്‍ മുഹര്‍റം ഘോഷയാത്രയുടെ സമയം മാറ്റിക്കോളൂ എന്നാണ് ഞാന്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മറുപടി- യോഗി പറഞ്ഞു. പശ്ചിമബംഗാളിലെ ബറാസത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. ഈവര്‍ഷത്തെ മുഹര്‍റവും ദുര്‍ഗാപൂജയും ഒരേ ദിവസമായതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗിയുടെ പ്രസംഗം. മുഹര്‍റം ഘോഷയാത്രക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ അതവരുടെ അവസാന ഘോഷയാത്രയായിരിക്കുമെന്നും യോഗി ഭീഷണിമുഴക്കി.
ഭീകരസംഘടനയായ ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായും അദ്ദേഹം മമതയെ താരതമ്യം ചെയ്തു. ബഗ്ദാദിയില്‍ ആകൃഷ്ടയായ മമത, അവരുടെ നയം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്തിവരുന്ന തെരഞ്ഞെടുപ്പ് പരിപാടികള്‍ക്കിടെ പരക്കെ സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തില്‍കൂടിയാണ് യോഗിയുടെ പ്രസംഗം.
അതേസമയം, കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം യോഗി ആദിത്യനാഥിന്റെ ആരാധകന്‍ തടസ്സപ്പെടുത്തി.
നചികേത എന്ന മഹാരാഷ്ട്ര സ്വദേശിയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് കടന്നുകയറി വാര്‍ത്താസമ്മേളനം തടസപെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവം. വാര്‍ത്താസമ്മേളനത്തിനിടെ യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരായ അജയ്‌സിങ് ബിഷ്ട് എന്ന് വിളിച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഇതോടെ ഈ വിശേഷണം ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ യുവാവ് വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചു ദേശീയപതാകയുമായി ഹാളിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."